നഗര വസന്തം; തലയെടുപ്പോടെ വസന്ത കന്യക

 നഗര വസന്തം; തലയെടുപ്പോടെ വസന്ത കന്യക


തിരുവനന്തപുരം:നൂറോളം ഇന്‍സ്റ്റലേഷനുകളാണ് നഗര വസന്തത്തിന്റെ ഭാഗമായി കനകക്കുന്ന് പരിസരത്തും നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലുമായി ഒരുക്കിയിട്ടുള്ളത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ഇന്‍സ്റ്റലേഷന്‍ ഏത് എന്ന ചോദ്യത്തിന് എല്ലാവരും നല്‍കുന്ന ഉത്തരം വസന്ത കന്യക എന്നതാണ്. നഗര വസന്തത്തിലെ ഏറ്റവും വലിയ ഇന്‍സ്റ്റലേഷനായ വസന്ത കന്യക സൂര്യകാന്തിയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റായ ഹൈലേഷാണ് നഗര വസന്തത്തിലെ ഇന്‍സ്റ്റലേഷനുകളുടെ നിര്‍മാണത്തിനു നേതൃത്വം നല്‍കിയത്. വസന്ത കന്യകയുടെയും സൃഷ്ടാവ് ഹൈലേഷാണ്. മുടിയിഴകളില്‍ പുക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന കന്യകയുടെ മുഖവും കൈയ്യും കൈയ്യില്‍ നിന്നും ഒഴുകിയിറങ്ങുന്ന ജലധാരയും കുളവുമൊക്കെ അടങ്ങുന്ന വസന്ത കന്യക ഇന്‍സ്റ്റലേഷന് 20 അടിയോളം ഉയരമുണ്ട്. ഹൈലേഷിന്റെ നേതൃത്വത്തില്‍ 15ഓളം കലാകാരന്മാരാണ് വസന്ത കന്യകയെ ഒരുക്കിയത്. ഇരുമ്പ് ചട്ടക്കൂടില്‍  പ്ലാസ്റ്റര്‍ ഓഫ് പാരിസിലാണ് നിര്‍മാണം. 15 കലാകാരന്മാര്‍ക്കു പുറമേ വെല്‍ഡിങ്ങിനും ലാന്‍ഡ് സ്‌കേപിങ്ങിനുമൊക്കെയായി 30ഓളം തൊഴിലാളികളും നിര്‍മാണത്തില്‍ പങ്കാളികളായി. ഗിരീഷ്, മനോജ്‌, അഭിരാം തുടങ്ങിയവർ വസന്ത കന്യകയുടെ മുടിയഴകളില്‍ വസന്തമൊരുക്കുന്നതിനും  ലാന്‍ഡ് സ്‌കേപ്പിങ്ങിനും ഹൈലേഷിന് സഹായിക്കളായി. 15 ദിവസത്തോളമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കൃത്രിമ തടാകവും തടാകത്തിന്റെ കരയിലെ കളിവഞ്ചിയുമെല്ലം ഇന്‍സ്റ്റലേഷന് ദൃശ്യഭംഗിപകരുന്നു. കന്യകയുടെ കൈയ്യില്‍ നിന്നും തടാകത്തിലേക്ക് ഒഴുകിയിറങ്ങുന്ന ജലധാര നിശ്ചലദൃശ്യത്തിന് ലൈവ് പ്രതീതി നല്‍കുന്നു. പകല്‍സമയങ്ങളില്‍ത്തന്നെ വസന്ത കന്യകയെ കാണാനും ഫൊട്ടോയെടുക്കാനും ജനത്തിരക്കാണ്. രാത്രി ദീപാലങ്കാരങ്ങള്‍ തെളിയുന്നതോടെ വസന്ത കന്യക കൂടുതല്‍ സുന്ദരിയാകുന്നു.


 വൈകുന്നേരങ്ങളില്‍ നല്ലൊരു പാട്ടും കേട്ട് ചായയും സ്‌നാക്‌സും ആസ്വദിക്കുന്നത് മലയാളിയുടെ ശീലമാണ്. നല്ലൊരു പാട്ടിനൊപ്പം സിക്കിമില്‍ നിന്നുള്ള മോമോസും ആസാമില്‍ നിന്നുള്ള ചായയും ആയാലോ... താല്‍പര്യമുള്ളവര്‍ക്ക് സൂര്യകാന്തിയിലേക്ക് വരാം. നഗരവസന്തം പുഷ്പമേളയുടെ ഭാഗമായി കഫെ കുടുംബശ്രീ ഒരുക്കിയിട്ടുള്ള ദേശീയ ഭക്ഷ്യമേള ഭക്ഷണ വൈവിധ്യത്തിന്റെകൂടി മേളയാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള വിഭവങ്ങള്‍ക്കു പുറമേ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷണവും മേളയില്‍ ലഭ്യമാണ്. ആന്ധ്രപ്രദേശിന്റെ തനത് ഹൈദരാബാദി ബിരിയാണി മുതല്‍ മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത സിക്കിം, അസാം തുടങ്ങിയ സംസ്ഥാനങ്ങളുടെ രൂചികളും മേളയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട്. കുടംപുളിയിട്ട മീന്‍കറി, കപ്പ ബിരിയാണി, പുഴുക്ക്, പിടിയും കോഴിയും തുടങ്ങി കേരളത്തിന്റെ തനതു രുചികളെല്ലാം മേളയിലുണ്ട്. ഈ വിഭവങ്ങള്‍ വിവിധ ജില്ലകളില്‍ വ്യത്യസ്ഥമായ രീതിയില്‍ തയാറാക്കുമ്പോഴുള്ള രുചി വൈവിധ്യം ആസ്വദിക്കാന്‍കഴിയുന്നു എന്നതാണ് മേളയുടെ ഏറ്റവും വലിയ പ്രത്യേകത. മലബാറിന്റെ തനതു ചട്ടിപ്പത്തിരിയും ഇറച്ചിപ്പത്തിരിയും കിളിക്കൂടും, ഉന്നക്കായയും പഴം നിറച്ചുതുമെല്ലാം ഒരുവശത്ത് അണിനിരക്കുമ്പോള്‍ തിരുവിതാംകൂറിന്റെ കട്ടച്ചല്‍ക്കുഴി ചിക്കനും ചിക്കന്‍പെരട്ടുമെല്ലാം മറുവശത്ത് രൂചിമേളം തീര്‍ക്കുന്നു. മധ്യകേരളത്തില്‍ നിന്നും കോട്ടയവും ഇടുക്കിയും അടങ്ങുന്ന ഹൈറേഞ്ചില്‍ നിന്നുമെല്ലാമുള്ള രുചികള്‍ വേറെയുമുണ്ട്. ഒരേ വിഭവത്തിന്റെ തന്നെ വൈവിധ്യങ്ങള്‍ അണിനിരക്കുന്ന ദോശ മേളയും പുട്ട് മേളയും ശ്രദ്ധാകേന്ദ്രങ്ങളാണ്. പ്ലെയിന്‍ ദോശയും, മസാല ദോശയും, ചിക്കന്‍ ദോശയും, മുട്ടദോശയും, ചിക്കന്‍പുട്ടും, കാരറ്റ് പുട്ടും, ചെമ്മീന്‍പുട്ടും മുത്താറിപുട്ടും എല്ലാം മേളയിലെ താരങ്ങളാണ്. 30ലധികം വ്യത്യസ്ഥ തരം ജ്യൂസുകള്‍ ലഭിക്കുന്ന ജ്യൂസ് സ്റ്റാളാണു ഭക്ഷ്യമേളയിലെ മറ്റൊരു പ്രധാന ശ്രദ്ധാകേന്ദ്രം. സാധാരണ ലൈം ജ്യൂസ് മുതല്‍ പച്ചമാങ്ങ ജ്യൂസും നെല്ലിക്ക ജ്യൂസിന്റെ ഏഴ് വൈവിധ്യങ്ങളുംവരെ ഇവിടെ ലഭ്യമാണ്. ഏഴു തരം നെല്ലിക്ക ജ്യൂസുകളും ഏഴു രീതിയില്‍ ഔഷധഗുണമുള്ളവയാണ്. ഫുഡ്‌കോര്‍ട്ടിനോടു ചേര്‍ന്നുള്ള സൂര്യകാന്തിയിലെ സ്‌റ്റേജില്‍ രാത്രി 9 മണി മുതല്‍ പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന സംഗീത പരിപാടികളും അരങ്ങേറുന്നുണ്ട്. ഇന്ന് അഖില ആനന്ദാണ് സൂര്യകാന്തിയില്‍ സംഗീത മധുരം തീര്‍ക്കുന്നത്. വരും ദിവസങ്ങളില്‍ പുഷ്പവതി, നാരായണി ഗോപന്‍, അപര്‍ണ്ണ രാജീവ് തുടങ്ങിയവരും വേദിയിലെത്തും. രുചി വൈവിധ്യങ്ങളോടൊപ്പം സംഗീതകൂടിയാസ്വദിക്കാവുന്ന നൈറ്റ് ലൈഫ് അനുഭവമാണ് നഗരവസന്തത്തിന്റെ ഭാഗമായി സൂര്യകാന്തിയില്‍ ഒരുക്കിയിട്ടുള്ളത്. ക്രിസ്തുമസിന്റെ തലേ ദിവസമായ 24ന് രാത്രിയും ക്രിസ്തുമസ് ദിനത്തിലും വൻ ജനത്തിരക്കാണ് നഗര വസന്തത്തിൽ അനുഭവപ്പെട്ടത്. രാത്രി ഒരു മണി കഴിഞ്ഞും കനകക്കുന്നിലും പരിസരങ്ങളിലും ജനത്തിരക്കായിരുന്നു. ഇന്നലെ വൈകീട്ട് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴക്കും ജനങ്ങളുടെ ആവേശത്തെ തോൽപ്പിക്കാനായില്ല. മഴ വകവെക്കാതെ ആയിരങ്ങളാണ് കനകക്കുന്നിലേക്ക് ഒഴുകിയെത്തിയത്.



أحدث أقدم