ജോയിന്റ് കൗൺസിലിൻ്റെ വിശക്കരുതാര്‍ക്കും സാന്ത്വന സ്പര്‍ശം പദ്ധതി ഒരു വര്‍ഷം പിന്നിട്ടു

 

ജോയിന്റ് കൗൺസിലിൻ്റെ വിശക്കരുതാര്‍ക്കും സാന്ത്വന സ്പര്‍ശം പദ്ധതി ഒരു വര്‍ഷം പിന്നിട്ടു

                                


തിരുവനന്തപുരം: കോവിഡ് കാലത്തെ രണ്ടാം അടച്ചിടല്‍ സമയത്ത് തിരുവനന്തപുരം നഗരത്തിലും പരിസരങ്ങളിലും ഒറ്റപ്പെട്ടു പോയവര്‍ക്ക് ഭക്ഷണപ്പൊതി എത്തിച്ചു നല്‍കിയ മാതൃകാപരമായ പ്രവര്‍ത്തനത്തില്‍ നിന്നും ലഭിച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ജോയിന്റ് കൗണ്‍സില്‍ ആരംഭിച്ച വിശക്കരുതാര്‍ക്കും സാന്ത്വന സ്പര്‍ശം പദ്ധതി ഒരു വര്‍ഷം പിന്നിടുകയാണ്.

2022 ജനുവരി 4 ന് തിരുവനന്തപുരം പ്രസ്സ് ക്ലബിനു സമീപമുള്ള ജോയിന്റ് കൗണ്‍സില്‍ ആസ്ഥാനത്തിന് മുന്നില്‍ സജ്ജീകരിച്ച ഭക്ഷണ അലമാരയില്‍ നിന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആദ്യ ഭക്ഷണപ്പൊതി വിതരണം ചെയ്തു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.  സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ശേഖരിക്കുന്ന ഭക്ഷണപ്പൊതികള്‍ ജോയിന്റ് കൗണ്‍സില്‍ പ്രവര്‍ത്തകര്‍ ശേഖരിച്ച് എല്ലാദിവസവും ഉച്ചയ്ക്ക് 12.30 ന് മുമ്പായി ജോയിന്റ് കൗണ്‍സില്‍ ആസ്ഥാനത്ത് സജ്ജീകരിച്ചിരിക്കുന്ന ഭക്ഷണ അലമാരില്‍ നിക്ഷേപിക്കുന്നു.  നിത്യേന ഭക്ഷണപൊതിയ്ക്കായി ജോയിന്റ് കൗണ്‍സില്‍ ഓഫീസിനു മുന്നില്‍ നീണ്ട നിര ഉണ്ടാകാറുണ്ട്.  ദിവസവും ഏകദേശം 100 ലധികം പേര്‍ ഭക്ഷണ അലമാരയില്‍ നിന്നും വിശപ്പിനു പരിഹാരം തേടിയെത്തുന്നുണ്ട്.

ജീവനക്കാരുടെ അവകാശ സംരക്ഷണങ്ങള്‍ക്ക് വേണ്ടിയുള്ള വാര്‍ത്തകള്‍ മാത്രം കേട്ട് പരിചയമുള്ള സിവില്‍ സര്‍വീസില്‍ തങ്ങളുടെ വിശപ്പിനൊപ്പം മറ്റുള്ളവരുടെ വിശപ്പുകൂടി പരിഹരിക്കണമെന്ന ചിന്തയില്‍ നിന്നും ഉടലെടുത്ത സാന്ത്വനസ്പര്‍ശം എന്ന പരിപാടി വര്‍ത്തമാന കാലഘട്ടത്തില്‍ ഏറെ പ്രസക്തമാകുന്നു.

അവധി ദിവസങ്ങളില്‍ പോലും കൃത്യമായി ഭക്ഷണം എത്തിക്കുന്നതിനും ജീവനക്കാര്‍ കാണിക്കുന്ന ജാഗ്രത മാതൃകാപരമാണ്.  ഇപ്പോള്‍ ജീവനക്കാരുടെ കുടുംബങ്ങളിലെ ആഘോഷങ്ങളുടെയും ചടങ്ങുകളുടെയും ഭാഗമായി ഈ ഭക്ഷണ വിതരണം മാറുകയാണ്.  വിവാഹ വാര്‍ഷിക, ജന്മദിനാഘോഷങ്ങള്‍, ഓര്‍മ്മദിവസങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ അവസരങ്ങളിലും സൗജന്യഭക്ഷണം ഇവിടെ എത്തിച്ച് വിതരണം ചെയ്യാന്‍ ജീവനക്കാര്‍ തയ്യാറാകുന്നു.  ഓരോദിവസവും  ഭക്ഷണം കൊണ്ടു വരുന്നവരുടെ ലിസ്റ്റ് മുന്‍കൂട്ടി തയ്യാറാക്കി അറിയിപ്പു നല്‍കുന്നതും അതിന്റെ അടിസ്ഥാനത്തില്‍ അതാതു ദിവസത്തെ ഭക്ഷണ വിതരണത്തിന്റെ ചുമതലക്കാര്‍ കര്‍മ്മനിരതരാകുന്നു.

ഇതിനോടൊപ്പം സാന്ത്വന സ്പര്‍ശത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.  ജോയിന്റ് കൗണ്‍സില്‍ വനിതാമുന്നേറ്റ ജാഥയുടെ സ്വീകരണത്തിന്റെ ഭാഗമായി ലഭിച്ച 50,000 ത്തിലധികം നോട്ടുബുക്കുകളുടെ വിതരണം സംസ്ഥാനത്താകെ നടന്നു വരികയാണ്.  നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായങ്ങള്‍ നല്‍കുന്നതിനും സാന്ത്വനം പദ്ധതിയിലൂടെ ശ്രമിക്കുന്നു.

  വിശക്കരുതാര്‍ക്കും സാന്ത്വനസ്പര്‍ശം പരിപാടിയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഉദ്ഘാടനം ജനുവരി 4 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പ്രസ്സ് ക്ലബിനു സമീപമുള്ള ജോയിന്റ് കൗണ്‍സില്‍ ആസ്ഥാനത്ത് കൃഷിവകുപ്പുമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.  ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.ഷാനവാസ്ഖാന്‍ അദ്ധ്യക്ഷത വഹിക്കും.  സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, തിരുവനന്തപുരം നഗരസഭാ ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, എ.ഐ.എസ്.ജി.ഇ.സി ജനറല്‍ സെക്രട്ടറി സി.ആര്‍.ജോസ്പ്രകാശ്, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, ട്രഷറര്‍ കെ.പി.ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  



 

أحدث أقدم