AITUC സെക്രട്ടറിയേറ്റ് മാർച്ച്

 

AITUC സെക്രട്ടറിയേറ്റ് മാർച്ച്

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സമരങ്ങളെന്ന് എഐടിയുസി വര്‍ക്കിങ് പ്രസിഡന്റ് ബിനോയ് വിശ്വം എംപി. തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ട ജനവിഭാഗങ്ങളാണ് എല്‍ഡിഎഫിന്റെ കാതലെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് കയര്‍ തൊഴിലാളി ഫെഡറേഷന്‍(എഐടിയുസി) പ്രക്ഷോഭത്തിന്റെ ഭാഗമായി, നൂറുകണക്കിന് തൊഴിലാളികള്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. 

കേരളത്തിലെ കയര്‍ തൊഴിലാളികള്‍ സമരവുമായി ഭരണസിരാകേന്ദ്രത്തിലേക്കെത്തിയത്, നമ്മുടെ സര്‍ക്കാരിനോട് നമുക്ക് പറയാന്‍ അവകാശമുള്ള കാര്യങ്ങള്‍ പറയാനാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യം അധികാരത്തില്‍ വരുന്നതിനും പിന്നീട് തുടര്‍ഭരണം ലഭിക്കുന്നതിനും വിയര്‍പ്പൊഴുക്കിയത് ഈ കയര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. 

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ഞെരുക്കി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സാഹചര്യമാണിന്നുള്ളത്. ആ പ്രയാസങ്ങളെല്ലാം ഉള്‍ക്കൊണ്ടുതന്നെയാണ് നാം ന്യായമായ ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.  പ്രതിസന്ധികളെ മറികടന്ന് മുന്നോട്ടുപോകുമ്പോള്‍ ചില മുന്‍ഗണനകള്‍ നിശ്ചയിക്കേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനമായി പരിഗണിക്കേണ്ടത് കയര്‍ തൊഴിലാളികളുടെ വിഷയം തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

    

      തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള താല്പര്യം കോണ്‍ഗ്രസോ ബിജെപിയോ കാണിക്കില്ല. എല്‍ഡിഎഫ് മാത്രമാണ് തൊഴിലാളികള്‍ക്ക് വേണ്ടി നിലകൊള്ളുന്നത്. കയര്‍ തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ നിസ്സാരമല്ല, നാളത്തേക്ക് മാറ്റിവയ്ക്കാവുന്നതുമല്ല. മുഖ്യമന്ത്രിയുടെ അടിയന്തര ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടാകണം. കയര്‍ മേഖലയിലെ പ്രശ്നങ്ങള്‍ വ്യവസായ മന്ത്രി ആഴത്തില്‍ പഠിക്കണം. അതിന് പരിഹാരമുണ്ടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കണ്ണടച്ച് ഇരിക്കലല്ല ഇടതുപക്ഷത്തിന്റെ നയം. വ്യവസായങ്ങളും നിക്ഷേപങ്ങളുമെല്ലാം വരണം. എന്നാല്‍ കയര്‍ മേഖലയെ സംരക്ഷിക്കാനുള്ള ഇടപെടലിനും സമയം മാറ്റിവയ്ക്കേണ്ടതുണ്ടെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. 

ഫെഡറേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് എ അബ്ബാസ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി വി സത്യനേശന്‍ സ്വാഗതം പറഞ്ഞു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, മീനാങ്കൾകുമാർ,  മനോജ് ബി ഇടമന ഡി പി മധു, എം ഡി സുധാകരന്‍, കെ ഉമയാക്ഷന്‍, എം കെ സീമോന്‍, വി എന്‍ ഉണ്ണികൃഷ്ണന്‍, കെ പി പുഷ്കരന്‍, വി രാജീവ്, കെ എസ് വാസല്‍, എന്‍ പി കമലാധരന്‍, സി കെ രാമനാഥന്‍, എസ് പ്രകാശൻ, അഫ്സല്‍ കണിയാപുരം എന്നിവര്‍ പ്രസംഗിച്ചു.

          രാവിലെ 11 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച കയർ തൊഴിലാളി പ്രകടനത്തിന് പി രാജമ്മ, ആർ. സുരേഷ്, ബി.നസീർ ബി.ആർ പ്രകാശ്,സി പുരുഷൻ, സി വി രാജീവ്, പി ഡി ശൈലജ, ടി സി സ്വാമിനി, പി എസ് നായിഡു, സജീർ ജയകുമാർ, ഗോപാലകൃഷ്ണൻ വിജയദാസ്, സുനിൽ മുരുക്കുപ്പുഴ, കെഎൽ ബെന്നി, ഉഷബാബുലാൽ എന്നിവർ  നേതൃത്വം നൽകി

أحدث أقدم