നോർക്ക ട്രിപ്പിൾവിൻ പദ്ധതി: നേരിട്ടറിഞ്ഞ് ജർമ്മൻ സംഘം


നോർക്ക ട്രിപ്പിൾവിൻ പദ്ധതി: നേരിട്ടറിഞ്ഞ് ജർമ്മൻ സംഘം 

  

 

തിരുവനന്തപുരം: ജർമ്മനിയിലേയ്ക്ക് നഴ്സുമാരുടെ തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും സംയുക്തമായിനടപ്പാക്കുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ പ്രവർത്തനങ്ങൾ നേരിട്ടറിഞ്ഞും വിലയിരുത്തിയും ജർമ്മൻ സംഘം തലസ്ഥാനത്ത്.

ജർമൻ പാർലമെന്റ് അംഗങ്ങളായ റാൽഫ് ബ്രിങ്ക്വസ്, ഡോ. തോഴ്സ്റ്റെൻ റുഡോൾഫ്, മരിയ ക്ലെയ്ൻ, കരീനാ കോൺറാഡ്, ജെറോൾഡ് ഒട്ടെൻ, സെവിം ഡാഗ്ഡെലൻ, പാർലമെന്റ് ഉദ്യോഗസ്ഥ മോണിക്ക ഹെയ്ൻ,ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും (ജി.ഐ.ഇസഡ് )പ്രതിനിധി ഡോ.റോഡ്നേ റിവിയർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

      തിരുവനന്തപുരത്തെ ഗോയ്ഥേ സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക അധികൃതർ, ജർമ്മൻ ഭാഷാപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന നഴ്സുമാർ, ഭാഷാ അദ്ധ്യാപകർ എന്നിവരുമായി അവർ ആശയവിനിമയം നടത്തി.

         ട്രിപ്പിൾവിൻ പദ്ധതിയുടെ നാളിതുവരെയുള്ള പുരോഗതി സംബന്ധിച്ച് നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി ചടങ്ങിൽ പ്രസന്റേഷൻ നടത്തി. പദ്ധതിയെ സംബന്ധിച്ച് വിശദീകരിക്കുന്ന വീഡിയോയും  പ്രദർശിപ്പിച്ചു.

ഇൻഡോ-ജർമൻ പ്രോഗ്രാമിനെക്കുറിച്ച് ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി പ്രതിനിധി ഡോ.റോഡ്നേ റിവിയറും അവതരണം നടത്തി. ജർമ്മൻ ഫെഡറൽ കൗൺസൽ ഡോ. സെയ്ദ് ഇബ്രാഹിം ജി.ഐ. ഇസഡ് പ്രതിനിധി സുനേഷ് ചന്ദ്രൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

       2021 ഡിസംബർ 2 ന് ഒപ്പുവച്ച കരാർ പ്രകാരമാണ് ട്രിപ്പിൾവിൻ പദ്ധതി നിലവിൽ വന്നത്. പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട നഴ്‌സുമാരുടെ രണ്ടാം ഘട്ട പരിശീലനം അവസാന ഘട്ടത്തിലാണ്. പരിശീലനം പൂർത്തിയാക്കിയ 56 - ഓളം പേർ ഉടൻ ജർമ്മനിയിലേയ്ക്ക് പറക്കും. ഫാസ്റ്റ് ട്രാക്കിലൂടെ നിയമനം ലഭിച്ച രണ്ട് നഴ്സുമാർ ഇതിനോടകം ജർമനിയിലെത്തി ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു.

      ജര്‍മ്മനിയില്‍ എത്തിയ ശേഷവും ജര്‍മ്മന്‍ രജിസ്‌ടേഷന്‍ നേടാനുള്ള പരിശീലനം സൗജന്യമായി ഇവർക്ക് ലഭിക്കും.  ജർമ്മൻ ഭാഷയിലെ ഏ വൺ മുതൽ ബി 2 വരെയുള്ള  കോഴ്സ് ഫീപരീക്ഷാ ഫീസ്, ട്രാൻസിലേഷനും അറ്റസ്റ്റേഷനും വേണ്ടിവരുന്ന ചെലവ്,വിമാന ടിക്കറ്റ് തുടങ്ങിയ എല്ലാ ചെലവുകളും  ജർമ്മൻ ഏജൻസിയാണ് വഹിക്കുന്നത്. ഉയർന്ന ശമ്പളം, പങ്കാളിക്കും കുട്ടികൾക്കും വിസ തുടങ്ങി ജർമ്മൻ പൗരന്മാർക്കുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാകുവാൻ ഈ പ്രോഗ്രാമിലൂടെ അവസരമുണ്ട്.

       ട്രിപ്പിൽ വിൻ നഴ്സ്പ്രോഗ്രാം വൻ വിജയമായതിനെ തുടർന്ന്ട്രിപ്പിൾ വിൻ ഹോസ്പിറ്റാലിറ്റി എന്ന പുതിയ പ്രോജക്ട് കൂടി നടപ്പിലാക്കുവാൻ ജർമൻ ഏജൻസി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.  ഇത് യാഥാർത്യമായാൽ  ഹോട്ടൽ മാനേജ്മെന്റ്, ടൂറിസം തുടങ്ങിയ മേഖലകളിലെ യോഗ്യരായ ഉദ്യോഗാർത്ഥികൾക്കും മികച്ച തൊഴിലവസരം ലഭിക്കും.



أحدث أقدم