സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഓർമ്മ ദിനം
നെയ്യാറ്റിൻകര: മാതൃകാ പത്രപ്രവർത്തനത്തിലൂടെ പൗരാവകാശങ്ങളെപ്പറ്റി എഴുതിയതിന്റെ പേരിൽ നാടുകടത്തപ്പെട്ട പത്രാധിപരായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. പത്രാധിപർ, ഗദ്യകാരൻ, പുസ്തകനിരൂപകൻ, സമൂഹനവീകരണവാദി തുടങ്ങിയ നിലകളിൽ പ്രക്ഷുബ്ദമായ ജീവിതം നയിച്ച അദ്ദേഹം പത്രപ്രവർത്തനം, ജീവചരിത്രം, നോവൽ, കഥ, നോവൽ, രാഷ്ട്രീയ ലേഖനങ്ങൾ, ഗ്രന്ഥനിരൂപണം തുടങ്ങിയ ശാഖകളിൽ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്.
1910 സെപ്തംബർ 26-നാണ് നിർഭയമായ പത്രപ്രവർത്തനത്തിലൂടെ രാജകൊട്ടാരത്തിലെ ഉദ്യോഗസ്ഥമേധാവികളെയും ദിവാൻ സി.രാജഗോപാലാചാര്യയെയും അഴിമതികളുടെയും അധർമങ്ങളുടെയും പേരിൽ വിമർശിക്കുകയും അവ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടിയതിന് ദിവാൻ അദ്ദേഹത്തെ തിരുവതാംകൂറിൽ നിന്നും നാടുകടത്തിയത്.
നെയ്യാറ്റിൻകരയിൽ ജനനം. തിരുവനന്തപുരത്ത് പ്രീ യൂണിവേഴ്സിറ്റിക്ക് പഠിക്കുമ്പോഴാണ് രാമകൃഷ്ണപിള്ള പത്രപ്രവർത്തനവുമായി പരിചയപ്പെടുന്നത്. ആഴ്ചതോറും നാട്ടിൽ പോയി വരുമ്പോൾ നെയ്യാറ്റിൻകര കത്ത് എന്ന പേരിൽ ഒരു ലേഖനമെഴുതി പത്രങ്ങൾക്ക് അയച്ചുകൊടുക്കുമായിരുന്നു. പത്രപ്രവർത്തനത്തിന്റെ ഹരിശ്രീ കുറിക്കുന്നതവിടം മുതലാണ്. ബി എക്കു പഠിക്കുമ്പോൾ അക്കാലത്തെ പ്രധാന സാഹിത്യപ്രസിദ്ധീകരണമായ കേരളദർപ്പണം എന്ന പത്രത്തിന്‍റെ എഡിറ്ററായി. 1901 ഏപ്രിൽ മാസം മുതൽ കേരള പഞ്ചിക എന്ന പത്രത്തിന്‍റെ പത്രാധിപരായി.
രാമകൃഷ്ണപിള്ള തന്നെ പത്രാധിപരും ഉടമയുമായി തുടങ്ങിയതാണ് കേരളൻ എന്ന മാസിക. 1905 ഏപ്രിൽ മാസത്തിലാണ് പ്രഥമലക്കം പുറത്തിറങ്ങിയത്. 1905 ലാണ് മുസ്ലിം സമുദായത്തിലെ പരിഷ്കരണപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വക്കം മൗലവി അഞ്ചുതെങ്ങിൽ നിന്ന് സ്വദേശാഭിമാനി പത്രം തുടങ്ങുന്നത്.
1906 ജനുവരി 17-നാണ് രാമകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ സ്വദേശാഭിമാനിയുടെ ആദ്യലക്കം പുറത്തിറങ്ങുന്നത്. സ്വദേശാഭിമാനി'യിലൂടെ സമൂഹത്തിലെ തിന്മകൾക്കെതിരെ മുഖം നോക്കാതെ പ്രതികരിച്ച രാമകൃഷ്ണപിള്ള പത്രത്തിന്‍റെ ശക്തിയെന്തെന്ന് തെളിയിക്കുകയായിരുന്നു.
അധികാരവിമർശനം മാത്രമായിരുന്നില്ല പത്രം ചെയ്തിരുന്നത്. മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഈഴവർക്കും എല്ലാ ഉദ്യോഗങ്ങളിലും പ്രവേശനം നൽകണമെന്നും മദ്യം നിരോധിക്കണമെന്നും പത്രം ആവശ്യപ്പെട്ടു.
1912-ൽ രാമകൃഷ്ണപിള്ളയാണ് കാൾ മാർക്സിന്റെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത്. 1914-ൽ, ഗാന്ധി ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിൽ എത്തുന്നതിനും മുമ്പാണ് രാമകൃഷ്ണപിള്ള അദ്ദേഹത്തെപ്പറ്റി മലയാളത്തിൽ ആദ്യ പുസ്തകം എഴുതിയത്. രാമകൃഷ്ണപിള്ള രചിച്ച ഏറ്റവും പ്രധാനപ്പെട്ട പുസ്തകമാണ് "വൃത്താന്തപത്രപ്രവർത്തനം". വൻകിട പത്രവ്യവസായമോ പത്രപ്രവർത്തനം പഠിപ്പിക്കലോ ആരംഭിച്ചിട്ടില്ലാത്ത, ആധുനിക സാങ്കേതികവിദ്യ കടന്നുവന്നു കഴിഞ്ഞിട്ടില്ലാത്ത, പത്രപ്രവർത്തനം കുലീനമായ തൊഴിലായി സമൂഹം മുഴുവൻ അംഗീകരിച്ചിട്ടില്ലാത്ത കാലത്താണ് അദ്ദേഹം ആ ഉന്നത നിലവാരമുള്ള പാഠപുസ്തകം എഴുതിയത്.
എന്റെ നാടുകടത്തൽ, ദ ട്രാവൻകൂർ ഡീപോർട്ടേഷൻ, ബാലബോധിനി (വ്യാകരണം, മൂന്ന് ഭാഗങ്ങൾ), അങ്കഗണിതം, ബീജഗണിതം, ക്ഷേത്ര ഗണിത സാധനാ പാഠങ്ങൾ, അറുനൂറു ഭൂവിവരണ ചോദ്യങ്ങൾ, കൃഷി ശാസ്ത്രം ( പാഠപുസ്തകങ്ങൾ), മന്നന്റെ കന്നത്തം, വാമനൻ(ചെറുകഥ), നരകത്തിൽ നിന്ന് (നോവൽ), നായന്മാരുടെ സ്ഥിതി, പൗരവിദ്യാഭ്യാസം, ദില്ലി ദർബാർ, കേരളഭാഷോൽപ്പത്തി, രാമകൃഷ്ണീയം, ആചാര്യാചാരം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികൾ. 1912 സെപ്റ്റംബർ 28-ന് പാലക്കാട് നടന്ന മഹാസമ്മേളനത്തിൽവച്ച് രാമകൃഷ്ണപിള്ളയെ മലേഷ്യയിലെ മലയാളികൾ 'സ്വദേശാഭിമാനി' എന്ന മഹത്തായ ബിരുദം നൽകി ആദരിച്ചു. അതോടെയാണ് അദ്ദേഹം സ്വദേശാഭിമാനി എന്നറിയപ്പെട്ടത്.
'വ്യാഴവട്ടസ്മരണകൾ' എന്ന പ്രശസ്തമായ ഓർമകുറിപ്പുകൾ എഴുതിയ, സ്ത്രീവിദ്യാഭ്യാസം അപൂർവ്വമായിരുന്ന അക്കാലത്ത് മെട്രിക്കുലേഷൻ ജയിച്ച തിരുവനന്തപുരത്തെ ആദ്യത്തെ സ്ത്രീയും മലയാളത്തിലെ ആദ്യകാല കഥാകാരികളിലൊരാളുമായ ബി.കല്യാണിയമ്മയായിരുന്നു ഭാര്യ.1916 മാർച്ച് 28ന് നിര്യാതനായി.
രാമകൃഷ്ണപിള്ളയുടെ ജന്മഗ്യഹ മായ കൂടില്ലാ വീട് സംരക്ഷിക്കുന്നതിനും അദ്ദേഹത്തിൻ്റെ പേരിൽ ജേണലിസം ഇൻസ്റ്റിട്ട്യൂട്ട് സ്ഥാപിക്കുന്നതിനുമുള്ള തീരുമാനങ്ങൾ വേഗത്തിലാക്കണം എന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം.