ഓലത്താന്നി പ്രൈമറി ഹെൽത്ത് സെൻ്ററിനെ കുടുംബാരോഗ്യ കേന്ദ്രമാക്കി
നെയ്യാറ്റിൻകര: ഒന്നാം എൽ ഡി എഫ് സർക്കാരിൻ്റെ കാലത്ത് തുടങ്ങിയ ആർദ്രം പദ്ധതിയിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കി ഉയർത്തിയത്. ഉച്ച വരെ മാത്രമായിരുന്ന ഒപി സൗകര്യം വൈകുന്നേരം 6 മണി വരെയാക്കി. മൂന്ന് ഡോക്ടർമാരുടെയും നഴ്സ് ഉൾപ്പെടെയുള്ള ഇതര ജീവനക്കാരുടെയും അധിക സേവനം ഉറപ്പ് വരുത്തി. ലാബ്, ഫാർമസി സൗകര്യം ഏർപ്പെടുത്തിയുമാണ് പി എച്ച് സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ആദ്യ ഘട്ടത്തിൽ പരണിയവും തുടർന്ന് വിവിധ ഘട്ടങ്ങളിൽ മണ്ഡലത്തിലെ പൊഴിയൂർ, കുളത്തൂർ, കാരോട്, തിരുപുറം പി എച്ച് സികളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ഇപ്പോൾ ഓലത്താന്നി പി എച്ച് സിയും കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയതോടെ മണ്ഡലത്തിലെ എല്ലാ പ്രൈമറി ഹെൽത്ത് സെൻ്ററുകളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. എംഎൽഎ യുടെ ഇടപെടലുകളാണ് ഇതിന് കാരണം. നെയ്യാറ്റിൻകര ജനറൽ ആശുപത്രി, വെൺപകൽ സി എച്ച് സി എന്നീ ആശുപത്രികൾക്കൊപ്പം മുന്നേറ്റത്തിൻ്റെ പാതയിലാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും.