നൂറിന്റെ നിറവിൽ നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം

നെയ്യാറ്റിൻകര: കോവിഡാനന്തര സമൂഹത്തിലെ യാത്രാ സ്വപ്നങ്ങൾക്ക് ചാരുത പകരാനായി കെ.എസ്.ആർ.ടി.സി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി നെയ്യാറ്റിൻകര ഡിപ്പോയിൽ നൂറ് യാത്രകൾ പിന്നിടുന്നു. 2022 ജനുവരി 9 ന് കൊല്ലം ജില്ലയിലെ മൺറോതുരുത്തിലേക്ക് കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാഞ്ചറിൽ അമ്പത് യാത്രക്കാരുമായിട്ടായിരുന്നു ആദ്യയാത്ര. പിന്നീട് സൂപ്പർ ഫാസ്റ്റ് ബോണ്ട്, എ.സി, ഡീലക്സ് , വോൾവോ തുടങ്ങിയ വ്യത്യസ്ത വിഭാഗത്തിൽപെട്ട ബസുകളിലായിരുന്നു യാത്രകൾ. സംസ്ഥാനത്ത് ആദ്യമായി സ്വിഫ്റ്റ് ബസ് ബജറ്റ് ടൂറിസം യാത്രക്കായി വിനിയോഗിച്ചതും നെയ്യാറ്റിൻകര യൂണിറ്റിൽ ആയിരുന്നു. അതിരാവിലെ മുതൽ വിവിധ സമയങ്ങളിലായി ഉല്ലാസ യാത്രകൾ ക്രമീകരിക്കും. നിലവിൽ വാഗമൺ, മൂന്നാർ, തെന്മല, മലക്കപ്പാറ . കന്യാകുമാരി, പൊന്മുടി എന്നീ യാത്രകൾക്കാണ് ഡിമാന്റ് കൂടുതൽ. യാത്രക്കാരെ കൊച്ചിയിൽ എത്തിച്ച് അറബിക്കടലിൽ ആഡംബരക്കപ്പലിൽ അഞ്ചര മണിക്കൂർ നീളുന്ന കപ്പൽ യാത്രയും , കുമരകത്ത് എത്തിയ ശേഷം ഹൗസ് ബോട്ടിലെ അഞ്ചര മണിക്കൂർ കായൽ യാത്രയും നെയ്യാറ്റിൻകരയിൽ നിന്ന് നിശ്ചിത ദിവസങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്. ഉല്ലാസ യാത്രകൾക്കായി ബസിനുള്ളിൽ പ്രത്യേക ശബ്ദ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. സ്കൂളുകൾ, കോളേജുകൾ, ഫാമിലി ഗ്രൂപ്പുകൾ, ഓഫീസ് കൂട്ടായ്മകൾ, റസി. അസോസിയേഷനുകൾ എന്നിവക്കായി നെയ്യാറ്റിൻകര ബജറ്റ് ടൂറിസം വിഭാഗം പ്രത്യേക ഗ്രൂപ്പ് പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി സൗജന്യ നിരക്കിലെ ഉല്ലാസ യാത്രകളും, സ്ത്രീകൾക്ക് മാതൃകമായി വനിതാ സൗഹൃദ യാത്രകളും ബി.ടി.സി. വിഭാഗം  നെയ്യാറ്റിൻകരയിൽ നിന്ന് സംഘടിപ്പിച്ചു വരുന്നു. 

  ഡിസംബറിൽ കെ.എസ്.ആർ.ടി.സി ആരംഭിച്ച നെയ്യാറ്റിൻകര - ഗവി വിനോദയാത്ര പദ്ധതി പ്രകാരം സംസ്ഥാനത്ത് ഏറ്റവുമധികം ഉല്ലാസ യാത്രകൾ നെയ്യാറ്റിൻ കര ഡിപ്പോയിൽ നിന്നാണ് സംഘടിപ്പിച്ചത്. ഡിപ്പോയുടെ കളക്ഷൻ വർദ്ധനവിൽ ഗണ്യമായ സംഭാവന ചെയ്യാൻ കഴിഞ്ഞ ബജറ്റ് ടൂറിസം യാത്രകൾ ഒരു വർഷത്തിനുള്ളിൽ അരക്കോടിയിൽപ്പരം രൂപയുടെ കളക്ഷൻ ഉണ്ടാക്കി. മൂവായിരത്തിൽപരം യാത്രക്കാരെ ഏഴ് വിഭിന്ന ടൂറിസം വാട്സാപ്പ് ഗ്രൂപ്പുകളായി ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ടക്ടർ എൻ.കെ. രഞ്ജിത്താണ് യൂണിറ്റ് ബജറ്റ് ടൂറിസം വിഭാഗത്തിന്റെ കോ - ഓർഡിനേറ്റർ. ക്ലസ്റ്റർ ഓഫീസർ ഉദയകുമാർ ടൂറിസം സെല്ലിന്റെ ചെയർമാൻ ആയും ,ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ടി.ഐ. സതീഷ് കുമാർ കൺവീനറായും പ്രവർത്തിച്ചു വരുന്നു. എസ്.ജി.രാജേഷ്, കെ.എസ്. ജയശങ്കർ, ജി. ജിജോ, വി.കെ.സജീവ്, എം.എസ്.സജികുമാർ , സി.രാജൻ, വി. അജയകുമാരൻ തമ്പി , ഗോപകുമാർ എന്നിവർ നേതൃത്വം നൽകുന്ന ടൂറിസം സെൽ കൂട്ടായി ചർച്ച ചെയ്ത് വ്യത്യസ്ത യാത്രാ പദ്ധതികൾക്ക് രൂപം നൽകി പ്രവർത്തിക്കുന്നു. ഓരോ മാസത്തെയും ടൂറിസം യാത്രാ കലണ്ടർ നെയ്യാറ്റിൻകരയുടെ സവിശേഷതയാണ്. ഡിപ്പോയിൽ നിന്നുള്ള നൂറാമത്തെ യാത്ര ഡിസം: 24 ന് കുമരകത്തേക്കുള്ള ക്രിസ്മസ് സ്പെഷ്യൽ ട്രിപ്പായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. പുതുവൽസരാഘോഷങ്ങളുടെ ഭാഗമായി വയനാട്, മൂന്നാർ, വാഗമൺ , പൊന്മുടി എന്നിവിടങ്ങളിൽ നെയ്യാറ്റിൻകര ബജറ്റ് ടൂറിസം വിഭാഗം ആഘോഷങ്ങൾ ഒരുക്കുന്നു. 9846067232 ആണ് സെല്ലിന്റെ എൻക്വയറി നമ്പർ. ഒരു വർഷത്തിനുള്ളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം വിഭാഗത്തിനെ കെ. ആൻസലൻ എം.എൽ.എ , നഗരസഭ ചെയർമാൻ പി.കെ.രാജമോഹൻ ,കെ.എസ്.ആർ.ടി.സി എം.ഡി.ബിജു പ്രഭാകർ ഐ.എ.എസ്. എന്നിവർ അഭിനന്ദിച്ചു.

أحدث أقدم