ആനവണ്ടിക്കൊപ്പം നഗരം ചുറ്റി ഉല്ലാസപ്പറവകൾ

 ആനവണ്ടിക്കൊപ്പം നഗരം ചുറ്റി ഉല്ലാസപ്പറവകൾ

നെയ്യാറ്റിൻകര: പ്രിയപ്പെട്ടവർക്കൊപ്പം ആനവണ്ടിയിൽ അനന്തപുരി കാണാനിറങ്ങിയ കുരുന്നുകൾ ആഹ്ലാദത്തിമിർപ്പിൽ ആറാടിയ നിമിഷങ്ങൾ ഏവരിലും ആവേശം ജനിപ്പിച്ചു. *നെയ്യാറ്റിൻകരയിലെ വിവിധ പൊതുവിദ്യാലയങ്ങളിലെ 32 ഭിന്നശേഷി വിദ്യാർത്ഥികളും രക്ഷകർത്താക്കളും അധ്യാപകരും* ഉൾപ്പെട്ട സംഘമാണ് നഗരം കാണാനായി കെ.എസ്.ആർ.ടി.സി. ബസിൽ കറങ്ങിയത്. *നെയ്യാറ്റിൻകര ബ്ലോക്ക് റിസോഴ്സ് സെന്റർ ആണ് കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലുമായി സഹകരിച്ച് ഉല്ലാസപ്പറവകൾ* എന്ന ശീർഷകത്തിൽ വിനോദയാത്ര ഒരുക്കിയത്. ബലൂണുകളും വർണ്ണക്കടലാസുകളും പതിച്ച പ്രത്യേകം ക്രമീകരിച്ച വാഹനത്തിൽ ആണ് ഡിപ്പോയിൽ യാത്ര ക്രമീകരിച്ചത്. കുരുന്നുകൾക്കാവശ്യമായ ഭക്ഷണവും കളിക്കോപ്പുകളും എല്ലാം സുമനസുകളുടെ സഹകരണത്തോടെ നെയ്യാറ്റിൻകര ഡിപ്പോയിലെ ജീവനക്കാരും ബജറ്റ് ടൂറിസം സെല്ലും ചേർന്ന് ഒരുക്കി. രാവിലെ ഉത്സാഹഭരിതരായ *കുട്ടികൾക്കൊപ്പം കെ. ആൻസലൻ എം എൽ.എ. ഉല്ലാസപ്പറവകളുടെ യാത്രക്ക് തുടക്കം* കുറിച്ചു. ചീഫ് ട്രാഫിക് മാനേജർ ജേക്കബ്ബ് സാംലോപ്പസ്, ക്ലസ്റ്റർ ഓഫീസർ ഉദയകുമാർ, എ.ടി. ഒ. അനസ്, ജനറൽ സി.ഐ. സതീഷ് കുമാർ, ബജറ്റ് ടൂറിസം സെൽ കോ - ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത്, ബി.ആർ.സി. കോ- ഓർഡിനേറ്റർ ബെൻറെജി, ചീഫ് ട്രെയിനർ ബിൻസി , ഡ്രൈവർ ജി.ജിജോ, എൻ.എസ്. വിനോദ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.  നിയമസഭ മന്ദിരത്തിൽ എത്തിയ ആന വണ്ടിയെയും കുട്ടികളെയും എം.എൽ.എമാർ സ്വീകരിച്ചു. കുരുന്നുകൾ നിയമസഭ ഗ്യാലറിയിൽ ഇരുന്ന് സഭാ സമ്മേളനം വീക്ഷിച്ചു. ഭരണ-പ്രതിപക്ഷ വാഗ്വാദങ്ങളും ചർച്ചകളും നേരിൽ കണ്ട കുട്ടികൾ വിസ്മയം കലർന്ന സന്തോഷത്തിൽ ആയിരുന്നു. നിയമസഭ മന്ദിരത്തിലെ ലൈബ്രറി ഉൾപ്പെടെ കണ്ട ശേഷം മ്യൂസിയത്തിലും മൃഗശാലയിലും കുരുന്നുകൾ എത്തി. ആനയും കരടിയും ഹിപ്പോപ്പൊട്ടാമസും ഒക്കെ ആദ്യമായി നേരിൽ കണ്ട കുട്ടികൾ ശബ്ദഘോഷത്തോടെ കാഴ്ചകളെ സ്വീകരിച്ചു. മ്യൂസിയം ഡയറക്ടർ ഉൾപ്പെടെ ആനവണ്ടിയിലെ കൂട്ടുകാർക്കൊപ്പം ചേർന്നു.

      

 ഉച്ച ഭക്ഷണത്തിനു ശേഷം വേളി ടൂറിസ്റ്റ് വില്ലേജിൽ എത്തി ട്രെയിനിലും, ബോട്ടിലും കയറി കായലോരത്ത് കുരുന്നുകൾ ആസ്വാദനത്തിന്റെ വേറിട്ട തലങ്ങളിലേറി കാഴ്ചകളെ സ്വീകരിച്ചു. തുടർന്ന് വെട്ടുകാട് പള്ളിയിൽ എത്തിയ ഉല്ലാസപ്പറവകൾ പള്ളിയും കടൽത്തീരവും ചുറ്റി നടന്ന് കണ്ടു.എല്ലാ മലയാളിയുടെയും കാഴ്ചയുടെ വസന്തമായ കോവളം കടലോരത്തായിരുന്നു കുരുന്നുകളുടെ സായാഹ്നം. ഹവ്വാ ബീച്ചിൽ ഐസ്ക്രീം നുകർന്ന് അസ്തമയ സൂര്യന്റെ തലോടലേറ്റ് മടക്കയാത്ര. ജീവിതത്തിലെ അവിസ്മരണീയമായ ഒരുപാട് ഓർമ്മകളുടെ ദിനമായി കിരണും മാനസയും രശ്മിയും രാഘവും ഉൾപ്പെടെ 30 ഉല്ലാസപ്പറവകളും ഡിസംബർ 7 ന്റെ പകൽ മനസിൽ കുറിക്കും എന്നുറപ്പ്. ഒപ്പം പ്രിയപ്പെട്ടവർക്കായി യാത്രാ നിരക്കിലെ പ്രത്യേക ഇളവിനൊപ്പം , സഹായഹസ്തങ്ങൾ പകർന്ന ചാരിതാർത്ഥ്യവുമായി നെയ്യാറ്റിൻകരയിലെ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലും.




വളരെ പുതിയ വളരെ പഴയ