അതിയന്നൂര്‍ സമഗ്ര കുടിവെള്ള പദ്ധതി 21 ന് നാടിനു സമര്‍പ്പിക്കും
നെയ്യാറ്റിന്‍കര: അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായ അതിയന്നൂര്‍ സമഗ്ര കുടിവെള്ള പദ്ധതി 21 ന് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിനു സമര്‍പ്പിക്കും. ചെറിയ കുടിവെള്ള വിതരണ പദ്ധതികളെ ശുദ്ധജലത്തിനായി ആശ്രയിച്ചിരുന്ന പഞ്ചായത്ത് നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമാണ് അതിയന്നൂര്‍ സമഗ്ര കുടിവെള്ള പദ്ധതി. ഇരുപത്തിയഞ്ചര കോടി രൂപയുടെ കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. നെയ്യാറിലെ പിരായുംമൂട് കടവില്‍ കുഴിച്ച കിണറില്‍ നിന്നുള്ള ജലം പ്ലാന്‍റില്‍ ശുദ്ധീകരിച്ചതിനു ശേഷം ഉപഭോക്താക്കള്‍ക്കായി വിതരണം ചെയ്യും. പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനവുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണ യോഗം കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പോങ്ങില്‍ ഹോമിയോ ആശുപത്രിക്കു സമീപം ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു. സ്വാഗതസംഘം ചെയര്‍മാനായി അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി സുനില്‍കുമാറിനെയും ജനറല്‍ കണ്‍വീനറായി പഞ്ചായത്ത് അംഗം ബി.റ്റി ബീനയെയും കണ്‍വീനറായി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (പ്രോജക്ട്) ബിനുവിനെയും തെരഞ്ഞെടുത്തു.