പി.ഗോപിനാഥൻ നായർ സ്മൃതികളുമായി ഇരുന്നൂറാം യാത്ര അവിസ്മരണീയമാക്കി കെ.എസ്.ആർ.ടി.സി.
നെയ്യാറ്റിൻകര: തന്റെ ജീവിതാന്ത്യം വരെയും കെ.എസ്.ആർ.ടി. സി. ബസിൽ യാത്ര ചെയ്ത് പ്രവർത്തനങ്ങൾ നടത്തിയ മൺമറഞ്ഞ ഗാന്ധിയൻ പി.ഗോപിനാഥൻ നായർക്ക് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ സമുചിതമായ ആദരവ്. പത്മശ്രീ പി.ഗോപിനാഥൻ നായരുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ "ഗോപി സാറിന്റെ കർമ്മപഥത്തിലൂടെ ഒരു യാത്ര " എന്ന ടാഗ്‌ലൈനോടെയാണ് നെയ്യാറ്റിൻകര ബജറ്റ് ടൂറിസം സെല്ലിന്റെ ഇരുന്നൂറാമത് യാത്ര സംഘടിപ്പിച്ചത്. വിവിധ യാത്രകളിൽ പങ്കെടുത്തവർക്കായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികളും , വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികളുമാണ് യാത്രയിൽ പങ്കെടുത്തത്. നെയ്യാറ്റിൻകര ബസ്റ്റാന്റിൽ കെ. ആൻസലൻ എം.എൽ.എ സ്മൃതിയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ബജറ്റ് ടൂറിസം സെൽ ചീഫ് ട്രാഫിക് ഓഫീസർ ജേക്കബ്ബ് സാംലോപ്പസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ക്ലസ്റ്റർ ഓഫീസർ ഉദയകുമാർ ,സുമൻജിത് മിഷ, എൻ.കെ.രഞ്ജിത്ത്, വി.എസ്.ഹരീന്ദ്രനാഥ്, അയണിത്തോട്ടം കൃഷ്ണൻ നായർ , എസ്.ജി.രാജേഷ്,രാജ് മോഹൻ , മണലൂർ ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച യാത്ര ചെങ്കൽ വലിയകുളം, കൊടിതൂക്കിമല, അരുവിപ്പുറം, വെങ്ങാനൂർ അയ്യങ്കാളി സ്മൃതി മണ്ഡപം ,ഗാന്ധി ഭവൻ, ജി.ആർ. സ്മൃതി മണ്ഡപം എന്നീ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം പി.ഗോപിനാഥൻ നായരുടെ വസതിയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ സ്വാമി സാന്ദ്രാനന്ദ, പി.വൈ. അനിൽകുമാർ , മര്യാപുരം ജഗദീശൻ , ഡോ.എൻ. രാധാകൃഷ്ണൻ ,സുമകുമാരി എന്നിവർ സംഘത്തിലെ അംഗങ്ങളുമായി സംവദിച്ചു. യാത്രക്ക് ജി. ജിജോ, എം.എസ്.സജികുമാർ, വി.പ്രശാന്ത് കുമാർ, സി.രാജൻ തുടങ്ങിയവർ നേതൃത്വം നൽകി. കെ.എസ്.ആർ.ടി.സി. നെയ്യാറ്റിൻകര യൂണിറ്റ് സംഘടിപ്പിച്ച യാത്രാ അനുഭവ രചനാ മത്സര വിജയികൾക്ക് കെ. ആൻസലൻ എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്തു.