പി കെ വി പുരസ്കാരം പന്ന്യൻ രവീന്ദ്രന്
കോട്ടയം: മുതിർന്ന സിപിഐ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന പി കെ വി യുടെ സ്മരണാർത്ഥം രൂപീകരിച്ച പി കെ വി സെൻ്റർ ഫോർ ഹ്യൂമൻ ഡെവലപ്മെൻ്റ് ആൻഡ് കൾച്ചറൽ അഫയേഴ്സ് ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പി കെ വി പുരസ്കാരം പന്ത്യൻ രവീന്ദ്രന് സമർപ്പിക്കും. പ്രശസ്തി പത്രവും ഫലകവും പതിനായിരം രൂപയും അടങ്ങുന്നതാണ് അവാർഡ്. തിരുവനന്തപുരം ജോയിൻ്റ് കൗൺസിൽ ഹാളിൽ നടക്കുന്ന യോഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി അവാർഡ് നൽകും.
കറ പുരളാത്ത പൊതുപ്രവർത്തകൻ എന്ന നിലയിൽ പി കെ വി യുടെ രാഷ്ട്രീയ പ്രവർത്തനത്തെ അനുഭവവേദ്യമാക്കുന്ന നിസ്വാർത്ഥ വ്യക്തിത്വത്തിന്റെ ഉടമയാണ് പന്ന്യൻ രവീന്ദ്രനെന്ന് ജൂറി വിലയിരുത്തി. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ അംഗവും എംജി സർവ്വകലാശാല വൈസ് ചാൻസലറുമായിരുന്ന ഡോക്ടർ സിറിയക് തോമസ് ചെയർമാനും മലയാള മനോരമ ന്യൂസ് എഡിറ്ററും എഴുത്തുകാരനുമായ ജോസ് പനച്ചിറപ്പുറം, മുൻ പിഎസ് സി അംഗം ജിനു സക്കറിയ ഉമ്മൻ എന്നിവർ അംഗങ്ങളായ ജൂറിയാണ് പൊതുജനങ്ങളിൽ നിന്നും ലഭിച്ച നാമനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പന്ന്യനെ തിരഞ്ഞെടുത്തത്.