തിരുവനന്തപുരം: ലോക ഭക്ഷ്യ സുരക്ഷ ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രവും കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് കൃഷി ഭവനും സംയുക്തമായി മരച്ചീനി ശാസ്ത്രീയ കൃഷിയും ആരോഗ്യവും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചു. കിഴങ്ങ് ഗവേഷണ കേന്ദ്രം ക്രോപ് പ്രൊഡക്ഷന്‍ മേധാവി ജി. ബൈജു പരിശീലനം നല്‍കി. കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഈ വര്‍ഷം മരച്ചീനിയുടെ 25 പ്രദര്‍ശന തോട്ടങ്ങള്‍ ഒരുക്കാനും കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം തീരുമാനിച്ചു. അവയ്ക്കായുള്ള സാങ്കേതിക സഹായവും കേന്ദ്രം നല്‍കും. കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നമായ മികച്ചയിനം നടീല്‍ വസ്തുക്കള്‍ക്കുള്ള ലഭ്യതക്കുറവ് പരിഹരിക്കുന്നതിനും കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം തുടക്കം കുറിച്ചു. പരിശീലന പരിപാടിയില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് നടീല്‍ വസ്തുക്കളും മൈക്രോഫുഡും സൗജന്യമായി വിതരണം ചെയ്തു. നല്ലൂര്‍വട്ടം വാര്‍ഡ് മെന്പര്‍ എസ്. രാജഗോപാല്‍ ചടങ്ങില്‍ അധ്യക്ഷനായി. കൃഷി ഓഫീസര്‍ ചന്ദ്രലേഖ സി.എസ്, കൃഷി അസിസ്റ്റന്‍റ് അനൂപ്, കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം സീനിയര്‍ ടെക്നീഷ്യന്‍ രെജിന്‍ ഡി.റ്റി എന്നിവര്‍ സംബന്ധിച്ചു. നൂറോളം കര്‍ഷകരും പങ്കെടുത്തു.