നെയ്യാര്‍ മേളയില്‍ സന്ദര്‍ശകത്തിരക്ക്

 നെയ്യാര്‍ മേളയില്‍ സന്ദര്‍ശകത്തിരക്ക് 

അഡ്വഞ്ചറസ് പാര്‍ക്കും ഫുഡ് കോര്‍ട്ടും സജീവം

സാംസ്കാരിക പരിപാടികള്‍ ആസ്വദിക്കാന്‍ നിറഞ്ഞ സദസ്സ് 


നെയ്യാറ്റിൻകര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏര്യാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറാലുംമൂട് അഡ്വ. തലയൽ എസ്. കേശവൻനായർ നഗറിൽ നടക്കുന്ന നെയ്യാർ മേളയില്‍ സന്ദര്‍ശക തിരക്ക് വര്‍ധിച്ചു. അമാസ് കേരള ഒരുക്കിയ അ‍ഡ്വഞ്ചറസ് പാര്‍ക്കും മുഖ്യവേദിയുടെ സമീപത്തായി പ്രവര്‍ത്തിക്കുന്ന രുചിവൈവിധ്യങ്ങളുടെ ഫുഡ് കോര്‍ട്ടും സജീവമായി. വ്യാപാര സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും സാംസ്കാരിക പരിപാടികള്‍ ആസ്വദിക്കാനും  കുടുംബസമേതം എത്തുന്നവരുടെ എണ്ണവും ഏറി വരുന്നു. 

നെയ്യാര്‍ മേളയിലെ ഭക്ഷണശാലകളിൽ നിന്ന് വെജ്- നോൺ വെജ് ഫ്രൈഡ്റൈസ് ഇനങ്ങളും, പനീർ ബിരിയാണി, ബീഫ് ചിക്കൻ ബിരിയാണി തുടങ്ങിയ ബിരിയാണി ഇനങ്ങളും ദോശയുടെ തട്ടു-പ്ലയിൻ മസാല- ചിക്കൻ വേർഷനുകളും ലഭിക്കും. പുട്ടും മീനും പപ്പടവും കട്ടനും ചേർന്ന കോമ്പിനേഷൻ കഴിക്കാനെത്തുന്നവരുടെ തിരക്കും  കൂടുതലാണ്. കാരറ്റ് പുട്ട്, ബീറ്റ്റൂട്ട് പുട്ട്, മഴവിൽ പുട്ട്, ചോളം പുട്ട്, സുന്ദരിപ്പുട്ട് എങ്ങിങ്ങനെ നീളുന്നു പുട്ടുകളുടെ വൈവിധ്യം.  കൂടാതെ കണവ, ഞണ്ട്, കൊഞ്ച്, നെയ്‌മീൻ, സിലോപ്പി, ആവോലി തുടങ്ങിയവയാല്‍ ലൈവായി തയ്യാറാക്കുന്ന വിഭവങ്ങൾ കഴിക്കുവാനും ഈ ഭക്ഷണശാലകളില്‍ സൗകര്യമുണ്ട്. ട്രഡീഷണൽ മെനുവായ കപ്പയും മീൻകറിയും ആസ്വദിച്ചുകഴിക്കുന്നവരും മേളയിലെത്തുന്നുണ്ട്. അമ്മിക്കല്ലിലരച്ച കറിക്കൂട്ടുചേർത്ത് തയ്യാറാക്കുന്ന അമ്മച്ചിക്കോഴിക്കറിക്കും ആവശ്യക്കാരേറെ. അമാസ് കേരള ഒരുക്കിയിട്ടുള്ള അ‍ഡ്വഞ്ചറസ് പാര്‍ക്ക് കുട്ടികളും കൗമാരക്കാരും മുതിര്‍ന്നവരും ഒരുപോലെ സ്വീകരിച്ചുകഴിഞ്ഞു. ചിരിക്കാത്ത മനുഷ്യന്‍, അമ്യൂസ്മെന്‍റ് പാര്‍ക്ക് മുതലായവയും ആകര്‍ഷകം. ഓണക്കാലത്തെ ഷോപ്പിംഗ് സാംസ്കാരികാനുഭവങ്ങളുടെ പുത്തൻ സാധ്യതകൾ തുറന്നിടുന്ന  നെയ്യാർ മേള 18 ന് സമാപിക്കും.

أحدث أقدم