ശാപമോക്ഷം കാത്ത് നെയ്യാറ്റിൻകര ഈഴക്കുളം

 ശാപമോക്ഷം കാത്ത് നെയ്യാറ്റിൻകര   ഈഴക്കുളം

        നെയ്യാറ്റിൻകര: ഒരുകാലത്ത് നെയ്യാറ്റിൻകരയിലെ പ്രധാന ജല സംഭരണിയായിരുന്ന ആലുംമൂട് വാർഡിലെ ഈഴക്കുളം ഇന്ന് 'മാലിന്യത്തിൽ' നിന്നും ശാപമോക്ഷം കിട്ടാതെ മലിനംകുളമായി മാറിയിരിക്കുന്നു.

       നെയ്യാറ്റിൻകര പട്ടണത്തിലെ മാലിന്യങ്ങൾ മുഴുവനും വന്നടിയുന്ന ഈഴക്കുളം നവീകരിക്കണമെന്ന ആവശ്യത്തിന് കാൽനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഒന്നിന് പിറകെ മറ്റൊന്നായി പദ്ധതികൾ പലതുമെത്തിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. മാലിന്യവാഹിയായ ഈഴക്കുളം പ്രദേശത്തെ ദുർഗന്ധവാഹിയായി, കൊതുകുജന്യരോഗങ്ങൾ പരത്തി നിൽക്കുന്നു.  

  ഒരു കാലത്ത് കവളാകുളം മാഞ്ചിറ പ്രദേശത്തെ മുഴുവൻ സ്ഥലത്തും കൃഷിക്കാവശ്യമായ ജലം ഒഴുകിയെത്തിയിരുന്നത് ഈഴക്കുളത്തിൽ നിന്നുമായിരുന്നു. നഗരസഭാഭരണസമിതികൾ ഈഴക്കുളം നവീകരിക്കാനായി ബഡ്ജറ്റിൽ പതിവായി തുക മാറ്റി വയ്ക്കുമെങ്കിലും ഫലമുണ്ടായില്ല. കുളത്തിന് സമീപത്ത് കരിങ്കൽ കൊണ്ട് നടപ്പാത നിർമ്മിച്ചതൊഴികെ മാലിന്യവാഹിയായ കുളം നവീകരിക്കാനുള്ള ഒരു ശ്രമവും ഇതേ വരെ നടന്നിട്ടില്ല.

            കഴിഞ്ഞ നഗരസഭാ ഭരണസമിതി 25 ലക്ഷം രൂപ നീക്കി വച്ച് നാട്ടുകാരുടെ ശ്രമദാനത്തോടെ കുളം നവീകരണത്തിന് ശ്രമിച്ചെങ്കിലും ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല. മഴക്കാലത്ത് നാടാകെ പകർച്ചപ്പനിയുണ്ടാക്കുന്നത് ഈഴക്കുളത്തിലെ കൊതുകുപടയാണെന്ന് നാട്ടുകാർ പറയുന്നു. സന്ധ്യ കഴിഞ്ഞാൽ ടൗണിനെ ഒരു കരിമ്പടം പോലെ കൊതുകു പട മൂടും. കൊതുകുതിരി, പുകയിടൽ എന്നിവ കൊണ്ടൊന്നും ഇവയെ തുരത്താനാകില്ല.

        ഈഴക്കുളത്തിലെ കൊതുക്, എലി എന്നിവയെ നശിപ്പിച്ചില്ലെങ്കിൽ അപകടകരമായ വിധത്തിൽ പകർച്ചപ്പനിയും മന്ത് രോഗവും പടർന്നു പിടിക്കുമെന്ന് ആരോഗ്യ വകുപ്പ് പല തവണ മുന്നറിയിപ്പ് നൽകിയിട്ടും നഗരസഭാ അധികൃതർ ഉറക്കം നടിക്കുകയാണ്.

         ഇവിടത്തെ കൊതുകിനെ തുരത്താനായി ജപ്പാനിൽ നിന്നും ആധുനിക തരത്തിലുള്ള ഫോഗിംഗ് മെഷീൻ വാങ്ങി പ്രയോഗിച്ചെങ്കിലും കൊതുകിനെ തുരത്താനായില്ല. ഫോഗിംഗ് മെഷീൻ നഗരസഭയിലെ ഗോഡൗണിൽ കൊണ്ടിട്ടിട്ട് പിന്നെ പുറത്തെടുത്തില്ല. ഈ ഇനത്തിൽ നഗരസഭയ്ക്കുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം.

       ഈഴക്കുളം ശുചീകരിച്ചിട്ട് ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ നല്ലയിനം മീനുകളെ വളർത്തുന്ന പദ്ധതി ശാസ്ത്രീയമായ രീതിയിൽ നടത്താനായി ഒരു സംഘം മുന്നോട്ടു വന്നെങ്കിലും സാങ്കേതിക കാരണങ്ങളുടെ മറപറ്റി അധികൃതർ പിൻവാങ്ങി. ജലജന്യമായ ഔഷധസസ്യങ്ങളും വിപണിയിൽ ഏറെ വിലയുള്ള താമരയും മറ്റും വളർത്തുന്ന പദ്ധതിയുമായി കുടുംബ ശ്രീ പ്രവർത്തകർ നഗരസഭയ്ക്ക് പ്രൊജക്ട് നൽകിയത് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. പുതിയ നഗര സഭ കൗൺസിൽ കുളം നവീകരിക്കാനായി ബണ്ട് വെട്ടിപ്പൊളിച്ച് വെള്ളം വയലിലേയ്ക്ക് ഒഴുക്കിവിട്ടിരുന്നു. കൃഷിക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് ആശ്രമവും ഉപേക്ഷിച്ചു. ഈഴക്കുളം പോലെയുള്ള ജലാശയങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാതെ മുന്നോട്ട് പോകാനാകില്ലാ എന്ന സത്യം അധികൃതർ മനസിലാക്കി അടിയന്തരമായി കുളം നവീകരിച്ച് ഉപയോഗയോഗ്യമാക്കണമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം.





أحدث أقدم