സിപിഐ മൂന്ന് സീറ്റിൽ വിജയിക്കും
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മൂന്ന് മണ്ഡലങ്ങളില്‍ വിജയം ഉറപ്പെന്ന് സിപിഐ എക്സി ക്യൂട്ടീവ് യോഗം വിലയിരുത്തി. കേ രളത്തിൽ എൽ ഡിഎഫ് 12 സീറ്റ് വരെ നേടുമെന്നും സിപിഐ എക്‌സിക്യൂട്ടീവ് വിലയിരുത്തി. മാവേലിക്കരയിലും തൃശ്ശൂരും വിജയം ഉറപ്പെന്നാണ് സിപിഐയുടെ കണക്കുകൂട്ടല്‍. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ നേരിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സിപിഐ വിലയിരുത്തുന്നു. മാവേലിക്കരയില്‍ സി എ അരുണ്‍കുമാറും തൃശ്ശൂരില്‍ വി എസ് സുനില്‍കുമാറുമാണ് സിപിഐക്കായി മത്സരത്തിനിറങ്ങിയത്. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുറയുമെന്നും സിപിഐ എക്‌സിക്യൂട്ടീവ് വിലയിരുത്തുന്നു. ഇവിടെ ആനി രാജ ആയിരുന്നു സിപിഐ സ്ഥാനാര്‍ത്ഥി.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതിലുള്ള അതൃപ്തി സിപിഐഎം നേതൃത്വത്തെ അറിയിക്കാനും യോഗത്തില്‍ ധാരണയായി. സിപിഐ, സിപിഐഎം സെക്രട്ടറിമാര്‍ തമ്മില്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് ധാരണയായിരിക്കുന്നത്. മറ്റു ചര്‍ച്ചകള്‍ വേണ്ടെന്ന് സിപിഐ എക്സിക്യൂട്ടീവില്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചു. പ്രശ്‌നങ്ങള്‍ പാര്‍ട്ടി സെക്രട്ടറിമാര്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതാണ് കീഴ്വഴക്കമെന്ന് പറഞ്ഞാണ് വിഷയം എക്സിക്യൂട്ടീവില്‍ അംഗങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്നെ നേതൃത്വം തടഞ്ഞത്. എല്‍ഡിഎഫിലും വിഷയത്തില്‍ ചര്‍ച്ച വേണ്ടെന്ന് സിപിഐ എക്‌സിക്യൂട്ടീവില്‍ ധാരണയായി.