സംസ്ഥാനത്ത് കെ-സ്റ്റോറുകള്‍ ആരംഭിക്കും: ജിആര്‍.അനില്‍
തിരുവനന്തപുരം:ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ഗ്രാമീണ മേഖലയില്‍ തെരഞ്ഞെടുക്കപ്പെട്ട 1000 റേഷന്‍കടകളെ കെ-സ്റ്റോറായി ഉയർത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ പ്രഖ്യാപിച്ചു.
ശബരി ഉല്പന്നങ്ങള്‍, ബാങ്കിംഗ് സേവനം (5000/- രൂപ വരെ), യൂട്ടിലിറ്റി സര്‍വ്വീസ്, ബില്‍ പേമെന്റ്, ഇ-സേവനങ്ങള്‍, മില്‍മാ ഉല്‍പ്പന്നങ്ങള്‍, കുക്കിംഗ് ഗ്യാസ് എന്നീ സാധനങ്ങളും സേവനങ്ങളും കെ-സ്റ്റോറുകളിലൂടെ ലഭ്യമാക്കുന്നതാണ്.
ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അടുത്ത മാസം ഇതിന്റെ പ്രവര്‍ത്തനോത്ഘാടനം നടത്തുമെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആദ്യപടി എന്ന നിലയില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും ഓരോ കടകള്‍ വീതം ഇത്തരം സേവങ്ങള്‍ നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്തിട്ടുണ്ട്. ക്രമേണ 1000 റേഷന്‍കടകളില്‍ ഈ പദ്ധതി നടപ്പിലാക്കും. സംസ്ഥാന പൊതുവിതരണ വകുപ്പ് രൂപീകൃതമായിട്ട് 60 വര്‍ഷം പൂര്‍ത്തിയാവുകയാണ്. കഴിഞ്ഞുപോയ 6 പതിറ്റാണ്ട്കാലം കേരളത്തിന്റെ ഭക്ഷ്യ ഭദ്രത സംരക്ഷിക്കുന്നതിന് പൊതുവിതരണ വകുപ്പിന് സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പുതിയ ജനക്ഷേമപരിപാടികള്‍ നടപ്പിലാക്കി നല്ല മാറ്റങ്ങളുടെ പുതിയ കാലം സൃഷ്ടിച്ചിരിക്കുകയാണ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്. 93 ലക്ഷം റേഷന്‍കാര്‍ഡുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 2013-ലെ ഭക്ഷ്യ ഭദ്രതാ നിയമം അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ ആദ്യം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം.
ഉല്പാദനമേഖലകളെന്ന് നമ്മള്‍ കാണുന്ന സംസ്ഥാനങ്ങളില്‍പ്പോലും കേരളത്തിലേതുപോലെ സുശക്തമായ പൊതുവിതരണ സമ്പ്രദായം ഇല്ലെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ക്ക് അത് തിരിച്ചേല്പിക്കാന്‍ അവസരം നല്‍കി. പിഴയും ശിക്ഷയും ഒന്നുമില്ലാതെ 1,72,312 കാര്‍ഡുകള്‍ തിരിച്ചേല്പിച്ചു. ഇതില്‍ 1,53,242 മുന്‍ഗണനാ കാര്‍ഡുകള്‍ അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കി.
കൂടാതെ സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉൾപ്പെടുത്തി ഒരു ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ കൂടി അനുവദിച്ചു.
അങ്ങനെ ഒരു വര്‍ഷത്തിനകം 2,14,274 പുതിയ റേഷന്‍ കാര്‍ഡുകള്‍ അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കി.
കഴിഞ്ഞ ഒരു വര്‍ഷം 23,29,632 അപേക്ഷകള്‍ വിവിധ സേവനങ്ങള്‍ക്കു വേണ്ടി ഭക്ഷ്യ വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ ലഭിച്ചു. ഇതില്‍ 22,87,274 അപേക്ഷകള്‍ തീര്‍പ്പാക്കി.
ഇത് വലിയ നേട്ടമാണെന്നും ഈ ലക്ഷ്യം കൈവരിക്കാന്‍ പ്രയത്നിച്ച ഭക്ഷ്യ വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.
കേരളത്തില്‍ 96.70% കാര്‍ഡുടമകള്‍ ആധാര്‍ സീഡിംഗ് നടത്തി. കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും ലഭ്യമാക്കിയിരുന്ന ഗോതമ്പ് വിഹിതം അടുത്ത മാസം മുതല്‍ നിര്‍ത്തലാക്കിയിരിക്കയാണ്. ഇത് വിപണിയില്‍ ഭക്ഷ്യ ലഭ്യതയ്ക്ക് കുറവുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും നല്കി വന്നിരുന്ന മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. വിലക്കയറ്റം തടയുന്നതിന് ശക്തമായ വിപണി ഇടപെടലാണ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നടത്തുന്നത്. കേന്ദ്രഗവണ്‍മെന്റ് സംസ്ഥാനത്തോടു കാണിക്കുന്ന വിവേചനപരമായ നടപടി അവസാനിപ്പിച്ച് കേരളത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
റേഷന്‍കാര്‍ഡ് എ.ടി.എം. മാതൃകയിലാക്കിയതിലൂടെ ജനങ്ങള്‍ക്ക് പോക്കറ്റില്‍ സൂക്ഷിക്കുന്നതിനും ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സാധിക്കുന്നതാണ്.
ഭക്ഷ്യ-പൊതുവിതരണ വകുപ്പില്‍ ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയതിലൂടെ ജനങ്ങള്‍ക്ക് റേഷന്‍ സംവിധാനത്തില്‍ കൂടുതല്‍ താല്പര്യവും വിശ്വാസവും നേടിയെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്.
വജ്രജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് 2022 മെയ് 28 മുതല്‍ 2023 മെയ് 28 വരെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് തയ്യാറാക്കിയിട്ടുള്ളത്.
വജ്രജൂബിലി ലോഗോ പ്രകാശനം, വജ്രജൂബിലി ഔദ്യോഗികഗാനം റിലീസ്, മികച്ച ഓഫീസുകള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കുമുള്ള അവാര്‍ഡ് പ്രഖ്യാപനം, മുതിര്‍ന്ന റേഷന്‍ലൈസന്‍സികള്‍ക്കുള്ള പുരസ്കാര പ്രഖ്യാപനം, മെയ് 28 സിവില്‍ സപ്ലൈസ് ദിനമായി ആചരിക്കുന്നതിന്റെ പ്രഖ്യാപനം, വനിതകള്‍ക്കായുള്ള വീഡിയോ മത്സര പ്രഖ്യാപനം എന്നീ പരിപാടികള്‍ ഇതോടൊപ്പം നടന്നു.
2021-22 ലെ മികച്ച ജില്ലാ സപ്ലൈ ഓഫീസായി ആലപ്പുഴയും, മികച്ച ജില്ലാ സപ്ലൈ ഓഫീസറായി ആലപ്പുഴ ജില്ലാ ഓഫീസര്‍ ശ്രീമതി.എം.എസ്. ബീനയെയും, മികച്ച താലൂക്ക് സപ്ലൈ ഓഫീസായി മല്ലപ്പള്ളിയും, മികച്ച താലൂക്ക് സപ്ലൈ ഓഫീസറായി ഉടുമ്പന്‍ചോല സപ്ലൈ ഓഫീസര്‍ ശ്രീ.ടി.സഹീറിനെയും മികച്ച റേഷനിംഗ് ഇന്‍സ്പെക്ടറായി പെരിന്തല്‍മണ്ണ റേഷനിംഗ് ഇന്‍സ്പെക്ടർ ശ്രീ.സതീഷ്.എസ്.-നെയും തെരഞ്ഞെടുത്തു.