*വേനലവധിയിൽ വസന്തം രചിച്ച് ആനവണ്ടിയും കുട്ട്യോളും.*



നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ  കുട്ടികൾക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് സർഗ്ഗാത്മകതയിലൂടെ കുരുന്നുകളുടെ മനം കവർന്നു. കരിനട ആശ്രയയുടെയും നിംസ് മെഡിസിറ്റിയുടെയും സഹകരണത്തോടെയാണ് കെ.എസ്.ആർ.ടി.സി. കുട്ടികൾക്കായി സംസ്ഥാനത്ത് ആദ്യത്തെ യാത്രാക്യാമ്പ് നെയ്യാറ്റിൻകരയിൽ ഒരുക്കിയത്. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള ഏകദിന യാത്രയും പഠന ക്ലാസുകളും ഇടകലർന്ന " ആന വണ്ടിയും കുട്ട്യോളും " ക്യാമ്പിൽ പത്തിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള 31 കുട്ടികൾ പങ്കെടുത്തു. ഇളം മുറക്കാരായ അഭിനവ് സുരേഷും ശ്രീകൃഷ്ണനും ജോജിത്തും മുതൽ അഷ്ടമിയും കാർത്തികേയനും വരെ എല്ലാവരും പാട്ടും കളികളും നിറഞ്ഞ ക്യാമ്പിൽ സസന്തോഷം പങ്കാളികളായി. 

കെ.എസ്.ആർ.ടി.സിയുടെ സംസ്ഥാനത്തെ ആദ്യത്തെ യാത്രാ ക്യാമ്പായ "ആനവണ്ടിയും കുട്ട്യോളും " ക്യാമ്പ് നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജമോഹൻ ഉദ്ഘാടനം ചെയ്തു.* ചടങ്ങിൽ ആശ്രയ രക്ഷാധികാരി അയണിത്തോട്ടം കൃഷ്ണൻ നായർ, നിംസ് ജനറൽ മാനേജർ ഡോ. സജു, കെ.എസ്.ആർ.ടി.സി. ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ടി.ഐ. സതീഷ് കുമാർ, ടൂറിസം സെൽ കോ - ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത്, ക്യാമ്പ് ഡയറക്ടർ ഗിരീഷ് പരുത്തി മഠം എന്നിവർ ചടങ്ങിൽ സംസാരിച്ചു. നഗരസഭ ചെയർമാനും ക്യാമ്പംഗങ്ങളായ കുട്ടികളും ചേർന്ന് ബലൂണുകൾ പറത്തിയാണ് ക്യാമ്പിന് തുടക്കം കുറിച്ചത്. പ്രശസ്ത കവി സുമേഷ് കൃഷ്ണൻ കവിതകളിലൂടെ കുട്ടികളെ പരിചയപ്പെട്ടു. "കവിതകളുടെ ജനനം " എന്ന വിഷയത്തെപ്പറ്റി സുമേഷ് കൃഷ്ണൻ കുട്ടികളോട് സംവദിച്ചു.

      ഉദ്ഘാടന ശേഷം പ്രത്യേകം ക്രമീകരിച്ച ബസിൽ കാപ്പുകാട് ആന വളർത്തൽ കേന്ദ്രത്തിൽ എത്തിയ കുട്ടികളെ ഫോറസ്റ്റ് ബീറ്റ് ഓഫീസർ ഷൈജുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കുട്ടികൾ കാപ്പുകാട്ടിലെ പുസ്തകകൂടിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. ആനകളുടെ പരിപാലന രീതി ചോദിച്ച് മനസിലാക്കിയ ക്യാമ്പംഗങ്ങൾ എൺപത്തിമൂന്നുവയസുകാരൻ സോമൻ മുതൽ മൂന്ന് വയസ് പിന്നിട്ട രാജു വരെയുള്ള ആനകൾക്കൊപ്പം ചിത്രങ്ങളും എടുത്ത ശേഷമാണ് മടങ്ങിയത്. തിരികെ കോട്ടൂരിലെ ഗീതാഞ്ജലി ഗ്രന്ഥശാല സന്ദർശിച്ച കുട്ടികൾക്ക് ഡോ. കോട്ടൂർ ജയകുമാർ സമ്മാനങ്ങൾ കൈമാറി. തുടർന്ന് മാൻ പാർക്കും നെട്ടുകാൽത്തേരി തുറന്ന ജയിലും സന്ദർശിച്ച കുരുന്നുകൾ നെയ്യാർ ഡാമിൽ എത്തി. " യാത്രകളുടെ ചന്ത "ത്തെ പറ്റി പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കെ.ആർ. അജയൻ കുട്ടികളോട് അനുഭവങ്ങൾ പങ്കിട്ടു. പലതവണ ഹിമാലയാരോഹണം നടത്തിയ ഓർമ്മകളും കാശ്മീർ, അതിർത്തി സന്ദർശന വിശേഷങ്ങളും കുട്ടികളുമായി പങ്കുവച്ച കെ.ആർ. അജയൻ എല്ലാ കുട്ടികൾക്കും ഓരോരുത്തരുടെയും അഭിരുചിക്ക് അനുസൃതമായ പുസ്തകങ്ങളും കൈമാറി. തുടർന്ന് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷം ഹരി ചാരുത "വരയിലെ മൊഴി" യെ പറ്റി സംവദിച്ചു. വിശാലമായ ക്യാൻവാസിൽ വിവിധ ചിത്രങ്ങൾ വരച്ച ഹരി കുട്ടികളോട് വേഗവരയിലെ രഹസ്യങ്ങൾ കൈമാറി. 

      ഉച്ചക്ക് ശേഷം പ്രകൃതി ഭംഗിയുടെ അപാരമായ ആഴങ്ങളിലേക്ക് കുട്ടികൾക്കൊപ്പം ബസ് പൊന്മുടിയിലേക്ക് നീങ്ങി. കല്ലാറിന്റെ ദൃശ്യഭംഗി ആസ്വദിച്ച കുട്ടികളെ പോലീസ് സർക്കിൾ ഇൻസ്പെക്ടർ വി.എൻ. സാഗറിന്റെ നേതൃത്വത്തിൽ പൊന്മുടി വയർലസ് സ്റ്റേഷന് സമീപത്ത് സ്വീകരിച്ചു. തുടർന്ന് " സൈബർ ലോകത്തെ ചതിക്കുഴി "കളെക്കുറിച്ച് വി.എൻ. സാഗർ   കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. " ഭാവിയിലേക്കൊരു താക്കോലി "നെ ആസ്പദമാക്കി ക്യാമ്പ് ഡയറക്ടർ ഗിരീഷ് പരുത്തി മഠം, "കുട്ടികളും കണക്കും " എന്ന വിഷയത്തിൽ എം.ഗോപകുമാർ, "കുട്ടിപ്പാട്ടുകളെ 'ക്കുറിച്ച് കവയത്രി ദീപ മണികണ്ഠൻ എന്നിവർ സെഷനുകൾ നയിച്ചു. എസ്.സുജ, ജി. ജിജോ, എസ്.എസ്. സാബു, ഷൈൻ എന്നിവരും കുട്ടികളുമായി അനുഭവങ്ങൾ പങ്കുവച്ച് സംവദിച്ചു. കുരുന്നുകളുടെ സർഗ്ഗാത്മകത കലർന്ന വരകളും വരികളും ഒപ്പിയെടുത്ത പേപ്പറുകൾ കുട്ടികൾ അതിഥികൾക്ക് സമ്മാനിച്ചു. ക്യാമ്പിലെ വിവിധ സെഷനുകളെ ആസ്പദമാക്കി ഗിരീഷ് പരുത്തി മഠം നയിച്ച " ആനവണ്ടി പ്രശ്നോത്തരി "യിലെ വിജയികളായ കുട്ടികൾക്ക് അയണിത്തോട്ടം കൃഷ്ണൻ നായർ, എൻ.കെ. രഞ്ജിത്ത് എന്നിവർ സമ്മാനങ്ങൾ നൽകി. കോടമഞ്ഞിന്റെ ചാരുത നിറഞ്ഞ സായാഹ്നത്തിന്റെ ഭംഗി ആസ്വദിച്ച ശേഷം വൈകിട്ട് ആറരയോടെ ക്യാമ്പംഗങ്ങൾ ആനവണ്ടിയിൽ തിരികെ ഭവനങ്ങളിലേക്ക് . ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച കെ.എസ്.ആർ.ടി.സിക്കും സംഘാടകർക്കും മനം നിറയെ നന്ദിയുമായി കുട്ടികൾ പുതിയ കലാലയവർഷ ചിന്തകളിലേക്ക് കുന്നിറങ്ങി. ക്യാമ്പിന്റെ സംഘാടന പ്രവർത്തനങ്ങൾക്ക് സോണൽ ട്രാഫിക് ഓഫീസർ സാം ജേക്കബ്ബ് ലോപ്പസ്, ക്ലസ്റ്റർ ഓഫീസർ മുഹമ്മദ് ബഷീർ, എ.ടി. ഒമാരായ സുമേഷ്, സജിത്ത് എന്നിവർ മേൽനോട്ടം വഹിച്ചു. ഭാവിയിലും സന്നദ്ധ സഹകരണത്തോടെ ഇത്തരം യാത്രാ ക്യാമ്പുകൾക്ക് ബജറ്റ് ടൂറിസം സെൽ നേതൃത്വം നൽകുമെന്ന് സോണൽ ഓഫീസർ സാം ജേക്കബ്ബ് ലോപ്പസ് സൂചിപ്പിച്ചു.

أحدث أقدم