ജോയിന്റ് കൗണ്‍സില്‍ 54-ാം വാര്‍ഷിക സമ്മേളനം - മലപ്പുറം 

  മലപ്പുറം: ജോയിന്റ് കൗണ്‍സില്‍ 54-ാമത് വാര്‍ഷിക സമ്മേളനം 2023 മെയ് 10,11,12,13 തീയതികളിലായി മലപ്പുറത്ത് റോസ് ലോഞ്ച് ആഡിറ്റോറിയത്തില്‍ ചേരുകയാണ്.  സംസ്ഥാനത്തെ സിവില്‍ സര്‍വീസില്‍ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഒന്നടങ്കം അസംതൃപ്തിയിലാണ്.  വിലക്കയറ്റത്തിന് സമീകൃതമായി ജീവനക്കാര്‍ക്ക് ലഭ്യമാകേണ്ട ക്ഷാമബത്ത കുടിശ്ശിക ലഭ്യമായിട്ട് ഏകദേശം രണ്ടുവര്‍ഷം കഴിഞ്ഞിരിക്കുന്നു.  കഴിഞ്ഞ ശമ്പളപരിഷ്‌ക്കരണത്തിന്റെ കുടിശ്ശിക നല്‍കാതെ വീണ്ടും മാറ്റിവച്ചിരിക്കുന്നു.  ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ ഒഴികെയുള്ളവരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിച്ചിരിക്കുന്നു.  പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തിലുള്ള സര്‍ക്കാരിന്റെ നിലപാടാണ് ഇതിനെക്കാള്‍ ദുഃഖകരം. ഇന്ത്യയിലെ ബി.ജെ.പി ഒഴികെയുള്ള വലതുപക്ഷ സര്‍ക്കാരുകള്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതിന് തീരുമാനിച്ചപ്പോള്‍ കേരളത്തില്‍ മാത്രം ചര്‍ച്ചയ്ക്ക് പോലും തയ്യാറാകുന്നില്ല.  എന്നു മാത്രമല്ല കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച പുനഃപരിശോധനാ സമിതി റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനും തയ്യാറാകുന്നില്ല.  ഈ വിഷയങ്ങളെല്ലാം ഉയര്‍ത്തി ജോയിന്റ് കൗണ്‍സില്‍ പ്രക്ഷോഭരംഗത്താണ്.  സാമ്പത്തിക പ്രതിസന്ധി മൂലമാണ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.  ഇതിനെക്കാള്‍ വലിയ പ്രതിസന്ധികളെ നേരിട്ട കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും ഒരിക്കല്‍ പോലും ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.  എന്നുമാത്രമല്ല, കോവിഡ് മഹാമാരി കാലത്ത് പോലും കൃത്യമായി ശമ്പളം നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.  സാമ്പത്തിക ബാദ്ധ്യതയല്ല അപ്പോള്‍ പ്രശ്‌നം എന്ന് ജീവനക്കാര്‍ തിരിച്ചറിയുന്നുണ്ട്.  കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യൂ ചെലവില്‍ 48522 കോടി രൂപയുടെ കുറവുണ്ടായി എന്ന് ധനകാര്യവകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.  തനത് വരുമാനം വര്‍ദ്ധിച്ചു എന്നും പറഞ്ഞിരുന്നു.  ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും അനുവദിക്കേണ്ട വേതന കുടിശ്ശിക അനുവദിക്കാതെ റവന്യൂ ചെലവ് കുറച്ചാല്‍ ആര്‍ക്കാണ് നേട്ടം.  ജനങ്ങളുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ശ്രമിക്കാതെ ചെലവ് ചുരുക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സന്തുലനം നഷ്ടപ്പെടാന്‍ ഇടയാക്കില്ലേ.  പി.എഫിലും ട്രഷറി സേവിംഗ്‌സിലും നിക്ഷേപങ്ങള്‍ കുറഞ്ഞു എന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.  ഇടതുപക്ഷം ഇന്നുവരെ തുടര്‍ന്ന് വന്നു കൊണ്ടിരുന്ന സാമ്പത്തിക നയത്തില്‍ നിന്നുമുള്ള  വ്യതിയാനമാണിത്. ഖജനാവിലെ പണം മുടിക്കുന്നവരാണ് സര്‍ക്കാര്‍ ജീവനക്കാരെന്ന പൊതുധാരണയാണിന്നുള്ളത്.  ജീവനക്കാരില്‍ എഴുപത് ശതമാനവും പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, ക്രമസമാധാനപാലന രംഗത്ത് ജോലി ചെയ്യുന്നവരാണ്.  ഭരണനിര്‍വ്വഹണത്തിന് നിയോഗിക്കപ്പെടുന്നവര്‍ ബാക്കി 30 ശതമാനത്തിന് താഴെയുള്ളവരാണ്.  കേരള മോഡല്‍ എന്ന് ബ്രാന്‍ഡ് ചെയ്യപ്പെട്ട മാതൃകാ ഭരണ നിര്‍വ്വഹണം സാദ്ധ്യമായത് കേരളത്തിലെ സിവില്‍ സര്‍വീസിന്റെ കൂടി പ്രയത്‌നഫലമാണ്.  പൊതുവേതന ഘടന കേരളത്തിന്റെ മൂന്നിലൊന്ന് മാത്രമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേരളത്തിന്റെതിനേക്കാള്‍ ശമ്പളമുണ്ട്. പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിലൂടെ ഓരോ മാസവും കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തിന്റെ സമ്പത്തില്‍ നിന്നും ചോരുന്നത് എന്നും സര്‍ക്കാര്‍ തിരിച്ചറിയുന്നില്ല.  ജീവനക്കാരെ ശത്രുപക്ഷത്തിന് നിര്‍ത്തുന്ന ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്ന ചര്‍ച്ചകള്‍ സമ്മേളനത്തില്‍ ഉയര്‍ന്നു വരും.  

സിവില്‍ സര്‍വീസിനെ തകര്‍ക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലായി 30 ലക്ഷത്തോളം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു.  സര്‍ക്കാര്‍ സര്‍വീസിലെ നിയമനങ്ങള്‍ ഇല്ലാതാകുന്നത് വലിയ സാമൂഹിക പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.  ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണ തത്വങ്ങള്‍ അപ്പാടെ അട്ടിമറിക്കപ്പെടുന്നു. ജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമായിക്കൊണ്ടിരുന്ന പൊതുസേവനങ്ങള്‍ ഇല്ലാതായി.  ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങള്‍ കുത്തകകള്‍ കീഴടക്കി കഴിഞ്ഞു.  അത്തരത്തില്‍ സിവില്‍ സര്‍വീസ് ഇല്ലാതാകുന്നതോടെ ഭരണകൂടങ്ങള്‍ വെറും കച്ചവട സ്ഥാപനങ്ങളായി തരം താഴും.  ഇതിനെതിരെ രാജ്യത്താകെ നടക്കുന്ന സമരപരിപാടികള്‍ക്ക് ജോയിന്റ് കൗണ്‍സില്‍ സമ്മേളനം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും. 

വലുതപക്ഷ സര്‍ക്കാരുകള്‍ പോലും പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയ പെന്‍ഷന്‍ നടപ്പിലാക്കിയപ്പോള്‍ കേരളം മാത്രം അതില്‍ മൗനം പാലിക്കുന്നത് ശരിയായ നടപടിയല്ല.  ശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ നിയോഗിക്കപ്പെട്ട പുനഃപരിശോധനാ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് എടുക്കുന്നില്ല.  റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് കോടതിയില്‍ ചോദ്യം ചെയ്യുന്നതിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.  പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുന്നത് വരെയുള്ള പോരാട്ടത്തിന് ജോയിന്റ് കൗണ്‍സില്‍ തുടക്കം കുറിച്ചു കഴിഞ്ഞു.  ഈ സമ്മേളനത്തില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ തീരുമാനിക്കും.  കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ അജണ്ടകളെ തുറന്നു കാണിച്ചു കൊണ്ടുള്ള ചര്‍ച്ചകള്‍ക്കും സമ്മേളനം സാക്ഷ്യം വഹിക്കും.  അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ നേരിടാന്‍ സമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവും സമ്മേളനത്തിനുണ്ട്.  ഗുജറാത്ത് കലാപകാലം മുതല്‍ നരേന്ദ്രമോദിയുടെയും സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് പ്രവണതകളെ ശക്തമായി പ്രതിരോധിക്കുന്ന പ്രമുഖ ആക്ടിവിസ്റ്റും മാധ്യമ പ്രവര്‍ത്തകയുമായ ശ്രീമതി ടീസ്റ്റാ സെതല്‍വാദും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 

അഴിമതിരഹിത ജനപക്ഷ സിവില്‍ സര്‍വീസ് എന്ന ആശയം ആദ്യം പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച സംഘടനയാണ് ജോയിന്റ് കൗണ്‍സില്‍.  1986 ല്‍ ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ 56 ദിവസത്തെ അഴിമതിവിരുദ്ധ കാല്‍നട പദയാത്ര ചരിത്ര പ്രസിദ്ധമാണ്.  അഴിമതിക്കാരെ ഒറ്റപ്പെടുത്തുക, കാര്യക്ഷമതയോടെ ജോലി ചെയ്യാത്തവരെ കണ്ടെത്തി പരിശീലനം നല്‍കുക, നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുക, പൊതുജനങ്ങളുമായി ഏറ്റവും അധികം ബന്ധം പുലര്‍ത്തേണ്ടി വരുന്ന ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുക, ജോലിഭാരത്തിനനുസരിച്ച് ജീവനക്കാരെ പുനര്‍വിന്യസിക്കുക, സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ തുമ്പിലെത്തിക്കുന്നതിന് ലളിതമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക, വൈജ്ഞാനിക ഭരണനിര്‍വ്വഹണം ജനങ്ങള്‍ക്ക് പ്രാപ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയ ചര്‍ച്ചകളും സമ്മേളനത്തില്‍ ഉണ്ടാകും. 

മെയ് 10 ന് കോഴിക്കോട് എം.എന്‍.വി.ജി.അടിയോടി സ്മൃതി കുടീരത്തില്‍ നിന്നും പതാക ജാഥയും തൃശ്ശൂര്‍ ഇ.ജെ.ഫ്രാന്‍സിസിന്റെ സ്മൃതി കുടീരത്തില്‍ നിന്നും ബാനര്‍ ജാഥയും പി.ടി.ഭാസ്‌ക്കരപണിക്കരുടെ ജന്മദേശമായ പാലക്കാട് അടയ്ക്കാപുത്തൂരില്‍ നിന്നും കൊടിമര ജാഥയും മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും ദീപശിഖാറാലിയും മലപ്പുറത്ത് കിഴക്കേത്തല ജംഗ്ഷനില്‍ ഒത്ത് ചേര്‍ന്ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ജാഥ  കുന്നുമ്മല്‍ വാര്യന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്‌ക്വയറില്‍ അവസാനിക്കും.  അവിടെ നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. എ.പി.അഹമ്മദ് പ്രഭാഷണം നടത്തും. സംസ്ഥാന സമ്മേളന ത്തോടനുബന്ധിച്ച് സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച കഥ, കവിത രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും. 

മെയ് 11 ന് രാവിലെ 10.30 ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സ.കാനം രാജേന്ദ്രന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പു മന്ത്രി പി.പ്രസാദ്, എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍, എ.ഐ.എസ്.ജി.ഇ.സി ജനറല്‍ സെക്രട്ടറി സി.ആര്‍.ജോസ്പ്രകാശ്, എ.ഐ.വൈ.എഫ് സെക്രട്ടറി റ്റി.റ്റി.ജിസ്‌മോന്‍, എ.ഐ.എസ്.എഫ് സെക്രട്ടറി പി.കബീര്‍, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി സുകേശന്‍ ചൂലിക്കാട് എന്നിവര്‍ സംസാരിക്കും. ഉച്ചയ്ക്ക് ശേഷം ''ജനാധിപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍'' എന്ന സെമിനാര്‍ സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം അഡ്വ.കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.  പി.നന്ദകുമാര്‍ എം.എല്‍.എ, പി.ഉബൈദുള്ള എം.എല്‍.എ, ആര്യാടന്‍ ഷൗക്കത്ത്, ജി.മോട്ടിലാല്‍ എന്നിവര്‍ സംസാരിക്കും.  വൈകുന്നേരം 5.30 ന് നടക്കുന്ന സുഹൃദ് സമ്മേളനം സത്യന്‍മൊകേരി ഉദ്ഘാടനം ചെയ്യും.  സര്‍വീസ് സംഘടനാ നേതാക്കള്‍ സംസാരിക്കും. 

മെയ് 12 ന് രാവിലെ 11 മണിക്ക് നടക്കുന്ന വനിതാ സമ്മേളനം മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയായ ടീസ്റ്റാ സെതല്‍വാദ് മുഖ്യാതിഥിയായിരിക്കും.  അഡ്വ.പി.വസന്തം, അഡ്വ.സുജാത വര്‍മ്മ എന്നിവര്‍ സംസാരിക്കും.  ഉച്ചയ്ക്ക് 2 മണിക്ക് ''ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളം നേരിടുന്ന പ്രതിസന്ധികള്‍'' എന്ന വിഷയത്തെ അധികരിച്ച് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി അഡ്വ.ജി.ആര്‍.അനില്‍ പ്രഭാഷണം നടത്തും.  വൈകുന്നേരം 4.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘടനം ചെയ്യും.  ആലങ്കോട് ലീലാകൃഷ്ണന്‍, റ്റി.വി.ബാലന്‍ എന്നിവര്‍ പ്രസംഗിക്കും. 

മെയ് 13 ന് ''കേരളം സൃഷ്ടിച്ച മാതൃകകള്‍'' എന്ന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  റവന്യൂ വകുപ്പുമന്ത്രി അഡ്വ.കെ.രാജന്‍ അദ്ധ്യക്ഷത വഹിക്കും.  കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരന്‍, കേരള എന്‍.ജി.ഒ അസോസിയേഷന്‍ പ്രസിഡന്റ് ചവറ ജയകുമാര്‍, എ.കെ.എസ്.ടി.യു ജനറല്‍ സെക്രട്ടറി ഒ.കെ.ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും. 

മെയ് 13 ന് വൈകുന്നേരം ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടു കൂടി സമ്മേളനം അവസാനിക്കും.


 


വളരെ പുതിയ വളരെ പഴയ