നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നഴ്സിംഗ് കോളേജ് അനുവദിച്ചു

 


നെയ്യാറ്റിൻകര - നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നഴ്സിംഗ് കോളേജ് അനുവദിച്ചു. കഴിഞ്ഞ 7 വർഷത്തിനിടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വന്ന മാറ്റങ്ങൾ   നിരവധിയാണ്. ഏറ്റവും വലിയ ഡയാലിസിസ് സെന്റർ, ഉന്നത നിലവാരത്തിലുള്ള ലേബർ റൂം, പ്രസവ വാർഡ് സൗകര്യങ്ങൾ, ആധുനിക സ്കാനിംഗ് സൗകര്യങ്ങൾ, സ്വകാര്യ ലാബുകളെ വെല്ലുന്ന ലാബ് സംവിധാനം, നവീന സൗകര്യങ്ങളോടു കൂടിയ വാർഡുകൾ, പുതിയ പേ വാർഡുകൾ എന്നിങ്ങനെ നിരവധി മാറ്റങ്ങളാണ് അടിസ്ഥാന സൗകര്യ മേഖലയിൽ കൊണ്ട് വരാൻ കഴിഞ്ഞത്. സൗകര്യങ്ങൾ വർധിച്ചത്  ആശുപത്രിയിലേക്ക് ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തിലും കുതിച്ചു ചാട്ടം ഉണ്ടാക്കി.  കൂടുതൽ ഡോക്ടർമാരുടെയും ഇതര സ്റ്റാഫുകളുടെയും സേവനം ഈ കാലയളവിൽ ലഭ്യമാക്കി. സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുന്നതിന് കെ ആൻസലൻ എം എൽ എ തുടർച്ചയായി സമ്മർദ്ദം ചെലുത്തി വരുന്നു. 

           സ്ഥല പരിമിതി മൂലം വീർപ്പു മുട്ടുന്ന ആശുപത്രിക്ക് കൂടുതൽ സ്ഥലം ഏറ്റെടുക്കുന്ന നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. 2021-22 സംസ്ഥാന ബജറ്റിൽ 10 കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്.  ഏറ്റെടുക്കുന്ന സ്ഥലത്ത് കെട്ടിടം നിർമിക്കുന്നതിന് കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 6 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

           ആശുപത്രിയുടെ വികസന പന്ഥാവിൽ ഒരു നാഴിക കല്ലാകുന്ന തീരുമാനമാണ് ഇപ്പോൾ പിണറായി സർക്കാർ എടുത്തത് എന്ന് കെ ആൻസലൻ എം എൽ എ പറഞ്ഞു.  ആശുപത്രിയിൽ നഴ്സിംഗ് കോളേജ് അനുവദിച്ചിരിക്കുന്നു. ഈ നാട്ടിലെ സാധാരണക്കാരന്റെ  ചികിത്സാ കേന്ദ്രം എന്നതിന് അപ്പുറം ഒരു ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രം ആയി ഈ ആശുപത്രിയെ ഉയർത്തുക എന്ന തൻ്റെ സ്വപ്നം യാഥാർഥ്യമാകുന്നതിൻ്റെ ആദ്യ പടിയാണ് എന്ന് കെ ആൻസലൻ എം എൽ എ അറിയിച്ചു.  

أحدث أقدم