സിവിൽ സർവീസിനെ സംരക്ഷിക്കുക എന്നത് ജനപക്ഷ സർക്കാരിന്റെ കർത്തവ്യം: കെ പി രാജേന്ദ്രൻ
തിരുവനന്തപുരം : സിവിൽ സർവീസിനെ ഏതു വിധേനയെങ്കിലും തകർക്കുക എന്ന ലക്ഷ്യവുമായിട്ടാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്, ബദൽ നടപടികൾ സ്വീകരിച്ചിട്ടുള്ളത് സംസ്ഥാന സർക്കാർ മാത്രമാണ്. എന്നാൽ ജനപക്ഷ നടപടികളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാർ മറ്റു വാഗ്ദാനങ്ങൾ നടപ്പിലാക്കിയത് പോലെ സിവിൽ സർവീസിന്റെ കാര്യത്തിലും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും ജീവനക്കാരെ പരിഗണിച്ചു കൊണ്ടുള്ളതാകണം തീരുമാനങ്ങളെന്നും AITUC സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ജി. ഒ.എഫ് സംസ്ഥാന പ്രസിഡന്റ് ഡോ: കെ എസ് സജികുമാറിന്റെ അധ്യക്ഷത വഹിച്ചു. കെ. ജി. ഒ.എഫിന്റെ നേതൃത്വത്തിൽ 14 ജില്ലാ കേന്ദ്രങ്ങളിലും മാർച്ചും ധർണയും നടത്തി.
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ നയം തന്നെ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുക എന്നതാണ്. 8 മണിക്കൂർ ജോലി എന്നത് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും കോർപ്പറേറ്റ് നയങ്ങൾ ഇതിന് വിരുദ്ധമാണ്. കോർപ്പറേറ്റ് നയങ്ങൾ പിന്തുടരുന്ന കേന്ദ്ര സർക്കാർ ജോലി സമയം വർധിപ്പിച്ച് തൊഴിലാളികളുടെയും ജീവനക്കാരുടെയും എണ്ണം കുറയ്ക്കുവാനാണ് ശ്രമിക്കുന്നത്. സിവിൽ സർവീസ് കാര്യക്ഷമമാകണമെങ്കിൽ അതിന് പറ്റിയ അന്തരീക്ഷം കൂടി ജീവനക്കാർക്ക് ഉണ്ടാകണമെന്നും ജനപക്ഷത്തു നിൽക്കുന്ന ഒരു സർക്കാർ അത്തരം സാഹചര്യങ്ങൾ ഒരുക്കുന്നതിന് ബാധ്യസ്ഥരാണെന്നും കെ.പി. രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
പണിമുടക്ക് അവകാശം സംരക്ഷിക്കുക, കരാർ- കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങളെ ചെറുക്കുക, സംസ്ഥാന സർക്കാരിന്റെ ബദൽ സംവിധാനങ്ങൾക്ക് ശക്തി പകരുക, എല്ലാ പ്രൊഫഷണൽ വിഭാഗം ജീവനക്കാർക്കും കരിയർ അഡ്വാൻസ്മെന്റ് സ്കീം നടപ്പിലാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ഓൺലൈൻ സ്ഥലം മാറ്റങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കെജിഎഫ് സെക്രട്ടറിയേറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചത്.
ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, എ കെ എസ് ടി യു സംസ്ഥാന പ്രസിഡന്റ് എഫ് വിൽസൺ, കേരള സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് സുധി കുമാർ, കെജിഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി കെ രമേശ്, ബീനാ ബീവി എന്നിവർ അഭിവാദ്യങ്ങൾ അറിയിച്ച് സംസാരിച്ചു. കെ ജി ഒ എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മനു കെ ജി, സജീവ് ദിവാകരൻ, സോയാ കെ എൽ, ജില്ലാ ട്രഷറർ ഷാജഹാൻ എന്നിവർ മാർച്ചിനും ധർണയ്ക്കും നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി വിഷ്ണു എസ്.പി ചടങ്ങിന് സ്വാഗതവും ജില്ലാ പ്രസിഡന്റ് എസ്. എസ് ശ്യാം ലാൽ നന്ദിയും അറിയിച്ചു.