നെയ്യാറ്റിൻകര കുളത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് - ബിജെപി കൂട്ടുകെട്ടിൽ കോൺഗ്രസിലെ ഗീതാ സുരേഷ് പഞ്ചായത്ത് പ്രസിഡൻ്റ്.

കോൺഗ്രസ് - ബിജെപി കൂട്ടുകെട്ട് :കുളത്തൂർ പഞ്ചായത്ത് കോൺഗ്രസ് നിലനിർത്തി


       നെയ്യാറ്റിൻകര:  കുളത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് - ബിജെപി കൂട്ടുകെട്ടിൽ കോൺഗ്രസിലെ ഗീതാ സുരേഷ് പഞ്ചായത്ത് പ്രസിഡൻ്റ്. കോൺഗ്രസിലെ 8 അംഗങ്ങളും ബിജെപിയുടെ രണ്ട് അംഗങ്ങളുമാണ് കോൺഗ്രസ്  പ്രസിഡൻ്റ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്.

   കുളത്തൂർ വാർഡ് അംഗം പ്രിയ കുമാരി, അരുവല്ലൂർ വാർഡ് അംഗം എ സുരേഷ് കുമാർ എന്നിവരാണ് കോൺഗ്രസിന് വോട്ട് ചെയ്ത   ബിജെപി അംഗങ്ങൾ. ഒരംഗം വോട്ട് ചെയ്യാൻ എത്തിയില്ല. തെരഞ്ഞെടുപ്പിൽ  നിന്നും വിട്ടുനിൽക്കാൻ ബിജെപി അംഗങ്ങൾക്ക് ജില്ലാ നേതൃത്വം വിപ്പ് നൽകിയിരുന്നതായി പറയപ്പെടുന്നു. 

     മുൻ ധാരണ പ്രകാരം ജി സുധാർജ്ജുനൻ രാജിവച്ചതിനെ തുടർന്നാണ് വീണ്ടും പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടത്തിയത്. എന്നാൽ രണ്ടാംഘട്ട പ്രസിഡൻ്റ് സ്ഥാനം ഗീതാ സുരേഷിന് നൽകുവാനുള്ള ആലോചന ആരംഭിച്ചപ്പോൾ തന്നെ സ്വതന്ത്ര അംഗത്തെ കൂട്ടി ഒരു വിഭാഗം കോൺഗ്രസ് അംഗങ്ങൾ വിമത നീക്കം നടത്തിയിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു. ഞായറാഴ്ച വൈകിട്ടോടുകൂടി കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് കൈമാറിയതായി കോൺഗ്രസ് നേതൃത്വം അറിയിച്ചു. 
      
       20 അംഗങ്ങളുള്ള കുളത്തൂർ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് - 9, സിപിഎം - 5, സിപിഐ - 1, ബിജെപി - 3, സ്വതന്ത്രർ - 2 എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രരിലൊരാൾ സിപിഎമ്മിനൊപ്പവും മറ്റൊരാൾ കോൺഗ്രസിനോടൊപ്പവുമാണ്.
أحدث أقدم