സി പി ഐ നാഗപട്ടണം എം പി സെൽവരാജ് എം അന്തരിച്ചു
നാഗപട്ടണം: തമിഴ്നാട്ടിലെ സിപിഐ നേതാവും നാഗപട്ടണം എംപിയുമായ എം സെൽവരാജ് അന്തരിച്ചു. 67 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടരക്കായിരുന്നു മരണം.
മേയ് രണ്ടിനാണ് അദ്ദേഹത്തെ ചെന്നൈ മയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാല് തവണ ലോകസഭാ അംഗമായിട്ടുണ്ട്. സംസ്കാരം നാളെ രാവിലെ 10 മണിക്ക് കൊട്ടൂരിൽ നടക്കും. സെൽവരാജിന്റെ മരണത്തിൽ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ഇത്തവണ അനാരോഗ്യം കാരണം മത്സരരംഗത്ത് നിന്ന് പിന്മാറിയിരുന്നു.
സിപിഐ നേതാവും തമിഴ്‌നാട്ടിലെ നാഗപട്ടണത്തു നിന്നുള്ള ലോക്സഭാംഗവുമായ എം സെല്‍വരാജിന്റെ നിര്യാണത്തില്‍ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവുമായ ബിനോയ് വിശ്വം അനുശോചിച്ചു. ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങളിലൂടെ വളര്‍ന്നുവന്ന നേതാവായിരുന്നു സെല്‍വരാജ്. കര്‍ഷകരുടെയും തൊഴിലാളികളുടെയും ദുരിതങ്ങള്‍ നേരിട്ടറിഞ്ഞ്, അവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ മുന്നില്‍ നിന്നാണ് അദ്ദേഹം രാഷ്ട്രീയരംഗത്ത് വളര്‍ന്നുവന്നത്. പരിമിതമായ അംഗബലമേ പാര്‍ലമെന്റില്‍ സിപിഐക്ക് ഉണ്ടായിരുന്നുള്ളൂ എങ്കിലും എല്ലാ വിഷയങ്ങളിലും ഇടപെടാനും ചര്‍ച്ചകളില്‍ നിലപാടുകള്‍ ശക്തമായി ഉന്നയിക്കുന്നതിനും ബദ്ധശ്രദ്ധനായിരുന്നു സെല്‍വരാജെന്ന് ബിനോയ് വിശ്വം അനുസ്മരിച്ചു.