വിഷു കൈനീട്ടമായി ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍കടകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസി ഊരുകളിലേക്ക് വിഷു കൈനീട്ടമായി സഞ്ചരിക്കുന്ന റേഷന്‍ കടകളിലൂടെ ഭക്ഷ്യ ധാന്യങ്ങള്‍ വിടുകളില്‍ എത്തിച്ചു നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം കാട്ടാക്കട താലൂക്കിലെ അമ്പൂരി പഞ്ചായത്തിലെ പുരവിമല ആദിവാസി ഊരില്‍ വച്ച് ഏപ്രില്‍ 14ന് ഉച്ചയ്ക്ക് 2 മണിക്ക് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വ്വഹിക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കം ഉത്സവദിനങ്ങള്‍ അല്ലലില്ലാതെ സമൃദ്ധമായി ആഘോഷിക്കുവാന്‍ കഴിയണം എന്ന കാഴ്ചപ്പാടാണ് ഇടതു സര്‍ക്കാരിനുള്ളത്. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്ത് സഞ്ചരിക്കുന്ന റേഷന്‍കടകള്‍ എന്ന പദ്ധതി ആഘോഷ നാളുകളില്‍ ആരംഭിച്ചിട്ടുള്ളത്. ഈ പദ്ധതിയുടെ ഭാഗമായി അമ്പൂരി പഞ്ചായത്തിലെ പുരവിമല, തെന്‍മല, കണ്ണമാംമൂട് എന്നീ ആദിവാസി ഊരുകളിലെ 183 കുടുംബങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ നേരിട്ട് എത്തിച്ച് നല്‍കുന്നു. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പിന്നോക്ക വിഭാഗം ജനങ്ങള്‍ അധിവസിക്കുന്ന മേഖലകളില്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്ന റേഷൻകടകള്‍ വ്യാപിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.