ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന നയം തിരുത്തണം :ജോയിന്റ് കൗൺസിൽ
തിരുവനന്തപുരം : ക്ഷാമബത്ത കുടിശ്ശികയും ലീവ് സറണ്ടര്‍ ആനുകൂല്യവും ആവശ്യപ്പെട്ടു കൊണ്ട് ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ ജില്ലാ കേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും ധര്‍ണ്ണ സംഘടിപ്പിച്ചു. ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ തടഞ്ഞു വയ്ക്കുന്നത് ഇടതുപക്ഷത്തിന് യോജിച്ച നയമല്ല എന്ന് സെക്രട്ടേറിയറ്റിനു മുന്നിലെ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ അഭിപ്രായപ്പെട്ടു. കേരളത്തെ സാമ്പത്തികമായി തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധസമരങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരെയും അദ്ധ്യാപകരെയും ശത്രുപക്ഷത്ത് നിര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെക്കാളും കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്ന 2016-2021 കാലഘട്ടത്തില്‍ ജീവനക്കാരുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും തടയുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. സാധാരണക്കാരായ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. അതിദയനീയമായ ജീവിത സാഹചര്യത്തിലൂടെയാണ് ജീവനക്കാര്‍ കടന്നു പോകുന്നത്. വിലക്കയറ്റത്തിന് ആനുപാതികമായി കൃത്യമായ പഠനങ്ങള്‍ നടത്തിയ ശേഷമാണ് ക്ഷാമബത്ത പ്രഖ്യാപിക്കുന്നത്. കേരളത്തില്‍ 15 ശതമാനം കുടിശ്ശികയായി കഴിഞ്ഞു. 25000 ല്‍പ്പരം കോടി രൂപയാണ് ജീവനക്കാര്‍ക്ക് വിവിധ ഇനങ്ങളിലായി വിതരണം ചെയ്യാനുള്ളത്. ജീവനക്കാരുടെ ട്രഷറി നിക്ഷേപത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം അയ്യായിരം കോടി രൂപയുടെ കുറവുണ്ടായി. ജീവനക്കാരുമായി ബന്ധപ്പെട്ട സൊസൈറ്റികളിലെ വായ്പകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ജീവനക്കാര്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രയാസം ബോദ്ധ്യപ്പെടുമെന്നും ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തെ ധര്‍ണ്ണയില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.എസ്.സജികുമാര്‍ (കെ.ജി.ഒ.എഫ്), എസ്.സുധികുമാര്‍ (കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍), കെ.ദീപുകുമാര്‍ (പി.എസ്.സി സ്റ്റാഫ് അസോസിയേഷന്‍), ഡോ.വില്‍സണ്‍ (എ.കെ.എസ്.ടി.യു) എന്നിവര്‍ സംസാരിച്ചു.
കേരളത്തില്‍ 14 കേന്ദ്രങ്ങളിലായി ഇരുപത്തി അയ്യായിരത്തിലധികം ജീവനക്കാര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു. കൊല്ലത്ത് ചെയര്‍മാന്‍ കെ.ഷാനവാസ്ഖാനും കോട്ടയത്ത് ട്രഷറര്‍ കെ.പി.ഗോപകുമാറും പത്തനംതിട്ടയില്‍ സെക്രട്ടേറിയറ്റംഗം എം.സി.ഗംഗാധരനും എറണാകുളത്ത് വൈസ് ചെയര്‍പേഴ്‌സണ്‍ എം.എസ്.സുഗൈതകുമാരിയും ഇടുക്കിയില്‍ സെക്രട്ടേറിയറ്റംഗം ബിന്ദുരാജനും മലപ്പുറത്ത് സംസ്ഥാന സെക്രട്ടറി കെ.മുകുന്ദനും തൃശ്ശൂരില്‍ സെക്രട്ടേറിയറ്റംഗം വി.വി.ഹാപ്പിയും കോഴിക്കോട് സെക്രട്ടേറിയറ്റംഗം ആര്‍.രമേശും പാലക്കാട് സംസ്ഥാന സെക്രട്ടറി എസ്.സജീവും, വയനാട് സെക്രട്ടേറിയറ്റംഗം എന്‍.കൃഷ്ണകുമാറും കണ്ണൂരില്‍ വൈസ്‌ചെയര്‍മാന്‍ നരേഷ്‌കുമാര്‍ കുന്നിയൂരും കാസര്‍ഗോഡ് വൈസ്‌ചെയര്‍മാന്‍ വി.സി.ജയപ്രകാശും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.