കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള ആലിബൈ ഗ്ലോബലുമായി സ്ഫെറിക്കല്‍ റോബോട്ട് ടെക്നോളജി ട്രാന്‍സ്ഫര്‍ കരാറില്‍ ഒപ്പിട്ട് ഐഐടി ബോംബെ. ഡിഫെന്‍സ്, പാരാമിലിറ്ററി, സ്പെഷ്യല്‍ ഫോഴ്സ്, പോലീസ് തുടങ്ങിയ സുരക്ഷാ ഏജന്‍സികള്‍ക്ക് ഉപയോഗപ്രദമായ അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യയാണ് ഇതിലൂടെ പങ്കിടുന്നത്.
സുരക്ഷാ ഏജന്‍സികള്‍ക്ക് ആവശ്യമായ സ്ഫെറിക്കല്‍ റോബോട്ട് ടെക്നോളജി വികസിപ്പിക്കുന്നതിനും റോബോട്ട് നിര്‍മ്മിക്കുന്നതിനുമുള്ള ഐഐടി ബോംബെയുടെ സാങ്കേതിക സേവനം ഈ കരാറിലൂടെ ആലിബൈക്ക് ലഭിക്കും.തീവ്രവാദ ആക്രമണങ്ങള്‍ ഉള്‍പ്പടെയുള്ള അപകടകരമായ സാഹചര്യങ്ങളില്‍ ചെറിയ പന്തിന്‍റെ വലിപ്പമുള്ള ടാക്ടിക്കല്‍ റോബോട്ടിനെ കെട്ടിടങ്ങള്‍ക്ക് ഉള്ളിലേക്ക് എറിഞ്ഞാല്‍ അവിടെ നിന്നുള്ള ലൈവ് ഓഡിയോ, വീഡിയോ സ്ട്രീമിങ് വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിക്കും. ഇത്തരം വിവരങ്ങള്‍ ലഭ്യമാക്കുന്ന 'സ്ഫെറിക്കല്‍ റോബോട്ട് ഫോര്‍ റൂം ഇന്‍റര്‍വെന്‍ഷന്‍' ആണ് ഐഐടി ബോംബെയും ആലിബൈയും ചേര്‍ന്ന് നിര്‍മ്മിക്കുക.
മുംബൈ ഐഐടിയില്‍ നടന്ന ചടങ്ങില്‍ ഐഐടി ബോംബെ ഡീന്‍ പ്രൊഫ. സച്ചിന്‍ പട്‌വര്‍ദ്ധനും ആലിബൈ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഡോ.എസ്.പി. സുനിലും കരാറുകള്‍ കൈമാറി. സൈബര്‍ ഫോറെന്‍സിക്സ്, സൈബര്‍ ഇന്‍റലിജിന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആലിബൈ, ടാക്റ്റിക്കല്‍ ടെക്നോളജി രംഗത്ത് കൂടി പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഐഐടി ബോംബെയുമായി അഭിമാനകരമായ കരാര്‍ ഒപ്പു വെച്ചതെന്ന് കമ്പനിയുടെ ബിസിനസ് ഡയറക്ടര്‍ ശ്യാം കെ.എം. അറിയിച്ചു. മൂന്ന് വര്‍ഷത്തിലധികമായി ഡിഫെന്‍സ്, പോലീസ് ഏജന്‍സികള്‍ക്ക് സൈബര്‍ ഇന്‍റലിജന്‍സ് സേവനങ്ങളും ഫോറെന്‍സിക് സോഫ്റ്റ് വെയര്‍-ഹാര്‍ഡ് വെയര്‍ സൊല്യൂഷനുകളും നല്‍കുന്ന ആലിബൈ, ടാക്റ്റിക്കല്‍ സര്‍വൈലന്‍സ് ഉത്പന്ന നിര്‍മാണ മേഖലയില്‍ കൂടുതല്‍ മുതല്‍ മുടക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര സുരക്ഷാ മേഖലയില്‍ സുരക്ഷാ സേനകള്‍ക്ക് ഉപയോഗപ്രദമാകുന്ന വിധത്തില്‍ തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിയ്ക്കാനാണ് നാഷണല്‍ സെന്‍റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ടെക്നോളജി ഫോര്‍ ഇന്‍റേണല്‍ സെക്യൂരിറ്റിയും (എന്‍സിഇടിഐഎസ്), ഐഐടി ബോംബെയും ലക്ഷ്യമിടുന്നത്. കേന്ദ്ര ഐടി വകുപ്പിന്‍റെ സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അത്തരത്തില്‍ വികസിപ്പിച്ച സാങ്കേതികവിദ്യയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ നിര്‍മിക്കുവാനായി ആലിബൈ തയ്യാറെടുക്കുന്നത്.
ഐഐടി ബോംബെ പ്രൊഫസര്‍ ലീന വാചാനിയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണ ഫലമായിട്ടാണ് സുരക്ഷാ സേനകള്‍ അംഗീകരിക്കുന്ന സ്ഫെറിക്കല്‍ റോബോട്ട് ടെക്നോളജി വികസിപ്പിക്കാനായത് എന്ന് എന്‍സിഇടിഐഎസ് പ്രൊഫസര്‍-ഇന്‍-ചാര്‍ജ് ബി.ജി. ഫെര്‍ണാണ്ടസ് പറഞ്ഞു.