വികസനത്തിൻ്റെ പാതയിൽ കാഞ്ഞിരംകുളം ഗവ. കോളേജ്

 

നെയ്യാറ്റിൻകര: വികസന പ്രതീക്ഷയിലാണ് ഇപ്പോൾ കാഞ്ഞിരംകുളം കുഞ്ഞുകൃഷ്ണൻ നാടാർ മെമ്മോറിയൽ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ്. വികസനം വഴിമുട്ടി, സ്ഥലപരിമിതികാരണം കോളേജിന്റെ യൂണിവേഴ്സിറ്റി അഫിലിയേഷൻ നഷ്ടപ്പെടുമെന്ന സാഹചര്യത്തിലായിരുന്നു കഴിഞ്ഞ കാലങ്ങൾ കടന്നുപോയത്.

എന്നാൽ ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മൂന്നര (3.5) ഏക്കർ സ്ഥലം വാങ്ങൾ 36കോടിരൂപ അനുവദിച്ചത് ആശ്വാസമായിരിക്കുകയാണ്.

         ജില്ലയുടെ എഡ്യൂക്കേഷണൽ ഹബായി കാഞ്ഞിരംകുളത്തെ മാറ്റിത്തീർക്കാൻ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്നിലുണ്ടെങ്കിലും കാഞ്ഞിരംകുളം ഗവ.കോളേജിന്റെ സ്ഥാനം പ്രഥമമാണ്. കോവളം, നെയ്യാറ്റിൻകര നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന തീരദേശ ഗ്രാമപഞ്ചായത്തുകളായ കോട്ടുകാൽ,കരുംകുളം,പൂവാർ,കുളത്തൂർ,കാരോട് ഗ്രാമപഞ്ചായത്തുകളും കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിന്റെ സമീപ പഞ്ചായത്തുകളായ ചെങ്കൽ,തിരുപുറം,അതിയന്നൂർ,വെങ്ങാനൂർ പഞ്ചായത്തുകളിലുമായിട്ടുള്ള ഏക ഗവ.കോളേജാണിത്.
   
         1982 ഒക്ടോബറിലാണ് കാഞ്ഞിരംകുളത്ത് ഗവ.കോളേജ് ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചത്. മൂന്ന് പ്രാവശ്യം നിയമസഭാംഗമായിരുന്ന എം.കുഞ്ഞുകൃഷ്ണൻ നാടാർ എന്ന രാഷ്ട്രീയ നേതാവിന്റെ പേരിലാണ് കോളേജ്. അദ്ദേഹം സംഭാവനയായി നൽകിയ ഒരു ഏക്കർ അറുപത്തിയഞ്ച് (1.65)സെന്റ് ഭൂമിയിലാണ് കോളേജ് നിലകൊള്ളുന്നത്. ഇവിടെ 29 ടീച്ചർമാരും 18നോൻ ടീച്ചിംഗ് സ്റ്റാഫുകളുമാണുള്ളത്. 654കുട്ടികളും വിവിധ കോഴ്സുകളിലായി പഠിക്കുന്നു. ഇവിടെ പഠിക്കുന്നവരിൽ ബഹുഭൂരിപക്ഷവും തീരദേശ മേഖലയിലുള്ളവരും പിന്നോക്ക വിഭാഗത്തിൽപ്പെടുന്നവരുമാണ്.

               മികവാർന്ന ലൈബ്രറി,ആധുനിക സയൻസ്,ലാഗ്വേജ്,ഫിസിക്സ്,ഇ.ഡി.പി(കോമേഴ്സ് ),ഡാറ്റാ അനാലിസിസ് (സ്റ്റാറ്റിസ്റ്റിക്സ്സ് ) ലാബുകൾ,ഓഡിയോ വിഷ്വൽ എഡിറ്റിംഗ്‌‌ സ്റ്റുഡിയോ,കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെൽ, എൻ.എസ്.എസ് വുമെൻ സ്റ്റഡി യൂണിറ്റ്,സ്മാർട്ട് ക്ലാസ് റൂം എന്നിവ ഉണ്ടായിരുന്നിട്ടും സ്ഥലപരിമിതി കോളേജിന്റെ തുടർപ്രവർത്തനത്തെ മുന്നോട്ടുപോകാൻ അനുവദിച്ചിരുന്നില്ല. വളരെ പ്രതീക്ഷയോടെ മറ്റ് ജില്ലകളിൽ നിന്നും അഡ്മിഷൻ നേടുന്നവർ ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിന്റെ പേരിൽ ടി.സി വാങ്ങി പോവുകയാണ് പതിവ്. കായികരംഗത്ത് മികവ് തെളിയിച്ചവർ പരിശീലനത്തിന് ഗ്രൗണ്ട് ഇല്ലെന്നുപറഞ്ഞ് മറ്റ് കോളേജുകളിലേക്ക് പോകുന്നു.ഈ പരിമിതികൾ മറികടക്കാൻ കൂടുതൽ സ്ഥലം അകലെയായി കണ്ടെത്തിയെങ്കിലും അധികൃതരുടെ നിസഹകരണത്താൽ വിജയം കണ്ടില്ല. യൂണിവേഴ്സിറ്റി നിയമപ്രകാരം ഒരു ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രവർത്തിക്കാൻ കുറഞ്ഞത് 5ഏക്കർ ഭൂമി ഒന്നിച്ച് വേണമെന്നായിരുന്നു.

            കോളേജിന് ആവശ്യമായ സ്ഥലം കണ്ടെത്തണം എന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ എം.വിൻസെന്റ് നിയമസഭയിൽ പ്രശ്നം ഉന്നയിച്ചതോടെയാണ് കാര്യങ്ങൾ സജീവമായത്.എം.എൽ.എയുടെ നിരന്തരമായുള്ള ഇടപെടൽ കഴിഞ്ഞ ടേൺ വിജയം കണ്ടുവെങ്കിലും അധികൃതരുടെ അനാസ്ഥയിൽ കാര്യങ്ങൾ അനന്തമായി നീട്ടുകയായിരുന്നു. ഇനി വൈകാതെ ഹോസ്റ്റൽ, പ്ലേഗ്രൗണ്ട്,ചുറ്റുമതിൽ എന്നിവ നിർമ്മിക്കാൻ ആവശ്യമായ ഫണ്ട് കണ്ടെത്തേണ്ടതുണ്ട്. കാഞ്ഞിരംകുളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർത്ഥികളുടെയും നാട്ടുകാർ ഉൾപ്പെടെയുള്ളവരുടെയും ആവശ്യം.


أحدث أقدم