നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ആനവണ്ടി വിനോദ യാത്രാ പദ്ധതിക്ക് പുതിയ മുഖം.കെ.എസ്.ആർ.ടി.സിയുടെ പുതിയ സംരംഭമായ കെ - സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ ബി- സിക്സ് ശൃംഖലയിലുള്ള എയർ കണ്ടീഷൻ ബസാണ് നെയ്യാറ്റിൻകരയിൽ നിന്നും കൊച്ചിയിലേക്കുള്ള അറബിക്കടൽ കപ്പൽ യാത്രാപരിപാടിക്കായി ഓപ്പറേറ്റ് ചെയ്തത്. കെ - സ്വിഫ്റ്റ് ബസ് ഉപയോഗിച്ചുള്ള വിനോദ യാത്രാ പദ്ധതി സംസ്ഥാനത്ത് ആദ്യമായി നെയ്യാറ്റിൻകര യൂണിറ്റിലാണ് നടപ്പിലാക്കിയത്. നെയ്യാറ്റിൻകര - കൊച്ചി സ്വിഫ്റ്റ് വിനോദയാത്രയുടെ ഫ്ലാഗ് ഓഫ് ബജറ്റ് ടൂറിസം സ്റ്റേറ്റ് ഓഫീസർ സാം ജേക്കബ്ബ് ലോപ്പസ് നിർവ്വഹിച്ചു. ചടങ്ങിൽ എ.ടി. ഒ. മുഹമ്മദ് ബഷീർ, ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ടി.ഐ. സതീഷ് കുമാർ, ടൂർ കോ - ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത്, ചാർജ്മാൻ എസ്.ബിജു, സനൽകുമാർ, സാബു കുമാർ തുടങ്ങിയവർ സംസാരിച്ചു. കെ സ്വിഫ്റ്റിന്റെ പുതിയ ബസിൽ ചാർജിംഗ് സിസ്റ്റം, എൽ.ഇ.ഡി. മിനി തീയേറ്റർ, കോൺഫറൻസ് മൈക്ക് സിസ്റ്റം ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. രണ്ട് എ.സി. സ്വിഫ്റ്റ് ബസുകളിലുമായി എൺപത്തിമൂന്ന് യാത്രക്കാരാണ് കൊച്ചിയിൽ എത്തി അറബിക്കടലിൽ അഞ്ചര മണിക്കൂർ കപ്പൽ യാത്ര നടത്തിയത്. ആറ്റിങ്ങൽ സ്വദേശി റിട്ട. അധ്യാപകൻ രാജ്കുമാർ ,സോജ, കുരുന്ന് മിടുക്കി കൃഷ്ണപ്രിയ ,സി ഹകരണ വകുപ്പ് ജീവനക്കാരി സവിത എന്നിവർ ബസ് യാത്രയിലെ വിവിധ വിനോദ പരിപാടികൾക്ക് നേതൃത്വം നൽകി. മേയ് 13, 14 തീയതികളിൽ നെയ്യാറ്റിൻകരയിൽ നിന്ന് മൂന്നാറിലേക്ക് സ്വിഫ്റ്റ് ബസ് ടൂർ ഉണ്ടായിരിക്കും. നെയ്യാറ്റിൻകരയിലെ വിനോദ യാത്രാ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾക്കും ബുക്കിംഗിനും 98460 67232 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്