"ഡിജിറ്റല്‍ സര്‍വ്വെ വിജയിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളിലെ പോരായ്മകള്‍ പരിഹരിക്കുക -- 'എസ്.എഫ്.എസ്.എ' ധര്‍ണ്ണ നടത്തി
തിരുവനന്തപുരം: എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും ഭൂമി സംബന്ധമായ സേവനങ്ങള്‍ ഏറ്റവും വേഗതയില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് സ്വപ്ന പദ്ധതിയായ ഡിജിറ്റല്‍ സര്‍വ്വെയ്ക്ക് തുടക്കം കുറിച്ചത്. പദ്ധതി വിജയകരമായി മുന്നോട്ടു പോകുമ്പോഴും സര്‍ക്കാര്‍ ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് നടത്തിപ്പിലെ പോരായ്മകള്‍ തടസ്സമായി നില്‍ക്കുകയാണ്. ആധുനിക ഉപകരണങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുകയും ജീവനക്കാര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യുന്നതിന് ഓരോ ജില്ലയിലെയും ഭൂപ്രകൃതിക്കനുസൃതമായി ക്ലാസിഫിക്കേഷനോടു കൂടി ഔട്ടേണ്‍ നിശ്ചയിക്കുകയും തുടര്‍ച്ചയായി ഫീല്‍ഡ്‌ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാര്‍ക്ക് മാസത്തില്‍ കുറഞ്ഞത് രണ്ടുദിവസമെങ്കിലും ഓഫീസില്‍ ഹാജരാകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത് ഡിജിറ്റല്‍ സര്‍വ്വെ വിജയിപ്പിക്കണമെന്ന് സര്‍വ്വെ ഡയറക്ടറേറ്റിന് മുന്നില്‍ 'സർവ്വേ ഫീൽഡ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന കൂട്ടധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ആവശ്യപ്പെട്ടു. ധര്‍ണ്ണയെ അഭിസംബോധന ചെയ്തു കൊണ്ട് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.ഷാനവാസ്ഖാന്‍,വൈസ് ചെയര്‍മാന്‍ നരേഷ്‌കുമാര്‍ കുന്നിയൂര്‍, സംസ്ഥാന സെക്രട്ടറി കെ.മുകുന്ദന്‍, സെക്രട്ടേറിയറ്റംഗം പി.ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.ശ്രീകുമാര്‍, യു.സിന്ധു, സൗത്ത് ജില്ലാ സെക്രട്ടറി വിനോദ് വി നമ്പൂതിരി, എസ്.എഫ്.എസ്.എ സംസ്ഥാന ട്രഷറര്‍ ഐ.സബീന എന്നിവര്‍ സംസാരിച്ചു. സര്‍വ്വെ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സി.സുധാകരന്‍പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജി.സജീബ്കുമാര്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി സി.മണിയന്‍പിള്ള നന്ദിയും പറഞ്ഞു.