മാതൃകാ സാരഥിക്ക് നെയ്യാറ്റിൻകരയുടെ സ്നേഹാദരവ്

 മാതൃകാ സാരഥിക്ക് നെയ്യാറ്റിൻകരയുടെ സ്നേഹാദരവ് 


നെയ്യാറ്റിൻകര : രാജ്യത്തെ ഗതാഗത മേഖലയിലെ ഏറ്റവും മികച്ച ഡ്രൈവർക്കുള്ള നാഷണൽ റോഡ് സേഫ്റ്റി പുരസ്കാര ജേതാവായ കോഴിക്കോട് സ്വദേശി അനീഷ് പുതിയറക്കലിന് നെയ്യാറ്റിൻകര ഡിപ്പോയിലെ ജീവനക്കാരും യാത്രക്കാരും ചേർന്ന് സമുചിതമായ സ്വീകരണം നൽകി. കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്നേഹാദരവ് നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 2 വർഷത്തോളമായി നെയ്യാറ്റിൻകര ഡിപ്പോയിലാണ് അനീഷ് സേവനമനുഷ്ഠിക്കുന്നത്. മികച്ച ഇന്ധനക്ഷമത, സീറോ അപകട നിരക്ക്, കൃത്യത, മാന്യമായ പെരുമാറ്റം എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് കേന്ദ്ര സർക്കാർ അനീഷിനെ അവാർഡിനായി തെരഞ്ഞെടുത്തത്. ഇക്കഴിഞ്ഞ ആഴ്ചയിൽ ഡൽഹിയിൽ വെച്ചാണ് അനീഷ് അവാർഡ് ഏറ്റുവാങ്ങിയത്. ഡിപ്പോയിലെ ബജറ്റ് ടൂറിസം യാത്രകളുടെ ചുമതലക്കാരനായ അനീഷിന്റെ നേതൃത്വത്തിലാണ് നെയ്യാറ്റിൻകരയിലെ എല്ലാ ദീർഘദൂര യാത്രകളും സംഘടിപ്പിക്കുന്നത്.

      ക്ലസ്റ്റർ ഓഫീസർ ഉദയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗത്തിൽ നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ജോസ് ഫ്രാങ്ക്ളിൻ , കൗൺസിലർ മഞ്ചന്തല സുരേഷ്, ചീഫ് ട്രാഫിക്ക് ഓഫീസർ ജേക്കബ്ബ് സാം ലോപ്പസ്, ബി.ടി.സി. യൂണിറ്റ് ചീഫ് കോ-ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു *. ദേശീയ പുരസ്കാരം ലഭിച്ച ഡ്രൈവർ അനീഷ് പുതിയറക്കലിന് നഗരസഭാ ചെയർമാൻ പി.കെ. രാജ്മോഹൻ ബജറ്റ് ടൂറിസത്തിന്റെ സ്നേഹോപഹാരം സമ്മാനിച്ചു. യാത്രക്കാരുടെ കൂട്ടായ്മയായ നെയ്യാർ റൈഡേർസിന്റെയും വിവിധ സംഘടനകളുടെയും ഉപഹാരങ്ങളും ആദരവുകളും യോഗത്തിൽ വച്ച് അനീഷ് ഏറ്റു വാങ്ങി. അനീഷിന്റെ ഭാര്യയും രണ്ട് പെൺമക്കളും സ്വീകരണ യോഗത്തിൽ പങ്കെടുത്തു.



أحدث أقدم