സിവില്‍ സര്‍വീസില്‍ വളര്‍ന്നു വരുന്ന ദുഷിച്ച ചില പ്രവണതകള്‍ അവസാനിപ്പിക്കണം: ജോയിൻറ് കൗണ്‍സില്‍
തിരുവനന്തപുരം : സിവില്‍ സര്‍വീസില്‍ വളര്‍ന്നു വരുന്ന ദുഷിച്ച ചില പ്രവണതകള്‍ക്കെതിരെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ച ജോയിൻറ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലിന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും അത് വഴി സര്‍വീസ് സംഘടനകളുടെ വായ മൂടിക്കെട്ടാനുമുള്ള നീക്കത്തിനെതിരെ സംസ്ഥാനത്തെ ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ശക്തമായ താക്കീതായി മാറി. ജനറല്‍ ആശുപത്രിയിലെ ഒ.പി വിഭാഗത്തില്‍ രോഗികളെ പരിശോധിച്ചു കൊണ്ടിരുന്ന ഡോക്ടറെ തന്റെ ചികിത്സയ്ക്കായി ജില്ലാ കളക്ടര്‍ വിളിച്ചു വരുത്തുകയും ഒരു മണിക്കൂറിലധികം കാത്തിരുത്തിയതുമായ സംഭവം ഏറ്റവും ദൗര്‍ഭാഗ്യകരവും അധികാര ദുര്‍വിനിയോഗവുമാണെന്നും സിവില്‍ സര്‍വീസില്‍ ഇത്തരത്തിലുള്ള പ്രവണതകള്‍ ശക്തമായി പ്രതിരോധിക്കുന്നതിന് ജീവനക്കാരും ജനങ്ങളും ഒന്നിക്കണമെന്നും തിരുവനന്തപുരം ജില്ലാകളക്ടറേറ്റ് അങ്കണത്തില്‍ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ കെ.ഷാനവാസ്ഖാന്‍ അഭിപ്രായപ്പെട്ടു.
സംഘടനയുടെ അഭിപ്രായം കൃത്യമായി പറഞ്ഞതിന് ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് അങ്ങേയറ്റം അപലപനീയമാണെന്നും പ്രസ്തുത നടപടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊളോണിയല്‍ കാലത്തെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം തിരികെ കൊണ്ടു വരുന്നതിനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല. ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശമാണ് ഉറപ്പു നല്‍കുന്നത്. ജീവനക്കാര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അടിമകളായി ജോലി നിര്‍വ്വഹിച്ചിരുന്ന കാലഘട്ടം കഴിഞ്ഞു പോയി. ഇത്തരം ഫ്യൂഡല്‍ ചിന്താഗതികളെ മുളയിലെ നുള്ളേണ്ടതുണ്ട്. ഈ വിഷയത്തില്‍ സര്‍വ്വീസ് സംഘടനാ നേതാക്കള്‍ക്ക് പ്രതികരിക്കാനും ഇടപെടാനുമുള്ള അവകാശത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.ഷാനവാസ് ഖാന്‍ പറഞ്ഞു.
തിരുവനന്തപുരം നോര്‍ത്ത് ജില്ലാ സെക്രട്ടറി കെ.സുരകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ കെ.പി.ഗോപകുമാര്‍, കേരള സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.എസ് സുധികുമാര്‍, കേരള വാട്ടര്‍അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ.ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു.
ജോയിന്റ് കൗണ്‍സില്‍ തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി വിനോദ് വി. നമ്പൂതിരി സ്വാഗതവും പ്രസിഡന്റ് എസ്. അജയകുമാര്‍ നന്ദിയും രേഖപ്പെടുത്തി.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.എം.നജീം, പി.ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ശ്രീകുമാര്‍, ആര്‍.സിന്ധു, യു.സിന്ധു, വി.കെ.മധു, വി.ബാലകൃഷ്ണന്‍, ബീനഭദ്രന്‍, വി.ശശികല, തിരുവനന്തപുരം നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല എന്നിവര്‍ പങ്കെടുത്തു.
കൊല്ലത്ത് വൈസ്‌ചെയര്‍പേഴ്‌സണ്‍ എം.എസ് സുഗൈതകുമാരി, കാസര്‍ഗോഡ് വൈസ്‌ചെയര്‍മാന്‍ നരേഷ്‌കുമാര്‍ കുന്നിയൂര്‍, മലപ്പുറത്ത് വൈസ്‌ചെയര്‍മാന്‍ വി.സി.ജയപ്രകാശ്, ആലപ്പുഴയില്‍ സംസ്ഥാന സെക്രട്ടറി പി.എസ്.സന്തോഷ്‌കുമാര്‍, എറണാകുളത്ത് സംസ്ഥാന സെക്രട്ടറി എസ്.സജീവ്, പാലക്കാട് സംസ്ഥാന സെക്രട്ടറി കെ.മുകുന്ദന്‍, പത്തനംതിട്ടയില്‍ സെക്രട്ടേറിയറ്റംഗം എന്‍.കൃഷ്ണകുമാര്‍, കോട്ടയത്ത് സെക്രട്ടേറിയറ്റംഗം എസ്.പി സുമോദ്, ഇടുക്കിയില്‍ സെക്രട്ടേറിയറ്റംഗം ഡി.ബിനില്‍, തൃശ്ശൂരില്‍ സെക്രട്ടേറിയറ്റംഗം വി.വി. ഹാപ്പി, കോഴിക്കോട് സെക്രട്ടേറിയറ്റംഗം ബിന്ദുരാജന്‍, വയനാട് സെക്രട്ടേറിയറ്റംഗം നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, കണ്ണൂരില്‍ സംസ്ഥാനകമ്മിറ്റിയംഗം രവീന്ദ്രന്‍.കെ.വി എന്നിവര്‍ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.