നെയ്യാറ്റിൻകര കോമളം 93 ൻ്റെ നിറവിൽ
തിരുവനന്തപുരം: മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേം നസീറിൻ്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളത്തിന് 93 വയസ്. നെയ്യാറ്റിൻകര കോമളം നസീറിൻ്റെ ആദ്യനായിക ആയിരുന്നുവെന്ന് ഇന്നും പലർക്കും അറിയില്ല. കോമളത്തിൻ്റെ മൂന്നാമത്തെ സിനിമയായ മരുമകളിലാണ് നസീർ ആദ്യമായി അഭിനയിക്കുന്നത്.
നെയ്യാറ്റിൻകര മരുത്തൂർ കോവിച്ചൻവിള രവി മന്ദിരത്തിൽ പങ്കജാക്ഷമേനോൻ്റെയും കുഞ്ഞി അമ്മയുടെയും ഏഴ് മക്കളിൽ അഞ്ചാമത്തെ പുത്രിയാണ് നെയ്യാറ്റിൻകര കോമളം എന്ന കോമള മേനോൻ. യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച കോമളം തികച്ചും അവിചാരിതമായാണ് അഭിനയരംഗത്തെത്തുന്നത്.
ആദ്യകാല ചിത്രം
നെയ്യാറ്റിൻകര സെൻ്റ് തെരേസാസ് കോൺവെന്റിൽ നിന്ന് ഇ എ എൽ സി കഴിഞ്ഞു നില്ക്കുന്ന സമയമായിരുന്നുവെന്ന് നെയ്യാറ്റിൻകര കോമളം ഓർക്കുന്നു. നെയ്യാറ്റിൻകരയിലെ കൃഷ്ണ ടാക്കീസ് മാനേജരായിരുന്ന സഹോദരീ ഭർത്താവ് അഭിനയരംഗം തിരഞ്ഞെടുക്കാൻ നിരന്തരം പ്രേരിപ്പിച്ചിരുന്നു. യാഥാസ്ഥി തികരുടെ എതിർപ്പ് ഒരു വശത്ത് മറുവശത്ത് അഭിനയിക്കാനുള്ള മോഹവും. എന്തു തിരഞ്ഞെടുക്കണം എന്നറിയാതെ ഞാൻ കുഴങ്ങി. അഞ്ചുവയ സ്സുള്ളപ്പോൾ അച്ഛൻ മരിച്ചതിനാൽ അമ്മാവന്മാരുടെ നിയന്ത്രണത്തിലായിരുന്നു കുടുംബം. ഒടുവിൽ അഭിനയിക്കാമെന്നു തീരുമാനവുമെടുത്തു. ഇതിനിടയിൽ 'നല്ല തങ്ക' എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കാൻ ക്ഷണം ലഭിച്ചുവെങ്കിലും
കുടുംബപരമായ കാരണങ്ങളാൽ അതിനു കഴിഞ്ഞില്ല. ഇതിനു വേണ്ടി ഉദയാ സ്റ്റുഡിയോയിൽ എത്തി സ്റ്റിൽസുകളെടുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ആദ്യ ചിത്രമായ 'വനമാല'യിലേക്ക് ഓഫർ ലഭിക്കുന്നത്. വരുന്നതു വരട്ടെയെന്നു കരുതി അഭിനയിക്കാമെന്ന് ഉറപ്പും കൊടുത്തു എന്ന് കോമളം പറഞ്ഞു.
1950-ൽ പുറത്തിറങ്ങിയ 'വനമാല'യുടെ സംവിധായകൻ പി.എ. തോമസായിരുന്നു. ഒരു ജമീന്ദാരുടെ കുടുംബത്തിൽ ദു: ഖങ്ങളൊതുക്കി കഴിഞ്ഞുകൂടുന്ന കഥാപാത്രമായിരുന്നു ചിത്രത്തിലേത്. ചിത്രം വിജയമായിരുന്നില്ലെങ്കിലും 'മാല' എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ജോസഫ് തളിയത്ത് ജൂനിയർ സംവിധാനം ചെയ്ത 'ആത്മശാന്തി ' എന്ന ചിത്രത്തിലേയ്ക്ക് ക്ഷണം ലഭിച്ചു.
തമിഴിലും മലയാളത്തിലുമായി ഒരേ സമയം നിർമിച്ച ആത്മശാന്തിയിൽ വഞ്ചിയൂർ മാധവൻ നായർ നായകനും മിസ് കുമാരി നായികയുമായിരുന്നു. എൻ പി ചെല്ലപ്പൻ നായരുടെ 'ശശികല' എന്ന കഥയെ ആസ്പദമാക്കി നിർമിച്ച ചിത്രത്തിൽ നായികയുടെ അനുജത്തിയായ ശാരദ എന്ന കഥാപാത്രമായിരുന്നു നെയ്യാറ്റിൻകര കോമളത്തിന് കിട്ടിയത്. കഴമ്പുള്ള കഥയായിരുന്നതിനാൽ ചിത്രം നന്നായി ഓടി. ഇതോടെ സിനിമാ ജീവിതത്തിനു തിരക്കേറി. ഇതിനുശേഷമാണ് പ്രേം നസീറിന്റെ ആദ്യ നായികയാകാനുള്ള ഭാഗ്യം ലഭിച്ചത്.
'മരുമകൾ' എന്ന സിനിമയുടെ പ്രമേയം കുടുംബത്തിലെ ശൈഥില്യങ്ങളായിരുന്നു. സേലത്തുവെച്ച് ഷൂട്ടിങ്ങിനായി എത്തിയപ്പോഴാണ് അബ്ദുൾ ഖാദർ എന്ന പ്രേംനസീറിനെ നേരിട്ടു കാണുന്നത്. അന്ന് പ്രേംനസീറിന് 21 വയസ്സ് മാത്രമായിരുന്നു പ്രായം. പൊടിമീശയും വെച്ച് ചിരിയുമായി ക്യത്യസമയത്ത് എത്തിയ നസീർ ആദ്യം കണ്ടമാത്രയിൽ അ ടുത്തുവന്ന് പരിചയപ്പെട്ടു.
ജനയുഗം റിപ്പോർട്ടർ വി എസ് സജീവ്കുമാർ അഭിമുഖം എടുക്കുന്നു
സെറ്റിൽ പ്രേംനസീർ അധികമാരോടും സംസാരിക്കാറില്ല. എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയും. ഇരുപതു ദിവസത്തെ സേലത്തെ ഷൂട്ടിങ് മറക്കാനാവാത്ത അനുഭവമായിരുന്നു എന്ന് കോമളം പറയുന്നു. മരുമകളിനു ശേഷം എഫ് നാഗൂർ തമിഴിലും മലയാളത്തിലും തെലുങ്കിലുമായി സംവിധാനം ചെയ്ത 'സന്ദേഹം ' എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു. എന്നാൽ ചിത്രം പരാജയപ്പെട്ടു. അതിനുശേഷം പതിനാറു വയസ്സിനു താഴെയുള്ള യുവാക്കൾ നിർമിച്ച ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രമായ 'ന്യൂസ് പേപ്പർ ബോയ്'യിലേക്ക് ക്ഷണം ലഭിച്ചു. പി രാംദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ നാഗവള്ളി ആർ.എസ്. കുറുപ്പിന്റെ മകളായ കല്യാണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചിത്രത്തിൽ സ്വന്തം ജീവിതം തന്നെ വരച്ചുകാട്ടിയ നെയ്യാറ്റിൻകര കോമളത്തിനു പുതിയ തിരിച്ചറിവുകളും ചലച്ചിത്രം നൽകി. ഇതേ തുടർന്ന് വീട്ടുകാരുടെ എതിർപ്പ് ശക്തമായതോടെ അഭിനയ രംഗത്തുനിന്നും എന്നെന്നേക്കുമായി വിടവാങ്ങി. മെരിലാൻഡ് അടക്കം നിരവധി പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനികളിൽ നിന്നും ഓഫർ ലഭിച്ചെങ്കി ലും അതെല്ലാം വേണ്ടെന്നു വെക്കുകയായിരുന്നു.
പ്രേംനസീറിനെ പരിചയപ്പെടാൻ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി കരുതുന്ന കോമളം അവരുടെ അടുപ്പം വ്യക്തമാക്കുന്ന ഒരു സംഭവം വിവരിച്ചു.
'മരുമകൾ' എന്ന ചിത്രത്തിൽ മാത്രമേ നസീറുമൊത്ത് ഒന്നിച്ചഭിനയിച്ചിട്ടുള്ളൂ. അതിനുശേഷം തമ്മിൽ കണ്ടിട്ടേയില്ല. എന്നാൽ മുപ്പതു വർഷത്തിനുശേഷം നെയ്യാറ്റിൻകര കോമളം, സിനി ആർട്ടിസ്റ്റ്, നെയ്യാറ്റിൻകര എന്ന വിലാസത്തിൽ ഒരു കത്ത് കോളത്തിനു ലഭിച്ചു. പ്രേംനസീറിന്റെ ഇളയ മകനായ ഷാനവാസിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായുള്ള ക്ഷണക്കത്തായിരുന്നു അത്. നിത്യഹരിത നായകൻ കൈപ്പടയിലെഴുതിയ കത്തിൽ വിവാഹത്തിനു തീർച്ചയായും വരണമെന്നും എഴുതിയിരുന്നു.
കത്ത് കിട്ടിയപ്പോൾ ആശ്ചര്യപ്പെട്ടു. ചുരുങ്ങിയ ദിവസത്തെ പരിചയം മാത്രമാ ണുണ്ടായിരുന്നതെങ്കിലും പ്രേംനസീർ തന്നെ മറക്കാത്തത് അത്ഭുതമുളവാക്കി. പ്രേംനസീ റാണെങ്കിൽ അക്കാലത്ത് നായക നിരയിൽ ജ്വലിച്ചു നില്ക്കുന്ന കാലം. എന്തായാലും വിവാഹത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു.വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ വെച്ചാ യിരുന്നു വിവാഹം. ഒരു ഓട്ടോയിൽ അവിടെയെത്തിയപ്പോൾ ആകെ ജന സമുദ്രം ഹാളിനുള്ളിൽ താരങ്ങളുടെ നീണ്ട നിര. പുറത്ത് അവരെ കാണാൻ ആകാംക്ഷയോടെ കാത്തുനില്ക്കുന്ന ആരാധകർ. തിരക്കിനിടയിൽ ഗേറ്റ് കടന്ന് ഹാളിന്റെ ഒരു അരികിലെത്തി. ദൂരെനിന്നുതന്നെ ഇത് കണ്ട പ്രേം നസീർ ഓടി അടുത്തെത്തി. ഭാര്യയുടെയും ഷാനവാസിന്റെയും അരികിലേക്ക് കൂട്ടി കൊണ്ടുപോയി. 'ഇതെന്റെ ആദ്യ നായികയാണെന്നു' പറഞ്ഞ് എല്ലാവർക്കും പരിചയപ്പെടുത്തി. വിവാഹശേഷം ഗേറ്റുവരെ വന്ന് യാത്രയാക്കിയശേഷമാണ് പ്രേം നസീർ മടങ്ങിയത്. പ്രേംനസീറിന്റെ ഓർമയ്ക്കായി നെയ്യാറ്റിൻകര കോമളം ആ ക്ഷണക്കത്ത് ഇന്നും നിധി പോലെ സൂക്ഷിക്കുകയാണ്. ഒരു ചിത്രത്തിൽ മാത്രമേ ഒന്നിച്ചഭിനയിക്കാൻ കഴിഞ്ഞുള്ളൂ എങ്കിലും ചുരുങ്ങിയ സമയം നസീറെന്ന വ്യക്തിയെ തനിക്കു മനസിലാക്കാൻ കഴിഞ്ഞെന്നു വിലയിരുത്തുന്ന കോമളത്തിനു നിത്യഹരിത നായകന്റെ വേർപാട് ഇന്നും നീറുന്ന ഓർമയാണ്.
ജീവിതത്തിലും അതേ വേഷം തന്നെ അണിയേണ്ടിവന്നു. 21-ാം വയസ്സിൽ ചലച്ചിത്ര ലോകത്ത് അറിയപ്പെടുന്ന താരമായി നില്ക്കുമ്പോൾ അഭിനയ ജീവിതത്തോട് എന്നെന്നേ ക്കുമായി യാത്രാമൊഴി ചൊല്ലി. തുടർന്ന് നീണ്ട പതിനാലു വർഷം വീട്ടിൽ മാത്രമായി ഒതുങ്ങിക്കൂടി. 35-ാം വയസ്സിൽ വീട്ടുകാരുടെ കടുത്ത നിർബന്ധത്തിനു വഴങ്ങി അച്ഛൻ്റെ അനന്തിരവനായ ചന്ദ്ര ശേഖരനെ വിവാഹം കഴിച്ചു. എട്ടു വർഷം മാത്രം നീണ്ട ദാമ്പത്യത്തിനൊടുവിൽ മരണം ചന്ദ്രശേഖരനെ കവർന്നെടുത്തു.