ആനവണ്ടിയിലെ അവിസ്മരണീയമായ മൂകാംബിക യാത്രാസ്മൃതി ഗതാഗത മന്ത്രി പ്രകാശനം നിർവ്വഹിച്ചു.

 ആനവണ്ടിയിലെ അവിസ്മരണീയമായ മൂകാംബിക യാത്രാസ്മൃതി ഗതാഗത മന്ത്രി പ്രകാശനം നിർവ്വഹിച്ചു.

 
    നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി. നെയ്യാറ്റിൻകര യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ മൂകാംബികയാത്രയിൽ പങ്കാളിയായ പെരുമ്പഴുതൂർ മടത്തിൽ വീട്ടിലെ എം.വി. മനോജിന്റെ ജീവിതം അക്ഷരാർത്ഥത്തിൽ മാറ്റിയത് ആ യാത്രയായിരുന്നു. പക്ഷാഘാതവും തുടർന്നുള്ള ഡിപ്രഷനും ശേഷം നാലു വർഷത്തോളം വിശ്രമജീവിതം നയിച്ച മനോജ് പത്രത്തിൽ കണ്ട പരസ്യത്തെ പിന്തുടർന്നാണ് 2023 ൽ മൂകാംബിക യാത്ര തെരഞ്ഞെടുത്തത്. പുറത്തേക്ക് സാധാരണ യാത്രകൾ പോലും ഒഴിവാക്കിയ മനോജും , സഹോദരീ പുത്രൻ യദുവും ചേർന്ന് നടത്തിയ മൂകാംബിക യാത്ര മനോജിന് അനായാസം വിജയകരമായി നടത്താനായി. മൂകാംബിക, കുടജാദ്രി, ഉഡുപ്പി, പറശ്ശിനിക്കടവ്, ചോറ്റാനിക്കര ദർശനം കഴിഞ്ഞ് ആനവണ്ടിയിൽ തിരികെ വീട്ടിൽ എത്തിയ മനോജ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നു.
       ആനവണ്ടിയിലെ അവിസ്മരണീയമായ മൂകാംബിക യാത്രാ അനുഭവം എഴുതി പുസ്തക രൂപത്തിലാക്കിയ മനോജ് വിവരം ഗതാഗത മന്ത്രിയെ ഫോണിൽ അറിയിച്ചു. മനോജിനെ അഭിനന്ദിച്ച മന്ത്രി പുസ്തക പ്രകാശനത്തിനുള്ള ഫോണിലൂടെയുള്ള ക്ഷണവും സ്വീകരിച്ചു. എം.വി.മനോജിന്റെ "ആന വണ്ടിയിലെ മൂകാംബിക യാത്ര " ബഹു. ഗതാഗത മന്ത്രി ശ്രീ.കെ.ബി.ഗണേഷ് കുമാർ പ്രകാശനം  നിർവ്വഹിച്ചു. കെ.എസ്.ആർ.ടി.സി. ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ പി.എസ്.പ്രമോജ് ശങ്കർ ഐ.ഒ.എഫ്.എസ് , ഫിനാൻഷ്യൽ അഡ്വൈസർ ആന്റ് ചീഫ് അക്കൗണ്ട്സ് ഓഫീസർ എ.ഷാജി, ബി.ടി.സി. കോ ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത്, സ്വിഫ്റ്റ് ഡിപ്പോ എൻജിനീയർ നിസ്താർ , സ്റ്റേഷൻ മാസ്റ്റർ എം.ഗോപകുമാർ ,  ട്രെയിനർ അനീഷ് പുതിയറക്കൽ , മാസ്റ്റർ യദു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കെ.എസ്.ആർ.ടി.സിയുടെ സേവനവും കുടുബ സമാനമായ ബജറ്റ് ടൂറിസം യാത്രാ അനുഭവവും രചനയിലൂടെ പൊതു സമൂഹത്തെ അറിയിച്ച എം.വി. മനോജിനെ ഗതാഗത മന്ത്രി ശ്രീ.കെ.ബി.ഗണേഷ് കുമാറും, ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ പി.എസ്. പ്രമോജ് ശങ്കറും അഭിനന്ദിച്ചു.

വളരെ പുതിയ വളരെ പഴയ