പൈപ്പ് പൊട്ടി റോഡിൽ അഗാധ ഗർത്തം; നാട്ടുകാർ ഭീതിയിൽ
നെയ്യാറ്റിൻകര: കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് റോഡില്‍ അഗാധഗര്‍ത്തം രൂപപ്പെട്ടു. അപകടകരമായ സ്ഥിതിവിശേഷമായിട്ടും അധികൃതര്‍ക്ക് അനക്കമില്ലെന്ന് പരക്കെ ആക്ഷേപം. അധികൃതരുടെ അനാസ്ഥയിലൂടെ നഷ്ടമാകുന്നത് ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട കുടിവെള്ളമാണ്.
കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പൂഴിക്കുന്ന് ജംഗ്ഷനു സമീപത്തായാണ് രണ്ടാളധികം താഴ്ചയില്‍ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. പഞ്ചായത്തിലെ ആയിരക്കണക്കിനു ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് പൊട്ടിയതാണ് കാരണമെന്ന് സമീപവാസികള്‍ ചൂണ്ടിക്കാട്ടി. ദിവസങ്ങള്‍ക്ക് മുമ്പും ഇവിടെ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം ഒഴുകി റോഡിൽ വലിയ ഗർത്തം രൂപം കൊണ്ടിരുന്നു. തൊട്ടപ്പുറത്തു കൂടിയാണ് കനാല്‍ കടന്നുപോകുന്നത്. റോഡിനടിയിലൂടെ വെള്ളം ശക്തമായി ഒഴുകിയതോടെ മണ്ണൊലിച്ച് മാറി കുഴി രൂപപ്പെടുകയായിരുന്നു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെത്തി താത്കാലിക നടപടി സ്വീകരിച്ചെങ്കിലും അതൊന്നും ഫലവത്തല്ലായെന്ന് അന്നേ പരാതിയുയര്‍ന്നിരുന്നു. ശാശ്വത പരിഹാരം കാണാനോ അപാകതകള്‍ കൃത്യമായി കണ്ടെത്തി അപകടം ആവര്‍ത്തിക്കാതിരിക്കാനുള്ള യാതൊരു നീക്കവും അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായില്ല. വീണ്ടും ഗര്‍ത്തം രൂപപ്പെട്ടതിന്‍റെ കാരണവും അതുതന്നെയെന്ന് നാട്ടുകാര്‍ ആരോപിച്ചു.