സംസ്ഥാന ബജറ്റില്‍ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിന് മികച്ച പരിഗണന


സംസ്ഥാന ബജറ്റില്‍ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിന് മികച്ച പരിഗണന 

നെയ്യാറ്റിന്‍കര : സംസ്ഥാന ബജറ്റില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്ക് പുതിയ മന്ദിര നിര്‍മാണം, അമരവിള പുല്ലാമല ബണ്ട് പുനസ്ഥാപിക്കല്‍ എന്നീ പ്രവൃത്തികള്‍ക്ക് ടോക്കണ്‍ പ്രൊവിഷന്‍ ഉള്‍പ്പെടുത്തി. ആശുപത്രിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 10 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് പുതിയ മന്ദിരം നിര്‍മിക്കുന്നതടക്കമുള്ളതിനായി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഐ.പി കെട്ടിടത്തിനായി പുതിയ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ആറു കോടി രൂപയില്‍ ഒരു കോടി 20 ലക്ഷം രൂപ ടോക്കണ്‍ പ്രൊവിഷനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2018 ലെ പ്രളയത്തില്‍ തകര്‍ന്ന നെയ്യാറിലെ അമരവിള പുല്ലാമല ബണ്ട് പുനസ്ഥാപിക്കുന്നതിനായി മൂന്ന് കോടി രൂപ പ്രഖ്യാപിച്ചു. ടോക്കണ്‍ പ്രൊവിഷനായി 60 ലക്ഷം രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തി. 

നെയ്യാറ്റിന്‍കര പോക്സോ - കുടുംബ കോടതികള്‍ക്കായി പുതിയ മന്ദിര നിര്‍മാണവും ഇന്നലെ നിയമസഭയില്‍ ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ വാഗ്ദാനത്തില്‍ ഇടം പിടിച്ചു. അമരവിള ജെബിഎസ്, ആറയൂര്‍ എല്‍വിഎച്ച്എസ്, പൊഴിയൂര്‍ യുപിഎസ്, നെയ്യാറ്റിന്‍കര ജെബിഎസ്, ശാസ്താംതല യുപിഎസ് എന്നീ വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടം വിദ്യാഭ്യാസ മേഖലയിലെ പരിഗണനയാണ്. നെയ്യാറ്റിന്‍കര പിഡബ്ല്യൂഡി ബില്‍ഡിംഗ്സ്- റോഡ്സ് വിഭാഗത്തിനായി പി ഡബ്ല്യു ഡി കോംപ്ലക്സ് നിര്‍മാണം, പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ പുതിയ അതിഥി മന്ദിര നിര്‍മാണം എന്നിവയ്ക്കു പുറമേ നെയ്യാറ്റിന്‍കര സിവില്‍ സ്റ്റേഷന്‍ നവീകരണത്തിനും തുക വകയിരുത്തി. ബിഎം -ബിസി പ്രവൃത്തിയായി അരുവിപ്പുറം -പെരുമ്പഴുതൂർ- കീളിയോട് - മാമ്പഴക്കര റോഡ്, വ്ളാത്താങ്കര - ആവണക്കിന്‍വിള - പൂഴിക്കുന്ന് റോഡ്, കൊറ്റാമം- പുതുക്കുളങ്ങര- അഞ്ചാലിക്കോണം റോഡ്, ആറയൂര്‍ ടെംപിള്‍ - പൊന്‍വിള റോഡ്, പൂവാര്‍- ശങ്കുരുട്ടി റോഡ് എന്നിവയ്ക്കും ബജറ്റില്‍ തുക നീക്കിവച്ചു. നെയ്യാര്‍ നദി മുറിച്ചു കടക്കുന്നതിന് കുളത്തൂര്‍ പഞ്ചായത്തിലെ ചാലക്കരയിലും നെയ്യാറ്റിന്‍കര നഗരസഭയിലെ ഓലത്താന്നി പാതിരിശ്ശേരിയിലും ചെന്പരത്തിവിള അരുവിപ്പുറത്തും ക്രോസ് വേ നിര്‍മാണത്തിനും തുക വകയിരുത്തി. നെയ്യാറ്റിന്‍കര താലൂക്ക് ആയുര്‍വേദ ആശുപത്രിക്ക് പുതിയ ഐ പി മന്ദിരം, തീരദേശ മേഖലയായ പൊഴിയൂരില്‍ പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരം, കാരോട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരം എന്നീ പ്രവൃത്തികളും കിലയുടെ റീജിയണല്‍ ഓഫീസിന് സ്ഥലമേറ്റെടുക്കലും നിര്‍മാണവും 2023 -2024 സാന്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഇടം നേടി. ആറാലുംമൂട്, ഉദിയന്‍കുളങ്ങര മാര്‍ക്കറ്റുകളുടെ നവീകരണ പ്രവൃത്തികള്‍ക്കും ബജറ്റില്‍ തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ