വെള്ളായണി കാർഷിക കോളേജിൽ ജൈവവള പരിശോധനയ്ക്കായി പുതിയ ലബോറട്ടറി

വെള്ളായണി കാർഷിക കോളേജിൽ ജൈവവള പരിശോധനയ്ക്കായി പുതിയ ലബോറട്ടറി


സർക്കാരിന്റെ നൂറ് ദിന പരിപാടികളുടെ ഭാഗമായി വെള്ളായണി കാർഷിക കോളേജ് മണ്ണ് ശാസ്ത്ര വിഭാഗത്തിൽ സ്ഥാപിച്ച ജൈവവള ഗുണനിലവാര പരിശോധനാ റഫറൽ ലബോറട്ടറി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജൈവവള മേഖലയിലെ തട്ടിപ്പുകൾ തടയുന്നതിനും കർഷകരും ഗുണഭോക്താക്കളും വഞ്ചിതരാകാതിരിക്കാനും ഇത്തരം ലബോറട്ടറികളുടെ പ്രവർത്തനം സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. ജൈവ കാർഷിക മിഷൻ യാഥാർഥ്യമാകുമ്പോൾ ലബോറട്ടറികളുടെ സേവനം സാധരണക്കാർക്കും വ്യാപകമായി പ്രയോജനപ്പെടുമെന്നും മന്ത്രി കൂട്ടിചേർത്തു. കോളേജിലെ തേൻ ഗുണനിലവാര പരിശോധന കേന്ദ്രം, സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റി സെന്റർ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

       ജൈവവളങ്ങൾ പരിശോധിച്ച് അവയുടെ ഗുണനിലവാരം, മായം കലർത്തൽ എന്നിവ കണ്ടെത്തുന്നതിനും മണ്ണ്, ജലസേചനത്തിനുള്ള വെള്ളം ഇവ പരിശോധിച്ച് പോഷകമൂലകങ്ങൾ, മലിനീകരണ തോത് എന്നിവ നിർണയിക്കുന്നതിനുള്ള സംവിധാനങ്ങളും ലബോറട്ടറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. കർഷകർക്കും ഉത്പാദകർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ലബോറട്ടറിയുടെ പ്രവർത്തനം പ്രയോജനകരമാകും. 2.79 കോടി രൂപ ചെലവഴിച്ചാണ് ലബോറട്ടറി സജ്ജീകരിച്ചത്.

         രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ ധനസഹായത്തോടെ, 2.65 കോടി രൂപ ചെലവിലാണ് തേൻഗുണനിലവാര പരിശോധന കേന്ദ്രം നിർമിച്ചത്. തേനീച്ച കർഷകർ, സ്ഥാപനങ്ങൾ, വ്യവസായ സംഘടനകൾ എന്നിവർക്ക് ദേശീയ മാനദണ്ഡങ്ങൾ അനുസരിച്ച് തേനിന്റെ ഗുണനിലവാര പരിശോധന നടത്തി സാക്ഷ്യപ്പെടുത്തി നൽകും.

     ഗവേഷണ വികസനത്തിനും ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുമായി ആരംഭിച്ച സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ലബോറട്ടറിയ്ക്കായി, ദക്ഷിണമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ സ്റ്റേഷൻ വൈസ് ഫണ്ടിംഗ്-സ്‌ട്രെങ്തനിംഗ് ഓഫ് റിസർച്ച് ഫണ്ടിൽ നിന്നും 85 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മണ്ണ്, ജലം, സസ്യകലകൾ, കോശങ്ങൾ, സൂക്ഷ്മജീവികൾ എന്നിവ പരിശോധിച്ച് അപഗ്രഥനം നടത്തുന്നതിനായി ആർ.ടി-പിസിആർ, ഇൻവർട്ടഡ് മൈക്രോസ്‌കോപ്പ്, വാട്ടർ ക്വാളിറ്റി അനലൈസർ, നാനോഡ്രോപ്പ് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.

          കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ചന്തുകൃഷ്ണ അധ്യക്ഷനായ ചടങ്ങിൽ വിവിധ ജനപ്രതിനിധികൾ, കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ബി.അശോക്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ അഞ്ചു കെ.എസ് എന്നിവരും പങ്കെടുത്തു.

أحدث أقدم