'കിളിക്കൂട്ടം 2023'
തിരുവനന്തപുരം: ഒരു വർഷത്തിൽ മഹാഭൂരിപക്ഷം സമയവും പുസ്തകവും അധ്യാപകരുമായി ക്ലാസ് മുറിക്കുള്ളിൽ പഠനത്തിന് വേണ്ടി മാത്രമാണെങ്കിൽ ഈ വേനലവധി ക്യാമ്പിലൂടെ വളരെ സന്തോഷത്തോടുകൂടി പഠനത്തോടൊപ്പം കുട്ടികൾക്ക് കളിക്കാനും രസിക്കാനും ഒത്തുചേരാനുമുള്ള അവസരമാണ് 'കിളിക്കൂട്ടം 2023'
വേനലവധി ക്യാമ്പിലൂടെ കേരള സംസ്ഥാന ശിശുക്ഷേമ സമിതി ഒരുക്കിയിരിക്കുന്നത് എന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ പറഞ്ഞു.
'കിളിക്കൂട്ടം 2023' വേനലവധി ക്യാമ്പിലെ കുട്ടികൾക്ക് വിഷുകൈനീട്ടമായി പച്ചക്കറി തൈയ്യും മിഠായിയും നൽകി അവരോട് സംവദിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. കൂടാതെ കുട്ടികൾക്ക് താല്പര്യമുള്ള വിഷയങ്ങൾ പ്രദാനം ചെയ്യാൻ 'കിളിക്കൂട്ടം 2023' വേനലവധി ക്യാമ്പിന് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്യാമ്പ് ഡയറക്ടർ എൻ.എസ്.വിനോദ് സ്വാഗതം ആശംസിച്ചു സംസാരിച്ചു. ശിശുക്ഷേമ സമിതി ട്രഷറർ കെ.ജയപാൽ, ഓർഗാനിക് തീയേറ്റർ ഡയറക്ടർ എസ്.എൻ.സുധീർ എന്നിവർ പങ്കെടുത്തു.
2023 മെയ് 25 വരെ ശിശുക്ഷേമ സമിതി ആസ്‌ഥാനത്തു നടക്കുന്ന ക്യാമ്പിൽ പഠന പഠനേതര വിഷയങ്ങളിൽ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രഗത്ഭർ കുട്ടികളുമായി സംവദിക്കും.