കാൽനടയായി പത്രവിതരണം നടത്തുന്ന അജിത്കുമാർ
നെയ്യാറ്റിൻകര: കഴിഞ്ഞ പതിനേഴ് വര്‍ഷങ്ങളായ മുടക്കം കൂടാതെ കാൽനടയായി പത്രം വിതരണം ചെയ്യുന്ന യുവാവാണ് ഡി അജിത്കുമാർ. നെയ്യാറ്റിൻകര കവളാകുളം കീഴ്ത്തലക്കുടി എ എസ് ഭവനിൽ താമസക്കാരനാണ് അജിത്ത്. ടി ഇ സന്ധ്യ ഭാര്യയും അഭി ആനി എന്നിവർ മക്കളുമാണ്.
പെരുമഴയും പൊരിവെയിലും പത്രവിതരണത്തിൽ തടസമാകാറില്ല. സൈക്കിളിലും സ്കൂട്ടറിലും ബൈക്കിലുമൊക്കെ ദിനപത്രങ്ങള്‍ വീടുകളില്‍ വിതരണം ചെയ്യുന്ന ഇക്കാലത്തും കാല്‍നടയായാണ് അജിത്തിൻ്റെ പത്രവിതരണം.
ദീപികയുടെയും സായാഹ്നപത്രമായ രാഷ്ട്രദീപികയുടെയും ഏജന്‍റാണ് അജിത്കുമാര്‍. ഈ കര്‍മമേഖലയില്‍ രംഗപ്രവേശം ചെയ്ത കൗമാരകാലത്ത് ദിവസവും രാവിലെയും വൈകുന്നേരവുമായി അജിത് വളരെയേറെ കാതങ്ങള്‍ നടന്നു കഴിഞ്ഞിരിക്കുന്നു. കാല്‍മുട്ടു വേദനയും ശാരീരികാസ്വസ്ഥതകളുമൊക്കെ വിസ്മരിച്ച് മാന്യ വായനക്കാര്‍ക്ക് പത്രം കൃത്യമായി എത്തിച് ഉപജീവന മാര്‍ഗം ഭംഗിയായി നിര്‍വഹിക്കുന്നു. പുലര്‍ച്ചെ ഇരുള്‍ വീണ വഴിയിലൂടെ പത്രക്കെട്ടിനായി പോയിരുന്നത് ചൂട്ടു കത്തിച്ച്. ക്രമേണ ചൂട്ടിനു പകരം ടോര്‍ച്ചും മൊബൈല്‍ ഫോണുമായി. നടത്തയുടെ ദൂരപരിധിക്ക് ഇപ്പോള്‍ വ്യതിയാനം വന്നിട്ടുണ്ടെങ്കിലും കൈയിലൊരു കെട്ട് വര്‍ത്തമാനപത്രവുമായി അജിത് വായനക്കാര്‍ക്ക് അരികിലെത്തുന്നു. എണ്ണിയാല്‍ തീരാത്ത വരുമാനമോ അത്യാഹ്ളാദം പകരുന്ന ആനുകൂല്യങ്ങളോ അജിത് ഉള്‍പ്പെടുന്ന ഏജന്‍റ് സമൂഹത്തിന് ഒരുപക്ഷെ, സ്വപ്നങ്ങളായിരിക്കാം. എങ്കിലും ജീവിതത്തിലെ പ്രതിസന്ധികളെ ആവുംവിധം തരണം ചെയ്ത്, കുടുംബത്തെ പരമാവധി നന്നായി പോറ്റുന്നു അജിത്ത്.
പത്രവിതരണം കഴിഞ്ഞുള്ള സമയം വീട്ടുവളപ്പിൽ കൃഷി ചെയ്യാനും അജിത്ത് സമയം കണ്ടെത്തുന്നു.