പി ചിത്രൻ നമ്പൂതിരി അന്തരിച്ചു
തൃശൂർ∙ വിദ്യാഭ്യാസ വിചക്ഷണനും സംസ്ഥാന വിദ്യാഭ്യാസ മുൻ ജോയിന്റ് ഡയറക്ടറും സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ ആസൂത്രകനുമായ പി.ചിത്രൻ നമ്പൂതിരിപ്പാട് (104) അന്തരിച്ചു. ചെമ്പുക്കാവ് മ്യൂസിയം റോഡ് മുക്തിയിലായിരുന്നു താമസം.
100 വയസ്സുവരെ തുടർച്ചയായി 30 വർഷം ഹിമാലയയാത്രകൾ നടത്തിയ ചിത്രൻ നമ്പൂതിരിപ്പാട് ലളിത ജീവിതത്തിന്റെ അടയാളമായിരുന്നു. 1957ൽ ഇഎംഎസ് സർക്കാരിനു മലപ്പുറം ജില്ലയിലെ മൂക്കുതലയിൽ സ്വന്തം ഉടമസ്ഥതയിലുള്ള സ്കൂൾ ഒരു രൂപയ്ക്കു നൽകി വിദ്യാഭ്യാസ വിപ്ലവത്തിൽ അദ്ദേഹം പങ്കാളിയായി. വിരമിച്ച ശേഷം സർക്കാർ വാഗ്ദാനം ചെയ്ത ഉന്നതപദവികളും അദ്ദേഹം നിരസിച്ചു.
പൊന്നാനി താലൂക്കിലെ പകരാവൂർ കൃഷ്‌ണൻ സോമയാജിപ്പാടിന്റെയും പാർവതി അന്തർജനത്തിന്റെയും മകനായി ജനിച്ച അദ്ദേഹം വേദവും സംസ്‌കൃതവും പഠിച്ചശേഷം തൃശൂർ സെന്റ് തോമസ് കോളജിൽ ഇന്റർമീഡിയറ്റിനു ചേർന്നു. പഠിക്കുമ്പോൾ തന്നെ ഇടതുപക്ഷ വിദ്യാർഥി പ്രസ്‌ഥാനത്തിന്റെ സെക്രട്ടറിയും കോളജ് യൂണിയൻ സ്‌പീക്കറുമായി. അഖിലേന്ത്യാ വിദ്യാർഥി ഫെഡറേഷന്റെ പ്രഥമ സമ്മേളനത്തിൽ ഭാരവാഹിയായി. സംസ്കാരം പിന്നീട്.