മുഖ്യമന്ത്രിക്ക് ആയിരം കത്തുകളുമായി കെ.എസ്.ആർ.ടി.സി. ജീവനക്കാർ.
നെയ്യാറ്റിൻകര: ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശികയും ഓണക്കാല ആനുകൂല്യങ്ങളും കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ലഭ്യമാക്കാൻ സർക്കാർ ഇടപെടുക, കെ.എസ്.ആർ.ടി.സി. വരവ് ചെലവ് കണക്കുകൾ സോഷ്യൽ ആഡിറ്റിംഗിന് വിധേയമാക്കുക, മാനേജ്മെന്റിന്റെ അശാസ്ത്രീയ പരിഷ്കരണ നടപടികൾ അവസാനിപ്പിക്കുക, സർവ്വീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ട്രാൻസ്പോർട്ട് ജീവനക്കാർ മുഖ്യമന്ത്രിക്ക് കത്തുകളയച്ചു. ലോക കത്തെഴുത്ത് ദിനമായ സെപ്തംബർ ഒന്നിന് കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര യൂണിറ്റിലെ ജീവനക്കാരും യാത്രക്കാരുമാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. രാവിലെ *നെയ്യാറ്റിൻകര ബസ്സ്റ്റാന്റിൽ ആരംഭിച്ച " പോസ്റ്റ് എ ലറ്റർ ടു സി.എം " ക്യാംപയിൻ സി.ഐ.ടി.യു. ഏര്യാ ട്രഷററും കണ്ടക്ടറുമായ കെ.പി. ദീപ ഉദ്ഘാടനം നിർവ്വഹിച്ചു.* വിവിധ ജില്ലകളിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച് നെയ്യാറ്റിൻകര ഡിപ്പോയിൽ പണിയെടുക്കുന്ന നിരവധി ജീവനക്കാർ ഉൾപ്പെടെ ശമ്പളം കുടിശ്ശിക ആയതോടെ കടുത്ത പ്രതിസന്ധിയിലാണ്. സർവ്വീസുകളുടെ എണ്ണം കുറഞ്ഞതോടെ ഓണക്കാലത്ത് യാത്രാ ക്ലേശവും രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് പൊതു ഗതാഗത സംരക്ഷണാർത്ഥം കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ കത്തെഴുത്ത് ക്യാംപയിൻ സംഘടിപ്പിച്ചത്. ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ ആയിരം പേർ നെയ്യാറ്റിൻകരയിൽ നിന്ന് മുഖ്യമന്ത്രിക്ക് കത്തുകളയച്ചു. ക്യാംപയിന് അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ട് ജി.ജിജോ, ടി.ഐ. സതീഷ് കുമാർ, എൻ.കെ.രഞ്ജിത്ത്, എം.ഗോപകുമാർ , സുരേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.