നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി കൂടുതല്‍ മികവിലേയ്ക്ക്


നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി കൂടുതല്‍ മികവിലേയ്ക്ക്

നെയ്യാറ്റിന്‍കര : ജനറല്‍ ആശുപത്രി ഉന്നത നിലവാരത്തിലേയ്ക്ക് കൂടുതല്‍ ആര്‍ജ്ജവത്തോടെ മുന്നേറുന്പോള്‍ ജീവനക്കാരുടെ ഒരേ മനസ്സോടെയുള്ള പ്രവര്‍ത്തനം ഹൃദ്യമായ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് കെ. ആന്‍സലന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. 1900 ല്‍ പ്രാഥമികാരോഗ്യ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച ആതുരാലയം 123 വര്‍ഷം പിന്നിടുകയാണ്. രണ്ടായിരത്തിനും മൂവായിരത്തിനും മധ്യേ രോഗികള്‍ പ്രതിദിനം ഒ പി യിലെത്തുന്നു. ഐ പി യില്‍ 436 കിടക്കകള്‍. 39 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 418 ജീവനക്കാര്‍. രോഗീസൗഹൃദാന്തരീക്ഷം പരിപാലിക്കുന്ന ആശുപത്രിയായി തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ഈ സര്‍ക്കാര്‍ ആതുരാലയം മാറിക്കഴിഞ്ഞിരിക്കുന്നു. അനുയാത്ര, വിമുക്തി, ഭൂമിക അടക്കമുള്ള എല്ലാ പദ്ധതികളും ഫലപ്രദമായി തുടരുന്നുവെന്നതും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയുടെ സവിശേഷതയാണ്. പാലിയേറ്റീവ് വാര്‍ഡിന്‍റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.  ഫാര്‍മസിയുടെ നവീകരണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. നിലവിലുള്ള ഓപ്പറേഷന്‍ തിയറ്ററുകളിലൊന്ന് പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ ഇനിയും ബാക്കി. ആശുപത്രിയുടെ പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുന്നതാണ് പവര്‍ ലോന്‍ഡ്രി സംവിധാനം. കായകല്‍പ്പ നേട്ടത്തിനായി ജില്ലയില്‍ നിന്ന് സംസ്ഥാന തലത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ പിന്നില്‍ ഈ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരുടെയും ആത്മാര്‍ഥമായ സമര്‍പ്പണ മനോഭാവമാണെന്നതില്‍ സംശയമില്ല. 

    ആശുപത്രി സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് അതാത് വകുപ്പുകളിലെ ജീവനക്കാര്‍ തങ്ങളുടെ പ്രവര്‍ത്തന പരിധിയിലെ കെട്ടിടങ്ങള്‍ക്ക് നിറം പിടിപ്പിക്കല്‍, കെട്ടിടവും പരിസരവും ശുചീകരിക്കല്‍, ലാന്‍ഡ്സ്കേപ്പ് ഒരുക്കല്‍, ഉദ്യാനനിര്‍മാണം വരെയുള്ള  നിരവധി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. 20 ലക്ഷത്തോളം രൂപയുടെ പ്രവൃത്തികളാണ് ജീവനക്കാര്‍ ഇത്തരത്തില്‍ നടത്തിയത്. ഔദ്യോഗിക സമയത്തിനു ശേഷമുള്ള സമയമാണ് ഇതിനായി നീക്കി വച്ചതെന്നതും ശ്രദ്ധേയം.  തീര്‍ത്തും ഉപയോഗശൂന്യമായി കിടന്നയിടം നന്നായി ആസൂത്രണം ചെയ്ത് ബയോ പാര്‍ക്കാക്കി മാറ്റിയതും ചുമരുകളില്‍ ആകര്‍ഷകമായ ചിത്രങ്ങള്‍ വരച്ചു ചേര്‍ത്തതുമൊക്കെ ഇവിടുത്തെ കലാഹൃദയമുള്ള ജീവനക്കാരാണ്.  പരാതികളുടെയും പരിമിതികളുടെയും പരാധീനക്കെട്ടുകള്‍ക്ക് നിത്യാവധി നല്‍കിയാണ് നെയ്യാറ്റിന്‍കരയുടെ സ്വന്തം ഈ പഴയ ധര്‍മ്മാശുപത്രി സാധാരണക്കാരായ രോഗികളുടെയെല്ലാം ഏറ്റവും മികച്ച ആശ്രയകേന്ദ്രമായി കഴിഞ്ഞിട്ടുള്ളത്.



വളരെ പുതിയ വളരെ പഴയ