ആര്‍.പി. മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് : പുനര്‍ നാമകരണം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

 ആര്‍.പി. മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് : പുനര്‍ നാമകരണം  നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.


തിരുവനന്തപുരം: സംസ്ഥാനസഹകരണ യൂണിയന്റെ നിയന്ത്രണത്തില്‍ നെയ്യാര്‍ഡാമിലെ  കിക്മ ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന കിക്മ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിനെ ആര്‍ പരമേശ്വരന്‍പിള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജായി  പുനര്‍നാമകരണം ചെയ്യുന്നു.  നാളെ  (ജനുവരി എഴിന്) വൈകിട്ട് അഞ്ചിന് കോളേജ് അങ്കണത്തില്‍  നടക്കുന്ന സമ്മേളനം  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പരമേശ്വരന്‍പിള്ളയുടെ ഛായാ ചിത്രവും  മുഖ്യമന്ത്രി അനാഛാദനം ചെയ്യും. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ സ്വാഗതം പറയുന്ന ചടങ്ങില്‍ സഹകരണ മന്ത്രി വി എന്‍ വാസവന്‍ അദ്ധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ സി.കെ.ഹരീന്ദ്രന്‍,ഐ.ബി.സതീഷ്, ജി.സ്റ്റീഫന്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്‌കുമാര്‍ , മുന്‍ ജില്ലാ പഞ്ചായത്ത്്് പ്രസിഡന്റ്്  ആനാവൂര്‍ നാഗപ്പന്‍ , സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ എ എസ്, സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസ് ഐ എ എസ് , അഡീഷണല്‍ രജിസ്ട്രാര്‍ - സെക്രട്ടറി ഗ്ലാഡി ജോണ്‍ പുത്തൂര്‍  തുടങ്ങിയവര്‍ പങ്കെടുക്കും. 

   സഹകാരിയായും സാമാജികനായും പൊതുരംഗത്ത് നിറഞ്ഞു നിന്ന ആര്‍ പരമേശ്വരപിള്ളയുടെ പേര് കോളേജിന് നല്‍കുന്ന ചടങ്ങിലേക്കാണ് കോവിഡ് കാലത്തിന് ശേഷം സഹകാരികള്‍ ഒന്നാകെ ഒത്തുചേരുന്നത്. പരമേശ്വരന്‍ പിള്ളയുടെ എക്കാലത്തെയും വലിയ സ്മാരകമായി ആര്‍ പരമേശ്വരന്‍പിള്ള മെമ്മോറിയല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് തലയുയര്‍ത്തി നില്‍ക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍ പറഞ്ഞു. 

   ആര്‍ പരമേശ്വരന്‍ പിളള സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ആയിരിക്കെ 2001 മാര്‍ച്ച് 8-നാണ്് കിക്മയുടെ മെയിന്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ നിര്‍വ്വഹിച്ചത്.  തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി 2008 ഫെബ്രുവരി 7-ന് മാനേജ്‌മെന്റ് ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു. പിന്നീട്

 2009 മെയ് 29-നാണ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ് ബ്ലോക്കിന്റെ ഉദ്ഘാടനം അന്നത്തെ  സഹകരണ - ദേവസ്വം മന്ത്രിയായിരുന്ന ജി സുധാകരന്‍ നിര്‍വ്വഹിച്ചത്. 

2009 ജൂണിലാണ് സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ കിക്മയില്‍ ആദ്യ എം.ബി.എ ബാച്ചിന്റെ ക്ലാസ്സ് ആരംഭിക്കുന്നത്.

         13 വര്‍ഷം പിന്നിടുമ്പോള്‍ സഹകരണ വിദ്യാഭ്യാസ രംഗത്ത്്്  പുതിയ അധ്യായം രചിക്കുകയാണ് കിക്മ. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2020 ലെ എം.ബി.എ റാങ്ക് ഉള്‍പ്പെടെ ഇത് വരെ 8 റാങ്കുകള്‍ , Competition Success Review (CSR) വും, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് (IHRD) ഉം ചേര്‍ന്ന് നടത്തിയ സര്‍വെയില്‍ ഗവണ്‍മെന്റ് എം.ബി.എ കോളേജുകളില്‍ കേരളത്തില്‍ ഒന്നാം സ്ഥാനം തുടര്‍ച്ചയായി അഞ്ചാം തവണയും (2017 മുതല്‍ 2021) കിക്മ നില നിര്‍ത്തിയത് അഭിമാനകരമായ നേട്ടമാണ്്. കൂടാതെ ദേശീയ തലത്തില്‍ ആറാം സ്ഥാനം കരസ്ഥമാക്കി എന്നതും കിക്മയുടെ അക്കാദമിക് മികവിന് തിളക്കം കൂട്ടുന്നു. ദേശീയതലത്തില്‍ സഹകരണ മേഖലയിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനമായ വൈകുണ്ഠ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റാങ്കിന് തൊട്ടടുത്ത്്്് ചുരുങ്ങിയ കാലയളവുകൊണ്ട് തന്നെ കിക്മയ്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞു എന്നതും അഭിമാനകരമാണ്.

       ഇവിടെ സഹകരണത്തില്‍ ഗവേഷണം തുടങ്ങാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. സഹകരണത്തില്‍ ഒരു പി ജി കോഴ്‌സ് അനുവദിക്കണമെന്ന യുണിയന്റെ ആവിശ്യം സര്‍ക്കാരിന്റെ പരിഗണനയിലുമാണ്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കിള്‍ സഹകരണ യൂണിയനുകളെയും എകോപിപ്പിച്ച്്് കൂടുതല്‍ അധികാരങ്ങള്‍ നല്കി മുന്നോട്ടു പോകുന്ന സംസ്ഥാന സഹകരണ യുണിയന്‍ സഹകരണ വിദ്യാഭ്യാസത്തിന് പുറമെ സഹകരണ പരിശീലന രംഗത്തും ബഹു ദൂരം മുന്നോട്ടു പോയിരിക്കുകയാണ്. സഹകരണ വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടു വരാനും കൂടുതല്‍ ഹൈടെക് ആക്കാനുമുള്ള നടപടികളും സ്വീകരിച്ചു വരുന്നതായി സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ അറിയിച്ചു.

أحدث أقدم