സമുദ്ര സഞ്ചാര ദിനത്തിൽ കെ.എസ്.ആർ.ടി.സിയുടെ കപ്പൽ യാത്ര
നെയ്യാറ്റിൻകര: ലോക സമുദ്ര സഞ്ചാര ദിനത്തിൽ യാത്രാ പ്രേമികൾക്കായി കെ.എസ്.ആർ.ടി.സി ഒരുക്കിയ ആഡംബരക്കപ്പൽ യാത്ര വേറിട്ട അനുഭവമായി. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നും ശീതീകരിച്ച കെ.എസ്.ആർ.ടി.സി. ബസിൽ പുറപ്പെട്ട യാത്ര കൊച്ചിയിൽ എത്തിച്ചേർന്ന ശേഷം ബോൾഗാട്ടി ജെട്ടിയിൽ നിന്നാണ് നെഫർറ്റിറ്റി എന്ന കപ്പലിൽ അറബിക്കടലിലൂടെയുള്ള യാത്ര ഒരുക്കിയത്. കേരള ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷനുമായി സഹകരിച്ചാണ് സമുദ്ര സഞ്ചാര ദിനത്തിൽ ആനവണ്ടി യാത്രാ പ്രേമികൾ കടൽ യാത്ര ഒരുക്കിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നാൽപ്പത് പേരടങ്ങിയ സംഘത്തിന്റെ കടൽയാത്ര ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ടി.ഐ. സതീഷ്കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. കപ്പൽ യാത്രക്ക് കോ - ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത്, എ.ആർ. അനീഷ് കുമാർ ,ശ്രീജിത്,മുരളി കുമാരി , ബൈജു, ഉഷ, ഭാസുരാംഗി, അഡ്വ. അജിത് കുമാർ ,രമാദേവി, ഷൈലജ തുടങ്ങിയവർ നേതൃത്വം നൽകി. കൊച്ചിയിൽ ക്രൂയിസ് പ്രോഗ്രാം കോ- ഓർഡിനേറ്റർ അനൂബിന്റെ നേതൃത്വത്തിൽ സംഘാംഗങ്ങളെ സ്വീകരിച്ചു. ഒക്ടോ. അഞ്ചിനും നവംബർ ആദ്യവാരത്തിലും നെയ്യാറ്റിൻകരയിൽ നിന്ന് നെഫർറ്റിറ്റി കപ്പൽ യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്.