പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാര്‍; നെയ്യാറ്റിന്‍കര താലൂക്ക് അദാലത്ത് ഇന്ന്

 പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാര്‍; നെയ്യാറ്റിന്‍കര താലൂക്ക് അദാലത്ത് ഇന്ന്


  നെയ്യാറ്റിൻകര: നെയ്യാറ്റിൻകര താലൂക്ക് തല അദാലത്ത് ഇന്ന് രാവിലെ 10ന് നെയ്യാറ്റിൻകര ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിര്‍വഹിക്കും. കെ. ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷനാകും. പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി. ആര്‍ അനില്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.

         സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ ഭാഗമായുളളതാണ് അദാലത്ത്.   ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം മൂന്ന് മന്ത്രിമാരും അദാലത്തില്‍ പരാതികള്‍ നേരില്‍ കേട്ട് തീര്‍പ്പാക്കും. ടോക്കണ്‍ അനുസരിച്ചാണ് പരാതികള്‍ കേള്‍ക്കുക. ഭിന്നശേഷിക്കാര്‍, പ്രായമായവര്‍ എന്നിവരെ ആദ്യം പരിഗണിക്കും. പുതുതായി എത്തുന്ന അപേക്ഷകര്‍ക്ക് പരാതികള്‍ നല്‍കാനുള്ള സൗകര്യവും ഉണ്ടാകും. അദാലത്ത് വേദിയില്‍ കുടിവെള്ളം, ടോയ്‌ലറ്റ്, ആംബുലന്‍സ് എന്നിവയുള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം താലൂക്കില്‍ നടന്ന ആദ്യ അദാലത്ത് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ആയിരത്തിലധികം പരാതികളാണ് ഇതിലൂടെ തീര്‍പ്പാക്കിയത്.

                മെയ് 06 ന് നെടുമങ്ങാട്, മെയ് 08 ന് ചിറയിന്‍കീഴ്, മെയ് 09 ന് വര്‍ക്കല, മെയ് 11 ന് കാട്ടാക്കട എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ അദാലത്ത് തിയതികള്‍.

أحدث أقدم