മഴ പെയ്യരുതേ എന്ന് പ്രാർത്ഥിക്കുന്ന നെയ്യാറ്റിൻകര നഗരസഭ കൃഷിഭവൻ

 


നെയ്യാറ്റിൻകര: മഴക്കാറ് കണ്ടാൽ മനസ് ഒന്ന് കാളും നെയ്യാറ്റിൻകര നഗരസഭയിലെ കൃഷിഭവൻ ജീവനക്കാർക്ക് . മഴക്കാലത്ത് ജീവൻ രക്ഷിക്കാൻ പെടാപ്പാടുപ്പെടേണ്ട അവസ്ഥയിലാണ് കൃഷിഭവൻ ജീവനക്കാർ. ചുവരുകൾ വിണ്ടുകീറിയും ചോർന്ന് ഒലിക്കുന്ന മേൽക്കൂരയും ആല്കിളിർത്ത് പിളർന്ന് മാറിയ ചുവരുമാണ് കൃഷി ഭവൻ്റെ ഭൗതീക സാഹചര്യം. മഴയെത്ത് ഫയലുകളും മറ്റത്യാവശ്യ സാധനങ്ങളും അതിനോടപ്പം സ്വന്തം ജീവനും രക്ഷിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലായിരിക്കും ജീവനക്കാർ. മഴയത്ത് ചോർന്നൊലിക്കുന്ന വെള്ളം ദിവസങ്ങളോളം തറയിൽ കെട്ടിക്കിടക്കും. തൂത്തുകളയുകയോ ചണ ചാക്കുകൾ ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കുകയോ ആണ് പതിവ്. മുറികളുടെ ചുവരുകൾ വെള്ളം വീണ് കുതിർന്ന് ഇരിക്കുന്നതിനാൽ ചുവരിൽ ചാരി നിൽക്കാൻ ശ്രമിച്ചാൽ ചുവർ ഇടിഞ്ഞ് വീണ് ദുരന്തം സംഭവിക്കാനും ഇടയുണ്ട്.   



 ഓഫീസ് 15 വർഷം മുമ്പ് പുതിയ നഗരസഭ കെട്ടിടം നിർമ്മിക്കുന്ന സമയത്താണ് മൃഗസംരക്ഷണ വകുപ്പിന്റെ പൊളിച്ച് മാറ്റാൻ തീരുമാനിച്ച കെട്ടിടത്തിലേയ്ക്ക് നെയ്യാറ്റിൻകര നഗരസഭ കൃഷി ഭവനെ മാറ്റിയത്. ദിവസേന 50 നും 75 നും ഇടയ്ക്ക് കർഷകർ വരുന്ന കൃഷിഭവനിൽ നിൽക്കാൻ പോലും സ്ഥലം ഇല്ലാത്ത നിലയിലാണ്. മഴ പെയ്താൽ നനയാത്ത ഒരു മുറി പോലും നിലവിലില്ല. ഫയലുകളും ഉപകരണങ്ങളും പെട്ടെന്ന് നശിച്ചു പോകുന്ന ഒരു അവസ്ഥയാണ്. വികസന സമിതി കൂടാനായി നഗരസഭയെയാണ് ആശ്രയിക്കാറ്.വിത്ത്, വളം, തൈകൾ മുതലായവ സൂക്ഷിക്കാനുള്ള സ്ഥലമോ സൗകര്യങ്ങളോ നിലവിലില്ലാ.താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിൻ്റെ ഒത്ത നടുക്ക് സ്ഥിതി ചെയ്യുന്ന ഈ കൃഷി ഭവനിൽ ഇതുവരെയും ശൗചാലയ നിർമ്മാണം പൂർത്തിയായിട്ടില്ല എന്നതും ഒരു സവിശേഷതയാണ്. ഇപ്പോൾ എം എൽ എ ഫണ്ട് ഉപയോഗിച്ച്  ശൗചാലയത്തിന്റെ പണി നടന്നു വരുന്നു.അതുപോലെ തന്നെ ജീവനക്കാരുടെ ആഭാവം. ഒരു അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസറും ഒരു കൃഷി അസിസ്റ്റന്റും ഒരു പി.റ്റി.എ സുമാണ് നിലവിലുള്ളത്. രണ്ട് കൃഷി അസിസ്റ്റന്റ്മാരെ കൂടി നിയമിച്ചാൽ നിലവിലെ ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറയ്ക്കാൻ സാധിക്കുന്നതാണ്
          
      


  കേരളത്തിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഫലഭൂയിഷ്ടമായ ഭൂപ്രദേശമാണ് നെയ്യാറ്റിൻകര നഗരസഭ പ്രദേശം. കൃഷിയ്ക്ക് അനുയോജ്യമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്. നൂറ്റാണ്ടുകളായി കാർഷിക വൃത്തിയിൽ അധിഷ്ഠിതമായി ജീവിക്കാൻ ശീലിച്ച ഈ നാട്ടിലെ ജനങ്ങൾ എല്ലാവിധ വിളകളും പാരമ്പര്യമായി കൃഷി ചെയ്തു വരുന്നു. പ്രധാന കൃഷികൾ തെങ്ങ്, വാഴ, മരിച്ചീനി, പച്ചക്കറി, നെല്ല്, കിഴങ്ങ് വർഗ്ഗവിളകൾ, ഇഞ്ചി, മഞ്ഞൾ, കുരുമുളക്, നാണ്യവിളകൾ എന്നിവയും സുലഭമായി കൃഷി ചെയ്തുവരുന്നു. ഈ കഴിഞ്ഞ ഏപ്രിൽ 2021 മുതൽ 2022 ജൂൺ വരെ കോർപ്പ് ഇൻഷുറൻസ് ചെയ്തിട്ടുള്ള കർഷകർ നൂറ്റിമുപ്പത്തിമൂന്നും പ്രിമിയം തുക ഒരു ലക്ഷത്തി ആറായിരത്തി എഴുന്നൂറ്റി മുപ്പത്തി നാല് രൂപയുമാണ്. വളരെയധികം കർഷകർ ആശ്രയിക്കുന്ന ഒരു കൃഷി ഭവൻ ആണ് നെയ്യാറ്റിൻകര നഗരസഭ കൃഷി ഭവൻ. 70 ഹെക്ടറോളം സ്ഥലം നിലവിൽ നെൽകൃഷിയ്ക്ക് അനുയോജ്യമായിട്ടുണ്ട്. പലയിടങ്ങളിലും നിലവിൽ പഴം, പച്ചക്കറി, കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ കൃഷി ചെയ്തു വരുന്നു. അതുപോലെ തന്നെ 850 ഹെക്ടർ സ്ഥലത്ത് വിവിധ കരകൃഷിയും ചെയ്തു വരുന്നു. നെയ്യാറ്റിൻകര താലൂക്കിലെ ഏറ്റവും കൂടുതൽ കൃഷിയുള്ള കൃഷി ഭവന്റെ അവസ്ഥ വളരെ പരിതാപകരമാണ്. അപകട ഭീക്ഷണിയുയർത്തുന്ന നെയ്യാറ്റിൻകര നഗരസഭ കൃഷിഭവൻ അടിയന്തരമായി പൊളിച്ച് ഹൈടെക്ക് കൃഷി ഭവനാക്കി മാറ്റണമെന്നുള്ളതാണ് കൃഷിക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.






أحدث أقدم