അപകടകെണിയൊരുക്കി നെയ്യാറ്റിൻകര മരുത്തൂർപാലം
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ടൗൺ പ്രദേശത്തെ നാഷണൽ ഹൈവെയും ഇടുങ്ങിയ പാലവും അപകടം വിളിച്ചു വരുത്തുന്നു. വാഹന അപകടത്തിൽപ്പെട്ട് നിരവധി പേരാണ് അടുത്ത കാലത്ത് മരിച്ചത്. തിരക്കേറിയ ദേശീയപാതയിൽ നെയ്യാറ്റിൻകര ടിബി ജംഗ്ഷന് സമീപത്തുള്ള ഇടുങ്ങിയ മരുത്തൂർപാലം കാൽനടയാത്രക്കാർക്കും വാഹയാത്രക്കാർക്കും ഒരുപോലെ ഭീക്ഷണിയാണ്. ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കടന്ന് പോകുന്ന തിരക്കേറിയ ദേശിയ പാതയിൽ വരുന്ന ഇടുങ്ങിയ പാലമാണിത്.
എട്ട് മീറ്റർ വീതി മാത്രമുള്ള മരുത്തൂർപാലം വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീക്ഷണിയുയർത്തുന്നു. ബസ് പോലുള്ള വലിയ വാഹനങ്ങൾ കടന്ന് പോകുന്ന സമയത്ത് വേറെ ചെറിയ വാഹനങ്ങൾക്കോ യാത്രക്കാർക്കോ കടന്ന് പോകാൻ കഴിയില്ല. അതിനാൽ ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവങ്ങളാണ്. മരണ മുൾപ്പെടെ നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. മഴക്കാലത്ത് വാഹനങ്ങളുൾപ്പെടെ നിരവധി കാൽനടയാത്രക്കാർക്കും അപകടം സംഭവിക്കുന്നത് നിത്യസംഭവമായി മാറുകയാണ്. നൂറ് വർഷത്തിലേറെ പഴക്കമുള്ള പാലം ഇപ്പോൾ അപകടാവസ്ഥയിലുമാണ്. രാജാവിൻ്റെ കാലത്ത് നിർമ്മിച്ചതാണ് ഈ പാലം. കരിങ്കല്ലും കുമ്മായവും ഉപയോഗിച്ച് നിർമ്മിച്ച പാലത്തിൻ്റെ കൈവരികൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയത് അല്ലാതെ വേറെ ഒരു ബലപ്പെടുത്തൽ ജോലിയും നടത്തിയിട്ടില്ല. വളവിലായി വരുന്ന ഈ പാലത്തിൻ്റെ ഇരുവശങ്ങളിലും ചെടികൾ വളർന്ന് കിടക്കുന്നതിനാൽ പാലത്തിൻ്റെ വീതി കുറവ് രാത്രി സമയത്ത് വാഹനയാത്രക്കാർക്ക് മനസ്സിലാക്കാൻ കഴിയാറില്ല. രണ്ട് ചെറിയ അപകട സൂചികളല്ലാതെ വേറെ ഒരു അപായ അടയാളങ്ങളോ ഹംബുകളോ ഇല്ല. അതിനാൽ അമിത വേഗത്തിൽ ഇറക്കം ഇങ്ങി വരുന്ന വാഹനങ്ങൾ അതേ വേഗത്തിൽ പാലം കടക്കുമ്പോഴാണ് അപകടം സംഭവിക്കുന്നത്. നിരവധി വാഹനങ്ങൾ കൈവരി തകർത്ത് തോട്ടിലേയ്ക്ക് വീണിട്ടുണ്ട്. അപകടത്തിൽപ്പെട്ട പലരും മരിച്ചിട്ടുമുണ്ട്.
ഈ പാലത്തിനു ഇരുവശത്തുമായി കാൽനടയാത്രക്കാർക്കായി നടപ്പാലം നിർമ്മിച്ച് നൽകണമെന്ന് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയതായി നാട്ടുകാർ പറഞ്ഞു. വശങ്ങളിലുമായുള്ള നടപ്പാല നിർമ്മാണത്തിലൂടെ മാത്രമേ ഈ പ്രശ്നം താൽകാലികമായെങ്കിലും പരിഹരിയ്ക്കാൻ കഴിയുകയുള്ളൂ എന്നതാണ് അപകടങ്ങൾ കണ്ട് മടുത്ത നാട്ടുകാർക്ക് പറയാനുള്ളത്.