എം എൻ സ്മാരകം

     എം എൻ സ്മാരകം

  തിരുവനന്തപുരം: കെട്ടിടങ്ങൾ അചേതന വസ്തുക്കളാണ്. അവ കല്ലും മരവും സിമന്റുമൊക്കെ ചേർത്തുണ്ടാക്കുന്നതിനാൽ. എന്നാൽ ചില കെട്ടിടങ്ങൾ സചേതനങ്ങളായി കാലദേദങ്ങൾ മറികടന്ന് തലമുറകളോട് നിരന്തരം സംവദിച്ചു കൊണ്ടേയിരിക്കും. തിരുവനന്തപുരത്തെ എം.എൻ സ്മാരക മന്ദിരം പോലെ.................

       സി.പി.ഐയുടെ സംസ്ഥാനത്തെ ആസ്ഥാനമായ എം.എൻ സ്മാരകം കല്ലും മരവും സിമന്റും ചേർത്തുണ്ടാക്കിയ വെറുമൊരു കെട്ടിടമല്ല അതിനപ്പുറം കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെയും ഉൽപതിഷ്ണുക്കളുടെയും പ്രാണന്റെ ചലനവും കൂടി ചേർത്തുണ്ടാക്കിയ ആത്മചൈതന്യമുള്ള ജീവിതമാണ്. അത് ഒരേ സമയം ഭൂതകാലത്തെ ആദർശ പോരാട്ട ഭൂമിയിൽ സമർപ്പിച്ച നേരു ജീവിതങ്ങളെ തെളിച്ചപ്പെടുത്തുന്ന നക്ഷത്രമായും ഭാവി തലമുറയുടെ ആദർശ മാർഗ്ഗത്തെ തെളിച്ച് നൽകുന്ന വിളക്കു മരമായും ജീവിക്കുന്നു. വർത്തമാന കാല ആർഭാടങ്ങളിൽ മുങ്ങി നിൽക്കുന്ന അഭിനവ വിപ്ലവകാരികളെ ചൂണ്ടി നിൽക്കുന്ന തീ വാക്കുപോൽ വർത്തമാന മദ്ധ്യാഹ്നങ്ങളെ ആ ചരിത്രസ്മാരകം പൊളളിച്ചു കൊണ്ടിരിക്കുന്നു.

        കേരളത്തിലെ കമ്മ്യുണിസ്റ്റ്കാരുടെ പ്രാണനില ലിഞ്ഞ വികാരമാണ് എം.എൻ സ്മാരകമെന്ന കമ്മ്യൂണിസ്റ്റുകളുടെ തറവാട്, സി.പി.ഐയുടെ സംസ്ഥാന കമ്മറ്റി ആഫീസ്. കേരളത്തെ ചവിട്ടിക്കുഴച്ച് പുതുക്കിയെടുത്ത ചരിത്ര തീരുമാനങ്ങൾ ജനിച്ച വീടാണത്. തലചായ്ക്കാനിടമില്ലാത്തവന് കിടക്കാനൊരിടം കൊടുത്ത എക്കാലത്തെയും വലിയ കാരുണ്യദർശനം ഉദിച്ച നാലുകെട്ട്, പാട്ടവും വാരവും അവസാനിപ്പിച്ച് ജന്മിത്വത്തെ മലയാള മണ്ണിൽ നിന്നും മായ്ച്ചു കളഞ്ഞ ഭൂപരിഷ്കരണ നിയമം പെറ്റു വീണയിടം. 

          അക്ഷരത്തിന്റെ തിരിനാളം കേരളത്തിലെമ്പാടും കൊളുത്തി വച്ച വിദ്യാഭ്യാസ ബില്ല് പിറവി കൊണ്ടയിടം, ഓടുന്ന പെരിയാറിനെ കുറുകെ പിടിച്ചു കെട്ടി ഗതിമാറ്റിയൊഴുക്കി കേരളത്തിന് ഊർജം പകർന്ന ഇടുക്കിയടക്കം എണ്ണമറ്റ പദ്ധതികളുടെ രൂപരേഖ വരയ്ക്കപ്പെട്ട കാൻവാസ്, ന്യായവിലക്ക് ഭക്ഷ്യവസ്തുകൾ ജനങ്ങൾക്ക് നൽകാൻ തീരുമാനമെടുത്ത് വിശപ്പിനെതിരെ സമരമുഖം തുറന്ന ദൈവ കേന്ദ്രം. കേരളത്തിന്റെ വ്യവസായിക മേഖലക്ക് അടിത്തറയിട്ട ബുദ്ധി കേന്ദ്രം,മാവേലി സ്റ്റോറും കൃഷിഭവനും ജനിപ്പിച്ച ബൗദ്ധിക പ്രതിഭകൾ വാണയിടം, എന്തിനധികം, ഏവരും അഭിമാനം കൊളളുന്ന കേരള മോഡലിനെ വാർത്തെടുത്ത പണിശാലയാണ് എം എൻ സ്മാരകം.     

 എം.എൻ സ്മാരകത്തിന്റെ ഉൾ വരാന്തയുടെ കോണിൽ നിങ്ങൾ എപ്പോഴെങ്കിലും നിശ്ശബ്ദമായ് നിന്നിട്ടുണ്ടോ ? ഉണ്ടെങ്കിൽ നിങ്ങൾ കേട്ടു കാണും കേരളം കടന്നുവന്ന കനൽ വഴികളിലെ സംഗരങ്ങളുടെ സംഗീതം. യുഗപ്രഭാവനായ എം. എൻ ഗോവിന്ദൻ നായർ എന്ന എക്കാലത്തെയും വലിയ ജന നേതാവിന്റെ കാർക്കശ്യ നിർദ്ദേശങ്ങളും ചിരിയുടെ മുഴക്കവും.

       മുകളിലെ നിലയിലെ വിഭവ സമൃദ്ധമായ ഗ്രന്ഥ ശേഖരത്തിൽ നിന്നുമൊരു സൂര്യ പ്രവാഹത്തെയറിഞ്ഞിട്ടുണ്ടാകും സി.ഉണ്ണിരാജയെന്ന വൈജ്ഞാനിക സൂര്യൻ. കേരള രാഷ്ട്രീയത്തിലെ ഏറ്റവും തലപ്പൊക്കമുള്ള, ചാന്ദ്ര സൗന്ദര്യത്തിന്റെ ചാരുതയും ഭരണകുശലതയുടെ സർവ്വകലാശാല ജന്മവുമായ ടി വി തോമസിന്റെ ശബ്ദം കേൾക്കാതിരിക്കില്ല. അച്ചുത മേനോനെന്ന തെളിനീരലയുടെ നിലയ്ക്കാത്ത ഒഴുക്കിന്റെ ഈണം നിങ്ങളിലേക്ക് പടർന്നിട്ടുണ്ടാകും. എസ് കുമാരൻ എന്ന കണിശക്കാരനായ കമ്മ്യണിസ്റ്റിന്റെ സ്നേഹ സൗരഭ്യവുമറിഞ്ഞു കാണും. ആയിരം വാട്ട്സുള്ള പി.കെ വി തൻ ചിരിയുടെ പ്രഭയും വെളിയമാശാന്റെ സ്നേഹ ശാസനകളും സി കെ ചന്ദ്രപ്പനെന്ന സമാനതകളില്ലാത്ത കമ്മ്യൂണിസ്റ്റ് ദാർശനികതയുടെ കൈയ്യൊപ്പു പതിഞ്ഞ പരിവർത്തന വ്യാഖ്യാനങ്ങളും കേൾക്കാം. അറബിക്കടലിളക്കം പോലുള്ള കണിയാപുരത്തിന്റെ പ്രസംഗത്തിന്റെ ഇരമ്പം, ഭാസ്കരൻ മാഷിന്റെയും രാഘവൻ മാഷിന്റെ മൊഞ്ചുള്ള നാടൻ ശീലുകൾ, വയലാറിന്റെ ഇടി മുഴക്കങ്ങൾ നിങ്ങളെ പ്രകമ്പനം കൊള്ളിച്ചിട്ടുണ്ടാകും. ഭൂതകാലത്തെ ചുവപ്പിച്ചെടുത്തവരുടെ വക്കു പൊട്ടാത്ത വാക്കുകൾ വീണ മണ്ണിലിന്നും കാലമിപ്പോഴും തളം കെട്ടിക്കിടപ്പാണ്.

         എം എൻ സ്മാരകം കേരളത്തെ മാറ്റിയെഴുതിയ പരിവർത്തന കാലത്തെ അടയാളപ്പെടുത്തുന്ന ചരിത്ര ശിലാശേഷിപ്പാണ്. മഹാനുഭവരും പ്രതിഭാശാലികളും മനുഷ്യ സ്നേഹികളുമായ നിരവധി പ്രകാശഗോപുരങ്ങൾ ചിന്തിച്ചും എഴുതിയും വാദിച്ചും വിയോജിച്ചും തീരുമാനിച്ചും നാടിനായി ജീവിച്ചയിടമാണത്. അനേകം രക്തസാക്ഷികളുടെ ഒടുവിലെ ശ്വാസത്തിലും ദൃഢപ്പെട്ടു നിന്ന വിശ്വാസത്തിന്റെ കരുത്തിൽ  സമയബോധത്തെ പിളർത്തി ഉയർന്നു നിൽക്കും ആദർശ ഗോപുരമാണ് എം.എൻ സ്മാരകം. ലോകമുള്ള നാൾ വരെയും സംരക്ഷിക്കപ്പെടേണ്ട ചരിത്ര മന്ദിരം.

     പാർട്ടി അധികാരത്തിലെത്തുന്നതിനു മുൻപെ സഖാവ് എം.എൻ പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ വാങ്ങിയ  നടുമുറ്റമുള്ള വീട് പിന്നീട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തറവാടായി. അവിടെയിരുന്നാണ് എം.എൻ എന്ന തന്ത്രശാലിയായ മനുഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ബാലറ്റിലൂടെ അധികാരത്തിലേറ്റി ലോകത്തിന് മുൻപിൽ വിസ്മയം തീർത്തത്. പാർട്ടി 1957 ൽ അധികാരത്തിൽ വരുമെന്ന് ഒരാൾക്കേ വിശ്വാസമുണ്ടായിരുന്നുള്ളു എന്നു ഇ.എം.എസ് പറഞ്ഞത് ഓർമ്മ വരുന്നു, അത് എം.എൻ ആയിരുന്നത്രെ ! ജനങ്ങളുടെ മനസ്സു വായിക്കാനാവുന്ന മാന്ത്രികനായിരുന്നു എം എൻ എന്നതിന്റെ സാക്ഷ്യമായി 1957 ലെ തെരെഞ്ഞെടുപ്പ് വിജയം. 

       ഇന്നത്തെ എം.എൻ സ്മാരകത്തിൽ നിന്നായിരിക്കണം കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിയോഗിക്കപ്പെടുന്നത്. അവിടെയിരുന്നാണ് ഉണ്ണിരാജയെപ്പോൽ അച്യുതമേനോനെപ്പോൽ ഈ എം എസിനെ പോലുള്ള ബൗദ്ധിക പ്രപഞ്ചങ്ങൾ കേരളത്തെ ഇടതുപക്ഷ ഭ്രമണപഥത്തിലേക്കെത്തിച്ചത്.   അച്ചുത മേനോനും ടി വി തോമസ്സും കേരളത്തെ പുരോഗമന പാതയിലേക്ക് കൈ പിടിച്ചു നടത്തിയത്. ഇവിടെയിരുന്നാണ് എ.കെ ജി സമര പരമ്പരകളുടെ പടക്കങ്ങൾക്ക് തീ കൊളുത്തിയത് !.

      ഇവിടെ വച്ചായിരുന്നു വി.ആർ കൃഷ്ണയ്യർ എന്ന നീതിമാൻ രാഷ്ട്രീയ ഭരണത്തിലേക്കു ചുവടു മാറ്റം നടത്തി ജനകീയനായത്. മുണ്ടശ്ശേരി മാഷിന്റെ രാഷ്ട്രീയ സന്നിവേശത്തിന്റെ ഹരിശ്രീ കുറിച്ചതും ഇവിടെ വച്ചാണ് . സൈലന്റ് വാലിയുടെയും അതിരപ്പിള്ളിയുടെയും ജൈവ വൈവിധ്യത്തെ സംരക്ഷിക്കാനുള്ള പടയണി പുറപ്പെട്ടതും ഇവിടെ നിന്നു തന്നെ !

    അങ്ങിനെയെത്രയെത്ര മഹാരഥൻമാർ എസ്സ് കുമാരനും എൻ ഇ ബാലറാമും ശർമ്മാജിയും കെ.എ കേരളീയനും കാന്തലോട്ടു കുഞ്ഞമ്പുവും ചാത്തൻ മാസ്റ്ററും പി.കെ രാഘവനും പി എസ്സ് ശ്രീനിവാസനും പി.കെവിയും വെളിയവും കെ.വി.സുരേന്ദ്ര നാഥും സി.കെ.ചന്ദ്രപ്പനും ഇ ചന്ദ്രശേഖരൻ നായരും വി.വി.രാഘവനും വി.കെ.രാജനു മടക്കം എത്ര പേരുടെ ആദർശ ജീവിതത്തിന്റെ നിറം ചേർന്നതാണീ ചരിത്ര മന്ദിരം... വിപ്ലവകാരികളുടെ വാക്കുകൾ പൂത്തുലഞ്ഞ കേദാരമാണത്.

      കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും കുറച്ച് പേർ വിട്ടു പോയി വേറെ പാർട്ടി ഉണ്ടാക്കിയ 1964 കാലത്ത് എം.എൻ സ്മാരകം പിടിച്ചെടുക്കാൻ വിഭജനവാദികൾ കഠിനമായി തന്നെ ശ്രമിച്ചുവത്രെ! എന്നാൽ എം.എൻ ഗോവിന്ദൻ നായരും എൻ ഇ ബാലറാമും മറ്റു സഖാക്കളുമൊക്കെ മുണ്ടും മാടി കുത്തി  കൈയിൽ അരിവാളുമായി നിന്ന് ചെറുത്തു സംരക്ഷിച്ച് സി.പി.ഐ ആഫീസായി നിലനിർത്തിയതാണ് എം എൻ സ്മാരകം. പിന്നീട് 1984 ൽ എം എൻ മരിച്ചപ്പോഴാണ് കെട്ടിടത്തിന് എം.എൻ സ്മാരകമെന്ന് പേരിട്ടത്. ഇതിലും അനുയോജ്യമായ മറ്റൊരു നാമവും ആ ഭവനത്തിന് യോജിക്കില്ലായെന്ന് കാലം തന്നെ പേർത്തും പേർത്തും നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വാങ്ങിയ കാലത്തുള്ള സൗകര്യങ്ങളാണിന്നും എം.എൻ സ്മാരകത്തിലുള്ളത്. ചെറിയ മുറികൾ, കാലം ആവശ്യപ്പെടുന്ന ഒഴിവാക്കാനാകാത്ത ആധുനിക സൗകര്യങ്ങൾ പോലുമില്ലാത്ത സംസ്ഥാന കമ്മറ്റി ആഫീസ്. എന്നാൽ ഒരാർഭാടം പറയാതെ വയ്യ, ഇടതടവില്ലാതെ വന്നു നിറയുന്ന കാറ്റും അളക്കാൻ പറ്റാത്തത്ര വെളിച്ചവും. വെളിച്ചവും കാറ്റും സാധാരണ മനുഷ്യരും കടന്നുവരാൻ മടിക്കുന്ന വല്യ വല്യ നെടുനെടുങ്കൻ മണി ഹർമ്മ്യങ്ങളെ അപേക്ഷിച്ച് എം.എൻ സ്മാരകം സ്വർഗ്ഗതുല്യമാവുന്നത് അതിന്റെ ലാളിത്യവും പ്രൗഢിയും കൊണ്ടാണ്. കോർപറേറ്റ് പണക്കൊഴുപ്പിന്റെ അഴുക്കുചാൽ മാലിന്യത്തിന്റെ ദുർഗ്ഗന്ധം എം.എൻ സ്മാരകത്തിന്റെ വഴികളുടെ ഏഴയലത്ത് പോലും കാണാനാകില്ലെന്നതിനാൽ സാധാരണ മനുഷ്യർക്ക് ഏത് സമയവും കടന്നുചെല്ലാൻ കഴിയുന്ന ആശ്രയ ഭവനമാണെന്നും ഈ പാർട്ടി ആഫീസ്.ആർക്കു മുന്നിലും അടയാത്ത വാതിലുകളുമായാണ് ദശകങ്ങളൊരുപാട് ഈ ഓഫീസ് ജീവിച്ചത്. ഇന്നും അങ്ങിനെ തന്നെ തടയാൻ കാവൽക്കാരില്ലാത്ത ജനങ്ങളുടെ അഭയ കേന്ദ്രം. തുറന്നിട്ട വാതായനങ്ങളിലൂടെ കയറിയിറങ്ങിപ്പോയ തലമുറകളുടെ വിശ്വാസത്തിന്റെ കരുത്താണ് സി.പി.ഐയുടെ സമ്പത്ത്. അധികാരം ഒരിക്കലും ഭ്രമിപ്പിക്കുകയോ കനം വെപ്പിക്കുകയോ ചെയ്യാത്ത നേതൃ നൈർമ്മല്യങ്ങളാണ് എക്കാലത്തും എമ്മെൻ സ്മാരകത്തിലെ ഗൃഹനാഥൻമാർ .

          സംസ്ഥാന കമ്മറ്റി പോലും കൂടാനാകാത്തത്ര അസൗകര്യം വലിയ പ്രശ്നമാകാൻ തുടങ്ങിയിട്ട് നാളേറെയായി. തലസ്ഥാനത്ത് വരുന്ന സഖാക്കൾക്ക് വിരി വെയ്ക്കാൻ പോലും ഇടമില്ലാത്ത അവസ്ഥ, സൗകര്യങ്ങളൊന്നു കൂട്ടണമെന്ന് പാർട്ടി ഓരോ ഘട്ടത്തിലും പലവട്ടം ചിന്തിച്ചു, പക്ഷെ ആർഭാടമാകുമോ എന്ന ചിന്തയാൽ പലപ്പോഴും അസൗകര്യങ്ങൾ മാറ്റാനായി തീരുമാനമെടുത്തില്ല. ഒടുവിൽ തീരെ  നിവൃത്തിയില്ലാതായപ്പോൾ പാർട്ടി അംഗങ്ങളെയും ജനങ്ങളെയും ആശ്രയിക്കാൻ തീരുമാനിച്ചു. എം.എൻ സ്മാരകം നവീകരിച്ച് കുറച്ച് സൗകര്യങ്ങളുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ. അഴിമതിയുടെ പുകയേൽക്കാത്ത പാർട്ടിയെ ജനങ്ങൾ നാളിത് വരെ കയ്യൊഴിഞ്ഞിട്ടില്ല എന്ന ആത്മവിശ്വാസമാണ് കൈ മുതൽ. 

      ഈ തീരുമാനം കൊണ്ട് സഖാവ് കാനവും ടീമും പിൽക്കാലത്ത് പ്രകീർത്തിക്കപ്പെടും, ചരിത്രത്തിൽ ഇടം പിടിക്കും. കാരണം എം.എൻ സ്മാരകമെന്ന കെട്ടിടം ഇനിയുമേറെ തലമുറകൾക്ക് ഭൂതകാലത്തേക്ക് തിരിഞ്ഞു നടക്കാനുള്ള വഴിയും വിളക്കുമാണ്. 

       എം.എൻ. സ്മാരകത്തിന്റെ നവീകരണത്തിനായ് എല്ലാവരുടെയും അദ്ധ്വാനത്തിന്റെ പങ്ക് നൽകണം. പൊതു പ്രവർത്തനത്തിലെ ക്ലേശകരമായ ചുമതലയാണ് പണം പിരിച്ചെടുക്കുക എന്നത്, പക്ഷെ എം.എൻ സ്മാരകത്തിനായുള്ള പിരിവ് സന്തോഷത്തോടെയും ആവേശത്തോടെയുമാണ് ഏറ്റെടുക്കേണത്. 

أحدث أقدم