വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നത് 39 പേർ,

 

   തിരുവനന്തപുരം:  കേരളത്തിലെ ജയിലുകളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്നത് 39 പേർ. കണ്ണൂർ സെന്‍ട്രൽ ജയിൽ–5, വിയ്യൂർ സെൻട്രൽ ജയിൽ–6, വിയ്യൂരിലെ അതീവ സുരക്ഷാ ജയിൽ–3, തിരുവനന്തപുരം സെൻട്രൽ ജയിൽ–25. കഴിഞ്ഞ വർഷം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്നത് 20 പേരായിരുന്നു. ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചതോടെയാണു വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നവരുടെ എണ്ണം വർധിച്ചത്. വിഴിഞ്ഞത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയും മകനും ഉൾപ്പെടെ മൂന്നു പ്രതികൾക്കു വധശിക്ഷ വിധിച്ചതോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം 39 ആയി.

      വധശിക്ഷ വിധിക്കാറുണ്ടെങ്കിലും ഏറെക്കാലമായി നടപ്പിലാക്കാത്തതിനാൽ സംസ്ഥാനത്ത് ആരാച്ചാരില്ല. കണ്ണൂരിലും തിരുവനന്തപുരത്തുമാണ് വധശിക്ഷ നടപ്പിലാക്കാനുള്ള കഴുമരങ്ങളുള്ളത്. റിപ്പർ ചന്ദ്രനെയാണ് 1991ൽ കണ്ണൂർ സെൻട്രൽ ജയിലിൽ അവസാനമായി തൂക്കിലേറ്റിയത്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ കളിയാക്കാവിള സ്വദേശി അഴകേശനെയാണ് 1974ൽ അവസാനമായി തൂക്കിലേറ്റിയത്. എറണാകുളത്ത് നിയമവിദ്യാർഥിയെ കൊലപ്പെടുത്തിയ അസം സ്വദേശി മുഹമ്മദ് അമിറുൽ ഇസ്‌ലാമും ചെങ്ങന്നൂരിലെ ഇരട്ടകൊലപാതക കേസിൽ ശിക്ഷിച്ച ബംഗ്ലദേശ് പൗരൻ ലബലു ഹസൻ, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ നിനോ മാത്യുവുമെല്ലാം വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.

        വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവരുടെ അപ്പീൽ ലഭിച്ചാൽ സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിശദമായ പരിശോധന നടത്തും. ഇതിനായി വിദഗ്ധരുൾപ്പെടുന്ന പ്രത്യേക ഏജൻസിയെ നിയോഗിച്ചിട്ടുണ്ട്.

    വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുടെ മാനസികനില മെഡിക്കൽ കോളജിലെ വിദഗ്ധ സംഘം പരിശോധിക്കും. ജയിലിലെ പെരുമാറ്റം, കുടുംബ – സാമൂഹിക പശ്ചാത്തലം, സാമൂഹിക ജീവിതത്തിനു പറ്റിയ നിലയിലേക്കു സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ടോ, തൊഴിൽ സാധ്യത തുടങ്ങിയ കാര്യങ്ങടക്കം പരിശോധിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി തീരുമാനമെടുക്കുന്നത്. ഹൈക്കോടതി വിധി എതിരായാൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകാം. സുപ്രീംകോടതി തള്ളിയാൽ രാഷ്ട്രപതിക്കു ദയാഹർജി സമർപ്പിക്കാം. വധശിക്ഷ പരമാവധി ഒഴിവാക്കുന്ന രീതിയാണു കോടതികൾ സ്വീകരിക്കുന്നത്. ആലുവയിൽ ഒരു കുടുംബത്തിലെ ആറുപേരെ കൂട്ടക്കൊല ചെയ്ത ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു.

വളരെ പുതിയ വളരെ പഴയ